അന്തർദേശീയം

ഫ്രാൻസിലെ ബഹുനില പാർപ്പിടസമുച്ചയത്തിൽ തീപിടിത്തം; ഒരാൾ മരിച്ചു, 30 പേർക്ക് പരിക്ക്

പാരിസ് : ഫ്രാൻസിൽ ബഹുനില പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 15 അഗ്നിരക്ഷാസേനാംഗങ്ങൾ ഉൾപ്പെടെ 30 പേർക്ക് പരിക്കേറ്റു. പാരിസിന് സമീപമുള്ള വാൽ-ദെ-മാർനെ മേഖലയിലെ ഫോണ്ടനെ-സൂ-ബ്വായിൽ വ്യാഴാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. മരിച്ചത് അമ്പതുവയസ്സിനടുത്ത് പ്രായമുള്ള സ്ത്രീയാണെന്നാണ് റിപ്പോർട്ട്.

18 നിലകളുള്ള കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ വൈകിട്ട് അഞ്ചോടെയാണ് തീപിടിത്തമുണ്ടായത്. രണ്ട് ഫ്ലാറ്റുകളിലേക്ക് പടർന്ന തീ പിന്നീട് മുകളിലത്തെ നിലയിലേക്കും വ്യാപിച്ചു. പതിനൊന്നാം നിലയിലെ രണ്ട് ഫ്ലാറ്റുകൾ പൂർണമായും കത്തിനശിച്ചു.

തീ നിയന്ത്രണവിധേയമാക്കാൻ 130ലധികം അഗ്നിരക്ഷാസേനാംഗങ്ങളെയും 32 അടിയന്തരസേവന വാഹനങ്ങളെയും വിന്യസിച്ചു. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ മൂന്ന് അഗ്നിരക്ഷാസേനാംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേരുടെ പരിക്ക് ​ഗുരുതരമാണ്. നിരവധി പേർക്ക് പുക ശ്വസിച്ചതിനെ തുടർന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായി.

തീപിടിത്തമുണ്ടായ പതിനൊന്നാം നിലയ്ക്ക് താഴെയുള്ള പത്ത് നിലകളിൽനിന്ന് താമസക്കാരെ ഒഴിപ്പിച്ചു. മുകളിലത്തെ നിലകളിലുള്ളവരോട് രക്ഷാപ്രവർത്തനം പൂർത്തിയാകുന്നതുവരെ വീടുകൾക്കുള്ളിൽത്തന്നെ കഴിയാൻ നിർദേശിച്ചു. അപകടത്തിൽപ്പെട്ടവർക്കും കുടുംബാംഗങ്ങൾക്കും സമീപത്തെ ലാങ്‌വിൻ സ്കൂളിൽ താൽക്കാലിക സൗകര്യങ്ങൾ ഒരുക്കി.

തീ നിയന്ത്രണവിധേയമായതായും വാതകച്ചോർച്ചയുമായി ബന്ധപ്പെട്ട അപകടസാധ്യത ഒഴിവാക്കിയതായും നഗരസഭ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button