ഹാൽ ഫാർ വ്യവസായ മേഖലയിലെ ദുർഗന്ധം : പാർലമെന്റ് ഇടപെടൽ ആവശ്യപ്പെട്ട് ബിർസെബുജ ലോക്കൽ കൗൺസിലിന്റെ നിവേദനം

ഹാൽ ഫാറ് വ്യവസായ മേഖലയിലെ മത്സ്യസംസ്കരണ കേന്ദ്രത്തിൽ നിന്നുള്ള തുടർച്ചയായ അസഹ്യമായ ദുർഗന്ധത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ സമർപ്പിക്കുന്ന ഹർജിക്ക് പിന്തുണ നൽകണമെന്ന് ബിർസെബുജ (Birżebbuġa) പ്രാദേശിക കൗൺസിൽ നിവാസികളോട് അഭ്യർഥിച്ചു.
2022 മുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഈ പ്രശ്നം ബിർസെബുജയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ജീവിതനിലവാരത്തെ ഗുരുതരമായി ബാധിക്കുന്നതായി കൗൺസിൽ അറിയിച്ചു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി പരാതികളും റിപ്പോർട്ടുകളും ഇടപെടലുകളും ഉണ്ടായിട്ടും പ്രശ്നത്തിന് ഇതുവരെ ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല. ആവർത്തിച്ചുണ്ടാകുന്ന ദുർഗന്ധം മൂലമുള്ള ബുദ്ധിമുട്ടുകളും അനിശ്ചിതത്വവും സഹിച്ച് ജനങ്ങൾ ഇനിയും ജീവിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും കൗൺസിൽ വ്യക്തമാക്കി.
ജനങ്ങളുടെ ആശങ്കകൾ നേരിട്ട് ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും വിഷയത്തിൽ പാർലമെന്റിന്റെ ഇടപെടലും പരിശോധനയും ഉറപ്പാക്കുകയുമാണ് ഹർജിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രവൃത്തി സമയങ്ങളിൽ ബിർസെബുജ പ്രാദേശിക കൗൺസിൽ ഓഫീസിലെത്തി നിവാസികൾക്ക് ഹർജിയിൽ ഒപ്പുവെക്കാം.
ഹർജിയിലെ പ്രധാന ആവശ്യങ്ങൾ
മത്സ്യസംസ്കരണ കേന്ദ്രത്തിൽ നിന്നുള്ള തുടർച്ചയായ ദുർഗന്ധത്തെക്കുറിച്ചും അത് ബിർസെബുജയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചും സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് ഹർജിയിൽ പാർലമെന്റിനോട് ആവശ്യപ്പെടുന്നു.
ആവർത്തിച്ചുണ്ടാകുന്ന ദുർഗന്ധ സംഭവങ്ങൾ കണ്ടെത്തുന്നതിൽ ബന്ധപ്പെട്ട അധികൃതർ ഉപയോഗിക്കുന്ന പരിസ്ഥിതി നിരീക്ഷണ സംവിധാനങ്ങൾ എത്രത്തോളം ഫലപ്രദമാണെന്നും പരിശോധിക്കണം.
പ്രശ്നം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട കാലം മുതൽ ജനങ്ങൾ നൽകിയ പരാതികൾ അധികൃതർ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നോ എന്നും നിയമനടപടികളും നിയന്ത്രണ സംവിധാനങ്ങളും പര്യാപ്തമായിരുന്നോ എന്നും പരിശോധിക്കണമെന്ന് ഹർജി ആവശ്യപ്പെടുന്നു.
ദുർഗന്ധം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി മത്സ്യസംസ്കരണ കേന്ദ്രത്തിന്റെ നടത്തിപ്പുകാർ സ്വീകരിച്ച നടപടികളും വിലയിരുത്തണം. കൂടുതൽ സാങ്കേതികവും പ്രവർത്തനപരവുമായ പരിഷ്കാരങ്ങൾ ആവശ്യമുണ്ടോയെന്നും പരിശോധിക്കണമെന്നും ഹർജിയിൽ പറയുന്നു.
മാൾട്ടയുടെ പരിമിതമായ ഭൂവിസ്തൃതിയും സമീപവാസികൾക്കുണ്ടാകാവുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുത്ത്, ജനവാസ മേഖലകൾക്ക് ഇത്രയും അടുത്ത് ഇത്തരമൊരു മത്സ്യസംസ്കരണ കേന്ദ്രത്തിന് പ്രവർത്തനാനുമതി നൽകുന്നത് ഉചിതമാണോയെന്നും പാർലമെന്റ് പരിഗണിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.
ആവശ്യമെങ്കിൽ വിഷയം കൂടുതൽ അന്വേഷണത്തിനായി ഓംബുഡ്സ്മാന്റെയോ ബന്ധപ്പെട്ട പാർലമെന്ററി സമിതികളുടെയോ അധികാരപ്പെട്ട മറ്റ് സ്ഥാപനങ്ങളുടെയോ പരിഗണനയ്ക്ക് വിടണമെന്നും ഹർജി ആവശ്യപ്പെടുന്നു.
അന്വേഷണത്തിന്റെ കണ്ടെത്തലുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനൊപ്പം പ്രശ്നത്തിന് പ്രായോഗികമായ പരിഹാരങ്ങൾ കണ്ടെത്തുകയും അവ നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങളും സമയപരിധികളും വ്യക്തമായി നിശ്ചയിക്കുകയും വേണമെന്നും ഹർജിയിൽ പറയുന്നു.
വർഷങ്ങളായി പ്രദേശവാസികളെ ബാധിക്കുന്ന പ്രശ്നത്തിന് ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കുന്നതിനൊപ്പം ശാശ്വത പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിയിൽ ഒപ്പുവെച്ച് പിന്തുണ അറിയിക്കാൻ ബിർസെബുജ പ്രാദേശിക കൗൺസിൽ ജനങ്ങളോട് അഭ്യർഥിച്ചിരിക്കുന്നത്.



