മാൾട്ടാ വാർത്തകൾ

ഫ്രീഡം സ്ട്രീറ്റ് മാൾട്ട സംഗീതമേളയിൽ സംഘർഷവും സുരക്ഷാ വീഴ്ചയും; പെയ്സ്‌വില്ല കെഎഫ്‌സിയിൽ കവർച്ച, ആഫ്റ്റർ പാർട്ടികൾ റദ്ദാക്കി

പ്രശസ്തമായ ‘ഫ്രീഡം സ്ട്രീറ്റ് മാൾട്ട 2026′ സംഗീതമേളയിൽ സംഘർഷവും സുരക്ഷാ വീഴ്ചയും. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ടാ ക്വാലി (Ta’ Qali) കേന്ദ്രീകരിച്ച് നടക്കേണ്ടിയിരുന്ന പരിപാടികളിലാണ് വലിയ തോതിൽ സുരക്ഷാ വീഴ്ചകളുണ്ടായത്. ടിക്കറ്റില്ലാതെ ജനക്കൂട്ടം വേദികളിലേക്ക് ഇരച്ചുകയറുകയും സ്ഥാപനങ്ങളിൽ കവർച്ച നടത്തുകയും ചെയ്തതോടെ, സുരക്ഷ മുൻനിർത്തി തുടർന്ന് നടക്കാനിരുന്ന എല്ലാ ആഫ്റ്റർ പാർട്ടികളും സംഘാടകർ റദ്ദാക്കി.

വെള്ളിയാഴ്ച രാത്രി ‘യൂനോ’ (UNO) ക്ലബ്ബിൽ നടന്ന ആഫ്റ്റർ പാർട്ടിയിലാണ് ആദ്യമായി പ്രശ്നങ്ങൾ ആരംഭിച്ചത്. സുരക്ഷാ ജീവനക്കാരെ മറികടന്നും ബാരിക്കേഡുകൾ ചാടിക്കടന്നും ടിക്കറ്റില്ലാത്ത നൂറുകണക്കിന് ആളുകൾ അകത്തുകയറാൻ ശ്രമിച്ചു. തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ സുരക്ഷാ ജീവനക്കാർ പരിശോധനകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായി. തുടർന്ന് വെള്ളിയാഴ്ചത്തെ പരിപാടി റദ്ദാക്കുകയും ശനിയാഴ്ചത്തേക്ക് മാറ്റിവെക്കുകയും ചെയ്തെങ്കിലും ശനി, ഞായർ ദിവസങ്ങളിലും സമാനമായ രീതിയിൽ ജനക്കൂട്ടം ബലമായി അകത്തുകയറാൻ ശ്രമിച്ചതോടെ പോലീസ് ഇടപെടുകയായിരുന്നു.

ഇതിനുപുറമെ, പേസ്‌വില്ലിലെ (Paceville) പ്രശസ്തമായ കെഎഫ്‌സി (KFC) ഔട്ട്‌ലെറ്റിൽ കയറി ഒരു കൂട്ടം ആളുകൾ സാധനങ്ങൾ കവർച്ച ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജീവനക്കാരുടെ മേഖലയിലേക്ക് അതിക്രമിച്ചു കയറിയ സംഘം പണം നൽകാതെ ഭക്ഷണ സാധനങ്ങൾ എടുത്തു കൊണ്ടുപോകുകയായിരുന്നു.

സംഗീതമേള നടന്ന ടാ ക്വാലി പ്രദേശവും പരിസര പാതകളും മാലിന്യക്കൂമ്പാരമായി മാറിയതിനെതിരെ പ്രദേശവാസികളിൽ നിന്നും വലിയ പ്രതിഷേധമുയരുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും പ്ലാസ്റ്റിക് കപ്പുകളും കുപ്പികളും മറ്റ് അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് പ്രാദേശികവാസിയായ ജാക്ക് അറ്റാർഡ് കസ്സാർ കടുത്ത അമർഷം രേഖപ്പെടുത്തി. സാമ്പത്തിക ലാഭത്തിന് മാത്രം മുൻഗണന നൽകുന്നത് മാൾട്ടയുടെയും അടുത്ത തലമുറയുടെയും ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button