പുതിയ ബജറ്റ് നടപടി; വിദേശ നഴ്സുമാർ മാൾട്ട വിടാൻ ഒരുങ്ങുന്നത്ത് ആരോഗ്യരംഗത്ത് പ്രതിസന്ധി രൂക്ഷമാക്കും : എംയുഎംഎൻ

പുതിയ ബജറ്റ് നടപടികളെ തുടർന്ന് വിദേശ നഴ്സുമാർ മാൾട്ട വിടാൻ ആലോചിക്കുന്നത്ത് രാജ്യത്തെ ആരോഗ്യസംവിധാനത്തിലെ പ്രതിസന്ധിയുടെ സൂചനകളാണ് പ്രകടമാകുകയാണെന്ന് നഴ്സുമാരുടെ യൂണിയൻ മുന്നറിയിപ്പ് നൽകി.
യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്നുള്ള (TCN) നഴ്സുമാർ രാജ്യം വിടുന്നത് രോഗികളുടെ പരിചരണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ജീവനക്കാരുടെ കുറവ് വീണ്ടും രൂക്ഷമാകുന്നതോടെ മാൾട്ടീസ് നഴ്സുമാർക്ക് വാർഷിക അവധി ലഭിക്കുന്നതിൽ പോലും ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും മാൾട്ട യൂണിയൻ ഓഫ് മിഡ്വൈവ്സ് ആൻഡ് നഴ്സസ് (MUMN) വ്യക്തമാക്കി.
ബുധനാഴ്ച ആരോഗ്യ മന്ത്രി ഇയാൻ ബോർഗുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് യൂണിയന്റെ മുന്നറിയിപ്പ്. വിദേശ നഴ്സുമാരെ മാൾട്ടയിൽ നിലനിർത്തുന്നതിനും കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിനുമായി ചില നിർദേശങ്ങൾ യൂണിയൻ മന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.
കഴിഞ്ഞ മാസം പ്രഖ്യാപിച്ച ബജറ്റ് നടപടികൾ പ്രകാരം യൂറോപ്യൻ യൂണിയന് പുറത്തുള്ള തൊഴിലാളികൾ പ്രതിവർഷം 400 യൂറോ അടിസ്ഥാന സൗകര്യ ഫീസ് നൽകണം. സ്വകാര്യ കാർ ഉപയോഗിക്കുന്നതിന് വർഷം ഏകദേശം 1,000 യൂറോയും പൊതുഗതാഗതത്തിനും ശിശുപരിചരണ സേവനങ്ങൾക്കും പ്രത്യേക നിരക്കുകളും നൽകേണ്ടിവരും. അതേസമയം, മാൾട്ടീസ് പൗരന്മാർക്കും ദീർഘകാല താമസാനുമതിയുള്ളവർക്കും ഈ സേവനങ്ങൾ സൗജന്യമാണ്.
വിദേശ നഴ്സുമാരെ നിയമിച്ചതിലൂടെ ആരോഗ്യരംഗത്തെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി കഴിഞ്ഞ കാലങ്ങളിൽ കൈവരിച്ച പുരോഗതി പുതിയ നടപടികൾ ഇല്ലാതാക്കുമെന്ന് എംയുഎംഎൻ പ്രസിഡന്റ് പോൾ പേസ് പറഞ്ഞു.
“പ്രതിസന്ധിയുടെ സൂചനകൾ ഇതിനകം കണ്ടുതുടങ്ങി. യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള തൊഴിലാളികൾ മാൾട്ട വിടാൻ പദ്ധതിയിടുകയാണ്. ഇത് രോഗികൾക്ക് മാത്രമല്ല, ജീവനക്കാരുടെ കുറവ് വീണ്ടും നേരിടേണ്ടിവരുകയും വാർഷിക അവധി എടുക്കാൻ പോലും ബുദ്ധിമുട്ടുകയും ചെയ്യുന്ന മാൾട്ടീസ് നഴ്സുമാർക്കും വലിയ തിരിച്ചടിയായിരിക്കും,” അദ്ദേഹം പറഞ്ഞു.
