അന്തർദേശീയം

മുൻകൂർ അനുമതിയില്ലാതെ സർവീസ് നടത്തുന്ന ഹോർമൂസ് കടലിടുക്കിനു പുറത്തുള്ള കപ്പലുകൾ ആക്രമിക്കും : ഇറാൻ

ടെഹ്റാൻ : പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധ സമാനമായ അന്തരീക്ഷം നിലനിൽക്കെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനു നേരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിനു പുറത്തുള്ള സമുദ്രമേഖലകളിലും മുൻകൂർ അനുമതിയില്ലാതെ സർവീസ് നടത്തുന്ന കപ്പലുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നാണ് ഇറാന്‍റെ ഭീഷണി. തങ്ങളുടെ പരമാധികാരം ചോദ്യം ചെയ്യുന്ന ഏതൊരു നീക്കത്തിനും ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാന്‍റെ സൈനിക നേതൃത്വം വ്യക്തമാക്കി.

ഇറാന്‍റെ ഔദ്യോഗിക അനുമതിയില്ലാതെ മേഖലയിലൂടെ കടന്നു പോകാൻ ശ്രമിക്കുന്ന ഏതു വാണിജ്യ-ചരക്ക് കപ്പലുകളും ആക്രമിക്കപ്പെടുമെന്നാണ് മുന്നറിയിപ്പ്. കടലിടുക്കിലെ നിശ്ചിത അതിർത്തികൾക്കു പുറമേ ഒമാൻ ഉൾക്കടൽ, പേർഷ്യൻ ഉൾക്കടലിന്‍റെ അനുബന്ധ മേഖലകൾ എന്നിവിടങ്ങളിലേയ്ക്കും തങ്ങളുടെ നിരീക്ഷണവും ആക്രമണ പരിധിയും വ്യാപിപ്പിച്ചതായി ഇറാന്‍റെ വിപ്ലവ ഗാർഡ് അറിയിച്ചു. അനുമതിയില്ലാത്ത സർവീസുകൾ തടയുമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കപ്പലുകൾക്കെതിരേ തൽക്ഷണം സൈനിക നടപടി ഉണ്ടാകുമെന്നുമാണ് ഇറാന്‍റെ നിലപാട്.

ഈ പുതിയ പ്രഖ്യാപനം ആഗോള എണ്ണ വിപണിയെയും അന്താരാഷ്ട്ര വാണിജ്യ വ്യാപാരത്തെയും കടുത്ത പ്രതിസന്ധിയിലേയ്ക്കാണ് തള്ളിയിട്ടിരിക്കുന്നത്. ലോകത്തെ പ്രധാന ഇന്ധന ഗതാഗത പാതയായ ഹോർമൂസിനു പുറമേ സമീപ സമുദ്ര മേഖലകളും അപകട ഭീഷണിയിലായതോടെ കപ്പൽ കമ്പനികൾ പലതും സർവീസുകൾ നിർത്തി വയ്ക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്യുകയാണ്. മേഖലയിൽ വർധിച്ചു വരുന്ന സംഘർഷാവസ്ഥയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച അന്താരാഷ്ട്ര സമൂഹം ഗതാഗത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റങ്ങൾക്കെതിരെ ശക്തമായ പ്രതികരണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button