മാൾട്ടാ വാർത്തകൾ

രണ്ടുവർഷത്തെ പുനരുദ്ധാരണം; അപൂർവ പരമ്പരാഗത ‘ഫിറില്ലി’ മത്സ്യബന്ധന വള്ളത്തിന് പുതുജീവൻ

മാൾട്ടയിലെ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളിൽ ഇന്ന് അവശേഷിക്കുന്ന അപൂർവ്വം ‘ഫിരില്ലി’ (firilli) വള്ളങ്ങളിലൊന്ന് രണ്ട് വർഷത്തെ തീവ്രശ്രമത്തിനൊടുവിൽ വിജയകരമായി പുനരുദ്ധരിച്ചു. ‘മാഴ്സാഷ്ലോക്ക് ഹെറിറ്റേജ്’, ‘ഹെറിറ്റേജ് മാൾട്ട’, ‘മാൾട്ട ടൂറിസം അതോറിറ്റി’ (MTA) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ ചരിത്ര നൗകയ്ക്ക് പുതുജീവൻ നൽകിയത്.

‘ലയൺ’ (Lion) എന്ന് പേരിട്ടിരിക്കുന്ന ഈ വള്ളത്തിന് നൂറിലധികം വർഷം പഴക്കമുണ്ട്. മാൾട്ടയുടെ തനത് മത്സ്യബന്ധന സംസ്കാരത്തിന്റെ അവശേഷിക്കുന്ന പ്രൗഢമായ പ്രതീകങ്ങളിലൊന്നാണിത്.

2021-ൽ മാഴ്സാഷ്ലോക്ക് ഹെറിറ്റേജ് തുടക്കം കുറിച്ച ഈ സംരംഭം പിന്നീട് ഹെറിറ്റേജ് മാൾട്ടയും ടൂറിസം അതോറിറ്റിയും ഏറ്റെടുത്തതോടെയാണ് ദേശീയതലത്തിലുള്ള ഒരു വലിയ പദ്ധതിയായി മാറിയത്. കൽക്കര ബോട്ട്‌യാർഡിൽ വച്ചായിരുന്നു പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നത്. വള്ളത്തിന്റെ പഴമ നിലനിർത്താൻ പരമ്പരാഗത സാമഗ്രികളും നിർമ്മാണ രീതികളുമാണ് ഉപയോഗിച്ചത്. മാൾട്ടീസ് വള്ളങ്ങളുടെ തനത് സവിശേഷതയായ ‘തർക്കിജ റിഗ്’ (tarkija rig) അഥവാ പരമ്പരാഗത പായ്മര സംവിധാനവും ഇതിൽ പുനർനിർമ്മിച്ചിട്ടുണ്ട്. നിലവിൽ മാൾട്ടീസ് തീരങ്ങളിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായ ഒന്നാണിത്.

ശീതകാലത്ത് ഈ വള്ളം മാഴ്സാഷ്ലോക്ക് തീരത്ത് പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. കൂടാതെ വിദ്യാഭ്യാസം, വിനോദസഞ്ചാരം, ഗവേഷണം എന്നിവയ്ക്കായും ‘ലയൺ’ ഉപയോഗിക്കുമെന്ന് കല-സാംസ്കാരിക മന്ത്രി മാൽക്കം പോൾ അജിയസ് ഗാലിയ പറഞ്ഞു. വരും തലമുറകൾക്കായി മാൾട്ടയുടെ സമുദ്ര പൈതൃകം സംരക്ഷിക്കാൻ ഈ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പരാഗത വള്ളം നിർമ്മാണ കലയെ പ്രോത്സാഹിപ്പിക്കുന്നതിനും പൈതൃകത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി പൊതുജനങ്ങൾക്കായി പ്രത്യേക ശില്പശാലകളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം നിലനിർത്താൻ ടൂറിസം മേഖലയ്ക്ക് എങ്ങനെ സംഭാവന നൽകാമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ പുനരുദ്ധാരണമെന്ന് ടൂറിസം മന്ത്രി ജോ എറ്റിയെൻ അബേല പറഞ്ഞു. “നമ്മുടെ സ്വത്വവും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിൽ വിനോദസഞ്ചാരത്തിന് എത്രത്തോളം നല്ല രീതിയിൽ പങ്കുവഹിക്കാനാകുമെന്ന് ഈ ഫിരില്ലി വള്ളത്തിന്റെ പുനരുദ്ധാരണം കാണിച്ചുതരുന്നു,” അദ്ദേഹം വ്യക്തമാക്കി.

മാൾട്ടയുടെ ചരിത്രത്തിൽ കടലിനുള്ള പ്രാധാന്യം വളരെ വലുതാണെന്ന് ഹെറിറ്റേജ് മാൾട്ട സിഇഒ നോയൽ സമീത് പറഞ്ഞു. “കടലിനെ ഒരു തടസ്സമായല്ല, മറിച്ച് ലോകവുമായുള്ള ഒരു പാലമായാണ് നമ്മുടെ പൂർവ്വികർ കണ്ടത്. ആ ബോധ്യമാണ് നമ്മളെ ഇന്നത്തെ നിലയിൽ എത്തിച്ചത്,” അദ്ദേഹം കൂട്ടിച്ചേർത്തു. ബിർഗുവിലെ ‘മാൾട്ട മാരിടൈം മ്യൂസിയം’ നവീകരിക്കുന്നതുൾപ്പെടെ, സമുദ്ര പൈതൃക സംരക്ഷണത്തിനായി നിരവധി പദ്ധതികളിൽ ഹെറിറ്റേജ് മാൾട്ട നിക്ഷേപം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button