വിദേശ നഴ്സുമാർക്ക് ഇളവുകൾ വേണമെന്ന് യൂണിയൻ
ആരോഗ്യ മന്ത്രി ഇയാൻ ബോർഗുമായുള്ള കൂടിക്കാഴ്ചയിൽ ചില ബജറ്റ് നടപടികളിൽ നിന്ന് നഴ്സുമാർക്ക് താൽക്കാലിക ഇളവുകൾ അനുവദിക്കണമെന്നും ആരോഗ്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ദീർഘകാല താമസാനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും എംയുഎംഎൻ ആവശ്യപ്പെട്ടു.
നിലവിൽ മാൾട്ടയിൽ അഞ്ച് വർഷം താമസിച്ചിട്ടുള്ള യൂറോപ്യൻ യൂണിയന് പുറത്തുള്ള പൗരന്മാർക്ക് ദീർഘകാല താമസാനുമതിക്കായി അപേക്ഷിക്കാം. യൂണിയന്റെ ആശങ്കകൾ ആരോഗ്യ മന്ത്രി അംഗീകരിച്ചെങ്കിലും നിർദേശങ്ങൾ പരിഗണിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് അറിയിച്ചതായി പോൾ പേസ് പറഞ്ഞു.
“ഈ വിഷയം ആരോഗ്യ മന്ത്രിയുടെ മാത്രം തീരുമാനത്തിൽ ഒതുങ്ങുന്നതല്ല. എന്നാൽ സർക്കാർ കൊണ്ടുവന്ന നടപടികൾ ആരോഗ്യ മേഖലയെ തന്നെ ദോഷകരമായി ബാധിക്കുകയാണ്. സർക്കാർ ഒരു തൊഴിലുടമ എന്ന നിലയിലാണ് ഞങ്ങൾ ഈ കൂടിക്കാഴ്ചയിൽ സംസാരിച്ചത്. വിദേശ തൊഴിലാളികൾ ഉപയോഗിക്കുന്ന സേവനങ്ങളുടെ ചെലവിൽ തൊഴിലുടമകൾക്കും പങ്കുവഹിക്കാമെന്ന് പ്രധാനമന്ത്രി റോബർട്ട് അബേല നേരത്തെ പറഞ്ഞിരുന്നു. ഇനി സർക്കാർ തന്നെ മാതൃക കാണിക്കേണ്ട സമയമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ തൊഴിലാളികൾക്ക് മാൾട്ട താൽക്കാലികമായി ജോലി ചെയ്ത് പരിചയം നേടുന്നതിനുള്ള ഒരു ഇടത്താവളമായി മാറുമെന്ന ആശങ്കയും യൂണിയൻ പ്രകടിപ്പിച്ചു. മാൾട്ടയിലെത്തി ഏതാനും മാസങ്ങൾ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുകയും തൊഴിൽപരമായ അനുഭവം നേടുകയും ചെയ്തശേഷം മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ നഴ്സുമാർ തീരുമാനിച്ചേക്കാമെന്ന് പേസ് പറഞ്ഞു.
“മാൾട്ട ഒരു ഇടത്താവളമായി മാറാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ദീർഘകാലം ഇവിടെ തുടരുന്നവരായാണ് അവരെ ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്. രോഗീപരിചരണത്തിൽ തുടർച്ച ഉറപ്പാക്കാൻ ഇത് ആവശ്യമാണ്. അതിനായി അവർക്ക് അനുയോജ്യമായ തൊഴിൽ-ജീവിത സാഹചര്യങ്ങൾ ഒരുക്കണം. ഇവിടെ സ്ഥിരതാമസമാക്കാനും കുടുംബം ആരംഭിക്കാനും കഴിയണം,” അദ്ദേഹം പറഞ്ഞു.
