മാൾട്ടാ വാർത്തകൾ

മാൾട്ടയുടെ ക്രെഡിറ്റ് റേറ്റിംഗ് സ്ഥിരതയുള്ളത്ത് : എസ് & പി

എസ് ആന്റ് പി ഗ്ലോബൽ റേറ്റിങ്‌സ് (S&P Global Ratings) മാൾട്ടയുടെ ദീർഘകാല-ഹ്രസ്വകാല പരമാധികാര ക്രെഡിറ്റ് റേറ്റിംഗുകൾ (sovereign credit ratings) ‘A-/A-2’ ആയി വീണ്ടും സ്ഥിരീകരിച്ചു; ഒപ്പം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ സുസ്ഥിരമാണെന്നും (stable outlook) വിലയിരുത്തി.

ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള സാമ്പത്തിക വളർച്ചയിലെ മന്ദഗതിയും പോലുള്ള അന്താരാഷ്ട്ര അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, മാൾട്ട ശക്തമായ സാമ്പത്തിക പ്രതിരോധശേഷി പ്രകടിപ്പിക്കുന്നത് തുടരുന്നതായി എസ് ആന്റ് പി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

സമീപ ആഴ്ചകളിൽ മാൾട്ടയ്ക്ക് അനുകൂലമായ നിരവധി സാമ്പത്തിക വിലയിരുത്തലുകൾ ലഭിച്ചിട്ടുണ്ട്. രാജ്യം അതിന്റെ ധനകാര്യ ലക്ഷ്യങ്ങൾ നിശ്ചിത സമയത്തിന് മുമ്പേ കൈവരിച്ചതായി യൂറോപ്യൻ കമ്മീഷൻ സ്ഥിരീകരിച്ചു. വരും വർഷങ്ങളിൽ മാൾട്ടയുടെ ധനക്കമ്മി (deficit) തുടർച്ചയായി കുറയുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.

ഉയർന്ന തൊഴിലില്ലായ്മയും ഭൗമരാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ ആഘാതവും ഉൾപ്പെടെ മറ്റ് യൂറോപ്യൻ രാജ്യങ്ങൾ നേരിടുന്ന കടുത്ത സാമ്പത്തിക സാഹചര്യങ്ങളും എസ് ആന്റ് പി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഫ്രാൻസ്, ബെൽജിയം, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളുടെ അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗുകളിൽ ഇടിവ് രേഖപ്പെടുത്തിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന വെല്ലുവിളികൾ ഉണ്ടെങ്കിലും, മാൾട്ടയുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്ന് റേറ്റിംഗ് ഏജൻസി വ്യക്തമാക്കി. മാൾട്ടയുടെ റേറ്റിംഗിൽ നെഗറ്റീവ് മാറ്റങ്ങൾ ഒന്നും വരുത്താതിരുന്നത് രാജ്യത്തിന് ധനകാര്യ സ്ഥിരത നിലനിർത്താനുള്ള ശേഷിയുണ്ടെന്ന ആത്മവിശ്വാസത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

മാൾട്ടയുടെ പൊതു ധനകാര്യ രംഗത്തുണ്ടായ പുരോഗതി, നിലവിലുള്ള ബാഹ്യ വെല്ലുവിളികളെ ചെറുക്കാനും അപ്രതീക്ഷിതമായ അന്താരാഷ്ട്ര സംഭവവികാസങ്ങളോട് പ്രതികരിക്കാനും രാജ്യത്തെ കൂടുതൽ ശക്തമായ നിലയിൽ എത്തിച്ചതായി അനലിസ്റ്റുകൾ വിലയിരുത്തി.

ഈ റിപ്പോർട്ട് രാജ്യത്തിന് ലഭിച്ച “മറ്റൊരു മികച്ച നേട്ടമാണെന്നും” പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിലുള്ള വിശ്വാസത്തിന്റെ തെളിവാണെന്നും പ്രധാനമന്ത്രി റോബർട്ട് അബേല വിശേഷിപ്പിച്ചു.

ആഗോള സാമ്പത്തിക മന്ദഗതിയുടെ ആഘാതത്തിൽ നിന്ന് കുടുംബങ്ങളെയും ബിസിനസുകളെയും സംരക്ഷിക്കുന്നതിന് സർക്കാർ തുടർന്നും മുൻഗണന നൽകുമെന്ന് എക്സിലെ (X) ഒരു പോസ്റ്റിൽ അബേല പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button