അന്തർദേശീയം

സ്വന്തം പ്രോസസറുകൾ വികസിപ്പിക്കാൻ ടെക് കമ്പനികൾ ഹുവാങിനെ ഉടന്‍ നിയമിക്കണം : റഷ്യ

മോസ്കോ : ചാരവൃത്തിക്കേസിൽ ആരോപണവിധേയനായതിന് പിന്നാലെ യുഎസ് ചിപ്പ്‌ കമ്പനി എൻവിഡിയയുടെ സിഇഒ സ്ഥാനമൊഴിയേണ്ടി വന്ന ജെൻസൻ ഹുവാങിനെ നിയമിക്കാനൊരുങ്ങി റഷ്യ. റഷ്യൻ ടെക് കമ്പനികൾ ഹുവാങിനെ ഉടന്‍ നിയമിക്കണമെന്ന് സ്റ്റേറ്റ് ഡുമ ഐടി കമ്മിറ്റി ഡെപ്യൂട്ടി ചെയർമാൻ ആന്റൺ ഗോറെൽകിൻ നിർദേശിച്ചു.

സ്വന്തം പ്രോസസറുകൾ വികസിപ്പിക്കാൻ ഹുവാങ്ങിന്റെ അനുഭവവും വൈദഗ്ധ്യവും റഷ്യയുടെ ആഭ്യന്തര ചിപ്പ് വ്യവസായത്തെ സഹായിക്കുമെന്നും ഹുവാങ്ങിന്റെ ​ഗാഢമായ അറിവ് റഷ്യയുടെ സാങ്കേതിക വളർച്ചയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നും ഗോറെൽകിൻ അഭിപ്രായപ്പെട്ടു. ജെൻസൻ ഹുവാങ്ങിനെ സ്വന്തമാക്കാൻ ലോകത്തെ പ്രമുഖ ടെക് കമ്പനികളിലെ റിക്രൂട്ടർമാർ ഇപ്പോൾ തന്നെ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ടാകുമെന്നും ഗോറെൽകിൻ ചൂണ്ടിക്കാട്ടി.

ഹുവാങ് കേവലം ഒരു വിജയിയായ എക്സിക്യൂട്ടീവ് മാത്രമല്ല. അത്യാധുനിക പ്രോസസറുകളുടെ വികസനം, അവയുടെ ഉൽപ്പാദന ക്രമീകരണം, ആഗോള സാങ്കേതിക ശൃംഖലകൾ, നിർമിത ബുദ്ധി വ്യവസായം എന്നിവയെക്കുറിച്ച് സമാനതകളില്ലാത്ത അറിവുള്ള വ്യക്തിയാണ്. ലോകത്ത് വിരലിലെണ്ണാവുന്നവർക്ക് മാത്രമേ ഇത്തരം വൈദഗ്ധ്യമുള്ളൂ, ഗോറെൽകിൻ തന്റെ ടെലഗ്രാം ചാനലിലൂടെ വ്യക്തമാക്കി.

ജെൻസൻ ഹുവാങിനെ പോലൊരു പ്രതിഭയെ യുഎസ് ആഗോള തൊഴിൽ വിപണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും എൻവിഡിയയുടെ എതിരാളികൾക്ക് ഇതിലും വലിയൊരു സമ്മാനം സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും ഗോറെൽകിൻ പറഞ്ഞു.

സ്വന്തമായി മൈക്രോ ഇലക്ട്രോണിക്സും നിർമ്മിത ബുദ്ധിയും വികസിപ്പിക്കുന്നതിനായി റഷ്യ നിലവിൽ വൻതോതിൽ പണം നിക്ഷേപിക്കുകയും ഗവേഷണ കേന്ദ്രങ്ങളും എൻജിനീയറിങ് സ്കൂളുകളും സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. ഈ മേഖലയിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താൻ ഹുവാങ്ങിന്റെ അനുഭവസമ്പത്ത് സഹായിക്കുമെന്ന് ടെക് കമ്പനികൾ വിശ്വസിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button