കാലാവസ്ഥാവ്യതിയാനം : പച്ചക്കറി ഉൽപ്പാദനത്തിൽ 38 ശതമാനം ഇടിവെന്ന് പഠനറിപ്പോർട്ട്

പച്ചക്കറി ഉൽപ്പാദനത്തിൽ 38 ശതമാനത്തിന്റെ കൂപ്പുകുത്തലുണ്ടായതായി പുതിയ പഠനറിപ്പോർട്ട്. അന്തരീക്ഷ താപനിലയിലുണ്ടായ വർധനവും മഴയുടെ കുറവുമാണ് കാർഷിക മേഖലയ്ക്ക് തിരിച്ചടിയായതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ജോർജ്ജ് അറ്റാർഡ്, ചാൾസ് ഗാൽഡീസ്, ആന്റണി മെലി എന്നിവർ ചേർന്ന് നടത്തിയ 2001-നും 2021-നും ഇടയിലുള്ള കാലയളവിലെ കാലാവസ്ഥാ പ്രവണതകൾ പരിശോധിച്ച പഠനത്തിലാണ് ഈ കണ്ടെത്തലുകൾ.
വർഷങ്ങളായി മാൾട്ടയിൽ ശരത്കാലത്തും തണുപ്പുകാലത്തും അനുഭവപ്പെടുന്ന താപനില ക്രമാതീതമായി ഉയരുകയാണ്. ഈ സീസണുകളിൽ ഒക്ടോബർ മാസത്തിലാണ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. ഇതിനുപുറമേ ഡിസംബർ മാസത്തിലും പ്രധാന കാർഷിക സീസണുകളിലും മഴ ഗണ്യമായി കുറഞ്ഞു. 2020, 2021 വർഷങ്ങളിൽ പല മാസങ്ങളിലും കടുത്ത വരൾച്ചയാണ് അനുഭവപ്പെട്ടത്. ഈ കാലാവസ്ഥാ വ്യതിയാനം മൂലം മാത്രം 31,600 ടൺ പച്ചക്കറിയുടെ കുറവാണ് രാജ്യത്തുണ്ടായത്. 2019 മുതലാണ് ഉൽപ്പാദനത്തിൽ വലിയ ഇടിവ് കണ്ടുതുടങ്ങിയത്.
കാലാവസ്ഥ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിച്ചത് ഉരുളക്കിഴങ്ങ്, ധാന്യങ്ങൾ, മുന്തിരി എന്നിവയുടെ കൃഷിയെയാണ്. തണുപ്പുകാലത്തെ ഉയർന്ന താപനില ഉരുളക്കിഴങ്ങ് വിളവിനെയും മഴയുടെ കുറവ് ധാന്യവിളകളെയും പ്രതികൂലമായി ബാധിച്ചു. എന്നാൽ ജലസേചന സൗകര്യങ്ങൾ ലഭ്യമായതിനാൽ തക്കാളി ഉൽപ്പാദനത്തെ ഈ പ്രതിസന്ധി കാര്യമായി ബാധിച്ചില്ല. പഴവർഗങ്ങളുടെ, പ്രത്യേകിച്ച് മുന്തിരിയുടെ ഉൽപ്പാദനത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കൃഷിക്ക് ഉപയോഗിക്കുന്ന ഭൂമിയുടെ വിസ്തൃതിയിൽ 2001 മുതൽ 2016 വരെ 19 ശതമാനം (ഏകദേശം 2,300 ഹെക്ടർ) വർധനവുണ്ടായെങ്കിലും, 2020 ഓടെ ഇതിൽ 10 ശതമാനത്തിന്റെ കുറവുണ്ടായി. നിലവിലെ സാഹചര്യം തുടർന്നാൽ കർഷകർക്ക് ജലസേചന ശേഷി വർധിപ്പിക്കേണ്ടി വരുമെന്നും, ഉയർന്ന താപനില മൂലം കീടബാധ നേരത്തെ തന്നെ വിളകളെ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.
കടുത്ത വേനൽച്ചൂട് കാരണം മാൾട്ടയിലെ കാർഷിക മേഖല വലിയ ഭീഷണി നേരിടുകയാണെന്ന് പ്രാദേശിക കർഷകർ വ്യക്തമാക്കുന്നു. തങ്ങളുടെ വിളകൾക്ക് ഇത്തരം ഉയർന്ന ചൂടിനെ പ്രതിരോധിക്കാൻ ശേഷിയില്ലാത്തതിനാൽ ഉൽപ്പാദനത്തെയും ഗുണനിലവാരത്തെയും അത് ബാധിക്കുന്നുണ്ട്. കൃഷിക്ക് ആവശ്യത്തിന് വെള്ളമെത്തിക്കാൻ കർഷകരുടെ ചെലവ് വർധിക്കുമ്പോൾ, വിദേശത്ത് നിന്ന് കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളോട് മത്സരിക്കേണ്ടി വരുന്നത് മറ്റൊരു വെല്ലുവിളിയാണ്.
ചൂട് വർധിച്ചത് ക്ഷീരോൽപ്പാദന മേഖലയെയും ബാധിച്ചിട്ടുണ്ട്. താപനില ഉയരുമ്പോൾ പശുക്കളിലെ പാൽ ഉൽപ്പാദനം കുറയുന്ന സാഹചര്യത്തിൽ, പശുക്കൾക്കായി കൂളിംഗ് സിസ്റ്റങ്ങൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ക്ഷീരകർഷകർ. പാൽ ഉൽപ്പാദനത്തിലുണ്ടായ കുറവ് കാരണം തങ്ങളുടെ ചില ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് പ്രമുഖ ഡയറി ബ്രാൻഡായ ‘ബെന്ന’ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ആധുനിക വാട്ടർ മാനേജ്‌മെന്റ് സംവിധാനങ്ങളും കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികളും നടപ്പിലാക്കിയാൽ മാത്രമേ കർഷകർക്ക് ഈ പ്രതിസന്ധിയെ മറികടക്കാനാകൂ എന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.



