റഷ്യ- യുക്രെയ്ൻ സമാധാന ചർച്ചകളിൽ യൂറോപ്യൻ യൂണിയൻ പ്രതിനിധികളെയും ഉൾപ്പെടുത്തും : യുഎസ് പ്രതിനിധി

ഡബ്ലിൻ : റഷ്യ- യുക്രെയ്ൻ അടുത്തഘട്ട സമാധാന ചർച്ചകളിൽ യൂറോപ്യൻ യൂണിയൻ പ്രതിനിധികളെയും ഉൾപ്പെടുത്തുമെന്ന യുഎസ് പ്രതിനിധികളുടെ വാഗ്ദാനത്തെ സ്വാഗതം ചെയ്ത് യുക്രെയ്ൻ പ്രസിഡൻ്റ് വ്ളോഡിമർ സെലൻസ്കി.വ്യാഴാഴ്ച വൈകുന്നേരം ഡബ്ലിനിൽ വെച്ച് യുഎസ് പ്രതിനിധികളായ ജാരെഡ് കുഷ്നറും സ്റ്റീവ് വിറ്റ്കോഫുമായി സെലൻസ്കി നടത്തിയ കൂടിക്കാഴ്ചയിലാണ് യുഎസ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ യൂറോപ്യൻ നേതാക്കൾ സുരക്ഷ ആശങ്കകൾ പ്രകടിപ്പിച്ചരിന്നു, സമാധന ചർച്ചകളിൽ യുറോപ്യൻ യൂണിയനെ ഉൾപ്പെടുത്തിയാൽ അവർക്ക് ഒരു ‘ശബ്ദം’ ഉണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുമെന്നും സെലെൻസ്കി പറഞ്ഞു. കഴിഞ്ഞ ആഴ്ച അബുദാബിയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെ പറ്റി നടന്ന ചർച്ചകൾ ഫലം കണ്ടില്ല ഇതിനു പിന്നലെയാണ് നീണ്ട നയതന്ത്ര ചർച്ചകളുടെ ഭാഗമായി കുഷ്നർ-വിറ്റ്കോഫ് സംഘം സെലൻസ്കിയുമായി ഡബ്ലിനിൽ കൂടിക്കാഴ്ച നടത്തിയത്. ഇവർ നേരത്തെ മോസ്കോയിൽ വെച്ച് പുടിനെ കണ്ടിരുന്നു. യുദ്ധവുമായി ബന്ധപ്പെട്ട റഷ്യയുടെ നിലപാടിലും പ്രദേശങ്ങൾ വിട്ടുനൽകണമെന്ന ആവശ്യത്തിലും മാറ്റമില്ലെന്ന് പുടിൻ വ്യക്തമാക്കിയിരുന്നു.
അതേസമയം, വ്യാഴാഴ്ച റഷ്യയും യുക്രെയ്നും തടവുകാരുടെ കൈമാറ്റത്തിൽ വീണ്ടും ധാരണയായി. 2022ൽ റഷ്യ സമ്പൂർണ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റവും വലിയ തടവുകാരുടെ കൈമാറ്റമാറ്റമാണിത്.
സമാധന ചർച്ചകളിൽ യൂറോപ്യൻ യൂണിയനെ ഉൾപ്പെടുത്തണമെന്ന് വർഷങ്ങളായി സെലൻസ്കി ആവശ്യപ്പെടുന്നണ്ട്. യൂറോപ്യൻ യൂണിയൻ അംഗത്വം എന്ന കീവിന്റെ ദീർഘകാല ലക്ഷ്യവും ഇങ്ങനൊരു ആവശ്യത്തിനു പിന്നിലുണ്ട്. ഏതാനും മാസങ്ങളായി യൂറോപ്യൻ രാജ്യങ്ങളുമായി യുഎസ് വളരെ അടുത്ത് സഹകരിച്ചുവരികയാണെന്നും ഈ സഹകരണം വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാൻ കരുതുന്നുവെന്നും, വ്യാഴാഴ്ച കുഷ്നർ പറഞ്ഞു.
സമാധാന ചർച്ചകളിൽ യൂറോപ്യൻ പ്രതിനിധികളുടെ സാന്നിധ്യം എത്രത്തോളം പ്രധാനമാണെന്ന് പുടിനോട് വ്യക്തമാക്കിയതായും കുഷ്നർ കൂട്ടിച്ചേർത്തു. ‘ഇതിന് ഒരു അവസരം നൽകി നോക്കാൻ പുടിൻ തയ്യാറാണ്’ കുഷ്നർ പറഞ്ഞു.നിലവിൽ യൂറോപ്യൻ രാജ്യങ്ങളുടെ പങ്കാളിത്തത്തോട് മോസ്കോ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട് എന്നാൽ, യുദ്ധാനന്തര കാലത്ത് യൂറോപ്പിൻ്റെ ഭാവി നിർണയിക്കുന്ന ഏത് നീക്കത്തിലും യൂറോപ്യൻ രാജ്യങ്ങൾക്ക് നിർണായക പങ്കുണ്ടെന്നാണ് അവരുടെ വാദം.
യുറോപ്പ് ഒരു പ്രധാന ശക്തിയാണെന്ന് ക്രെംലിൻ തിരിച്ചറിഞ്ഞതിൻ്റെ തെളിവാണ്, ചർച്ചകളിൽ യൂറോപ്യൻ പ്രതിനിധിയുടെ സാന്നിധ്യമെന്ന് യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡൻ്റും യൂറോപ്യൻ യൂണിയനിൻ്റെ വിദേശകാര്യ വിഭാഗം മേധാവിയുമായ കായ കല്ലാസ് ബിബിസിയോട് പറഞ്ഞു.യുക്രെയ്നിൻ്റെ ഏകദേശം അഞ്ചിലൊന്ന് പ്രദേശം ഇപ്പോഴും റഷ്യൻ സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണ്. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റങ്ങളും ആക്രമണങ്ങളും വർധിച്ചുവരികയാണ്.