വിദേശ നഴ്സുമാർക്ക് പകരക്കാരെ എളുപ്പത്തിൽ കണ്ടെത്താനാകുമെന്ന വാദവും അദ്ദേഹം തള്ളി. അന്താരാഷ്ട്ര തലത്തിൽ തന്നെ ആരോഗ്യപ്രവർത്തകരുടെ ക്ഷാമം നിലനിൽക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ വർഷവും മാൾട്ടയിൽ നിന്ന് പഠിച്ചിറങ്ങുന്ന നഴ്സുമാരുടെ എണ്ണം ജോലി ഉപേക്ഷിക്കുന്നവർക്കും വിരമിക്കുന്നവർക്കും പകരക്കാരെ കണ്ടെത്താൻ പര്യാപ്തമല്ല. അതേസമയം, ആരോഗ്യ സേവനങ്ങൾ തുടർച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“നിലവിലുള്ള വിദേശ തൊഴിലാളികളെ നിലനിർത്തുക മാത്രമല്ല, കൂടുതൽ പേരെ നിയമിക്കുകയും വേണം. രോഗീപരിചരണത്തിൽ തുടർച്ച ഉറപ്പാക്കണമെങ്കിൽ ഏതാനും വർഷങ്ങൾക്കുശേഷം അവർ രാജ്യം വിടുന്ന സാഹചര്യം ഒഴിവാക്കണം. മാൾട്ടയെ സ്വന്തം വീടായി കാണാനും ഇവിടെ കുടുംബജീവിതം കെട്ടിപ്പടുക്കാനും അവർക്ക് കഴിയണം,” പേസ് വ്യക്തമാക്കി.
എംയുഎംഎനിന്റെ കണക്കുകൾ പ്രകാരം യൂണിയൻ പ്രതിനിധീകരിക്കുന്ന 4,500 നഴ്സുമാരിൽ ഏകദേശം 1,500 പേരും യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ളവരാണ്.
‘വ്യക്തമായ പദ്ധതികളില്ലാത്ത ഉദ്യോഗസ്ഥഭരണമാണ് ആരോഗ്യരംഗത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്’ : പിഎൻ
അതേസമയം, ആരോഗ്യരംഗത്ത് വ്യക്തമായ പദ്ധതികളില്ലാത്ത സർക്കാർ ഒന്നിന് പിന്നാലെ മറ്റൊരു പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നാഷണലിസ്റ്റ് പാർട്ടി (PN) പ്രസ്താവനയിൽ ആരോപിച്ചു.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നതിനായി ഡോക്ടർമാർ ചട്ടപ്പടി സമരത്തിലേക്ക് നീങ്ങേണ്ടിവരുമ്പോൾ വിദേശ നഴ്സുമാർ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് എംയുഎംഎൻ മുന്നറിയിപ്പ് നൽകുകയാണെന്ന് പാർട്ടി ചൂണ്ടിക്കാട്ടി.
പുതിയ ബജറ്റ് നടപടികൾ പരിഭ്രാന്തിയിലായ ഒരു സർക്കാർ സ്വീകരിച്ച തീരുമാനങ്ങളാണെന്ന് തുടക്കം മുതൽ തന്നെ തങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നതായി പിഎൻ പറഞ്ഞു. സർക്കാർ ഗുരുതരമായ പിഴവ് വരുത്തിയെന്ന് ഇപ്പോൾ കൂടുതൽ തൊഴിലാളി യൂണിയനുകൾ തുറന്നുപറയുകയാണെന്നും പാർട്ടി കൂട്ടിച്ചേർത്തു.
“നമ്മുടെ നികുതിപ്പണമാണ് ആരോഗ്യസേവനങ്ങൾക്കായി ചെലവഴിക്കുന്നത്. ആവശ്യമായ എല്ലാവർക്കും മികച്ച ചികിത്സ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ കാര്യക്ഷമമായും വ്യക്തമായ പദ്ധതികളോടെയും ആരോഗ്യസംവിധാനം നടത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ ഒരു ആരോഗ്യരംഗത്തെ പ്രതിസന്ധിയിൽ നിന്ന് മറ്റൊന്നിലേക്ക് എടുത്തുചാടുന്ന അവസ്ഥയിലാണ് ഇപ്പോഴത്തെ സർക്കാർ,” പിഎൻ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.



