ഹോര്‍മുസില്‍ യുഎസ് എംക്യു-1 അത്യാധുനിക ഡ്രോണ്‍ വെടിവെച്ചിട്ടു : ഇറാന്

തെഹ്റാന് : ഹോര്‍മുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കന്‍ MQ-1 വിഭാഗത്തില്‍ പെട്ട അത്യാധുനിക ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇറാന് റെവല്യൂഷണറി ഗാര്‍ഡ്. ഇറാനിലെ ഔദ്യോഗിക മാധ്യമസ്ഥാപനമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് ബ്രോഡ്കാസ്റ്റിങ്(ഐആര്‍ഐബി) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിയന്‍ വ്യോമസേന പുതുതായി സജ്ജീകരിച്ച പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് ഡ്രോണ്‍ വെടിവെച്ചുവീഴ്ത്തിയത്.
ഇറാന്റെ സംയോജിത വ്യോമ പ്രതിരോധ ശൃംഖലയുടെ നിയന്ത്രണത്തിലാണ് ഈ ഓപ്പറേഷനെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ഐആര്‍ബിഐ റിപ്പോര്‍ട്ട് ചെയ്തു. ഡ്രോണ്‍ ആരാണ് നിയന്ത്രിച്ചിരുന്നതെന്നോ, ഓപ്പറേഷന്റെ കൂടുതല്‍ ഡീറ്റെയില്സുകളോ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. യുഎസ്-ഇസ്രായേല്‍ സംഘര്‍ഷം തുടരവേ നിരവധി ഡ്രോണുകളെ ഇറാന് നേരത്തെയും വെടിവെച്ചുവീഴ്ത്തിയിട്ടുണ്ട്.
ഇറാനുമായുള്ള യുദ്ധത്തില്‍ 30 യുഎസ് സൈനികര്‍ക്ക് കൂടി പരിക്കേറ്റതായി കഴിഞ്ഞ ദിവസം അമേരിക്ക സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഫെബ്രുവരി 28ന് ആരംഭിച്ച സംഘര്‍ഷത്തില്‍ പരിക്കേറ്റ യുഎസ് സൈനികരുടെ എണ്ണം 820 ആയി. 18 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പെന്റഗണ്‍ കാഷ്വാലിറ്റി ഡാറ്റാബേസിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.
നിലവില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഖത്തര്‍, പാകിസ്താന് തുടങ്ങിയ രാജ്യങ്ങള്‍ മധ്യസ്ഥനീക്കങ്ങള്‍ നടത്തുകയാണ്. എന്നാല്‍, ഇറാനും അമേരിക്കയും തങ്ങളുടെ നിലപാടുകളില്‍ അതേപടി ഉറച്ചുനില്‍ക്കുന്നത് സമാധാനശ്രമങ്ങള്‍ക്ക് വെല്ലുവിളിയാണ്. സംഘര്‍ഷം തുടര്‍ന്നാല്‍ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതല്‍ വഷളാകുന്നതിനോടൊപ്പം ആഗോള ഊര്‍ജവിപണിയിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. സംഘര്‍ഷം രൂക്ഷമായതോടെ എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നിരുന്നു.


