അന്തർദേശീയം

ദക്ഷിണ കൊറിയയിലെ ‘സുന്യൂങ്’ പരീക്ഷയിലെ കോപ്പിയടി പിടികൂടാനായി ദുരന്തമുന്നറിയിപ്പ് നൽകി അധികൃതർ

സോൾ : പരീക്ഷയിൽ കോപ്പിയടിക്കാൻ ഓരോ കാലത്തും പുതിയ തന്ത്രങ്ങൾ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ കോപ്പിയടി തടയാനും കാലാനുസൃതമായ തന്ത്രങ്ങൾ പരീക്ഷിക്കാൻ അധികൃതരും നിർബന്ധിതരാകും. എ.ഐ.യുടെ കാലത്ത് കോപ്പിയടി തടയാൻ പുതിയൊരു തന്ത്രമാണ് ദക്ഷിണ കൊറിയയിലെ ഭരണകൂടം നടപ്പാക്കിയത്. പരീക്ഷാഹാളുകളിൽ ഒളിപ്പിച്ചുവച്ച മൊബൈൽ ഫോണുകൾ കണ്ടെത്താൻ രാജ്യത്തുടനീളം ഒരേസമയം അടിയന്തര ദുരന്ത മുന്നറിയിപ്പ് മുഴക്കിയായിരുന്നു അത്.

മിസൈൽ ആക്രമണമോ പ്രകൃതിദുരന്തമോ ഉണ്ടായാൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ഉപയോഗിക്കുന്ന ദേശീയ അടിയന്തര അലർട്ട് സംവിധാനമാണ് ഇതിനായി അധികൃതർ പ്രയോജനപ്പെടുത്തിയത്. ഫോണുകൾ സൈലന്റ് മോഡിലാണെങ്കിലും പരമാവധി ശബ്ദത്തിൽ റിങ് ചെയ്യുന്നതാണ് ഈ മുന്നറിയിപ്പ് സംവിധാനം. അതിനാൽ, മുന്നറിയിപ്പ് നൽകിയതോടെ പരീക്ഷാഹാളുകളിൽ ഒളിപ്പിച്ചുവച്ച ഫോണുകൾ സ്വയം റിങ് ചെയ്യുകയും അധികൃതർ അവ കണ്ടെത്തുകയും ചെയ്തു.

നവംബർ 19-ന് രാവിലെ 8.30-ന് ആദ്യ മുന്നറിയിപ്പ് നൽകിയപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 31 വിദ്യാർഥികളുടെ കൈവശം ഒളിപ്പിച്ചുവച്ച ഫോണുകൾ കണ്ടെത്തി. തുടർന്ന് ഉച്ചയ്ക്ക് രണ്ടു ഘട്ടങ്ങളിലായി നടത്തിയ നടത്തിയ ദുരന്ത മുന്നറിയിപ്പിലും ഫോണുകൾ പിടിച്ചെടുത്തു. ഇത്തരത്തിൽ ആകെ 49 പേരാണ് ഫോൺ ഒളിപ്പിച്ചുവെച്ചതിന് പിടിയിലായത്.

അടിയന്തര മുന്നറിയിപ്പുകൾക്ക് പുറമെ വൈഫൈ, ബ്ലൂടൂത്ത് സിഗ്‌നലുകൾ നിരീക്ഷിച്ചും ചിലരെ പിടികൂടി.

പരിശോധനകളിൽ 44 പേർ കൂടി സ്മാർട്ട് ഉപകരണങ്ങളോ മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളോ കൈവശംവെച്ചതായി കണ്ടെത്തി. ഇതിൽ രണ്ടുപേരെ വൈഫൈ സിഗ്‌നൽ നിരീക്ഷണത്തിലൂടെയാണ് തിരിച്ചറിഞ്ഞത്. ഇത്തരത്തിൽ ആകെ 98 വിദ്യാർഥികൾ പരീക്ഷാ ചട്ടങ്ങൾ ലംഘിച്ചതായാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്. ദക്ഷിണ ചുങ്ചിയോങ് പ്രവിശ്യയിൽ ഒരാൾ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, പരീക്ഷാ കേന്ദ്രങ്ങൾക്ക് പുറത്തുള്ളവരിലും മുന്നറിയിപ്പ് വലിയ ആശയക്കുഴപ്പമുണ്ടാക്കി. ഏകദേശം 10.5 സെക്കൻഡ് നീണ്ടുനിന്ന ആദ്യ അലാം രാജ്യത്തുടനീളമുള്ള മൊബൈൽ ഫോണുകളിൽ ഒരേസമയം മുഴങ്ങി. കൊറിയൻ ഉപദ്വീപിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ചിലർ ഇത് സൈനിക ആക്രമണ മുന്നറിയിപ്പാണെന്ന് തെറ്റിദ്ധരിച്ചതായും റിപ്പോർട്ടുകളുണ്ട്. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു.

ലോകത്തെ ഏറ്റവും കടുപ്പമേറിയ പരീക്ഷകളിലൊന്നായി കണക്കാക്കപ്പെടുന്ന കൊറിയയിലെ ‘സുന്യൂങ്’ പരീക്ഷയിലാണ് ഈ വിധത്തിൽ കോപ്പിയടി ശ്രമം തടഞ്ഞത്. പിടിയിലായ വിദ്യാർഥികളെ അധികൃതർക്ക് കൈമാറി. ഇവരെ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും. ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ചതായി സ്ഥിരീകരിച്ചാൽ ഔദ്യോഗിക കൃത്യനിർവഹണം വഞ്ചനാപരമായ മാർഗങ്ങളിലൂടെ തടസ്സപ്പെടുത്തിയെന്ന കുറ്റംചുമത്തി ക്രിമിനൽ നടപടി ഉൾപ്പെടെ സ്വീകരിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം.

ദേശീയ തലത്തിലുള്ള ടാക്‌സ് അക്കൗണ്ടന്റ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ഉദ്യോഗാർഥി മിനിയേച്ചർ ക്യാമറ ഉപയോഗിച്ച് കോപ്പിയടിച്ചതായി സമ്മതിച്ചതോടെയാണ് പുതിയ നടപടികൾക്ക് സാഹചര്യമൊരുങ്ങിയത്. എല്ലാ വർഷവും നവംബറിലാണ് ദക്ഷിണ കൊറിയയിൽ സുന്യൂങ് എന്നറിയപ്പെടുന്ന കോളജ് സ്‌കോളാസ്റ്റിക് എബിലിറ്റി ടെസ്റ്റ് (സിഎസ്എടി) നടക്കുന്നത്. വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന എട്ടര മണിക്കൂറോളം നീളുന്ന പരീക്ഷയാണിത്. കൊറിയൻ ഭാഷ, ഗണിതം, ഇംഗ്ലീഷ്, കൊറിയൻ ചരിത്രം എന്നിവയ്ക്കു പുറമേ സോഷ്യൽ സ്റ്റഡീസിലോ സയൻസിലോ അവഗാഹവും പരീക്ഷയുടെ ഭാഗമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button