മാൾട്ടാ വാർത്തകൾ

ട്രിക് എൽ-ഇംജാറിലെ ഹിറ്റ് ആൻഡ് റൺ സംഭവത്തിൽ സൈനികൻ റിമാൻഡിൽ

ട്രിക് എൽ-ഇംജാറിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റ വാഹനാപകടത്തിലെ ഹിറ്റ് ആൻഡ് റൺ സംഭവത്തിൽ 19-കാരനായ ആംഡ് ഫോഴ്സ് ഓഫ് മാൾട്ട സൈനികനെ കോടതി റിമാൻഡ് ചെയ്തു. കുറ്റം നിഷേധിച്ച മിഗുവൽ അറ്റാർഡ് എന്ന യുവാവിനെ കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിടുകയായിരുന്നു.

ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ട്രിക് എൽ-ഇംജാറിൽ (Triq l-Imġarr) വച്ചായിരുന്നു അപകടം. അശ്രദ്ധമായും നിയന്ത്രണമില്ലാതെയും അമിതവേഗതയിലും വാഹനമോടി രണ്ട് പേർക്ക് ഗുരുതര പരിക്കേൽപ്പിച്ചു, അപകടസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു, പൊതുമുതൽ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് അറ്റാർഡിനെതിരെ ചുമത്തിയിരിക്കുന്നത്.

ചോദ്യം ചെയ്യലിൽ താൻ പരിഭ്രാന്തി മൂലമാണ് സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതെന്നും പിന്നീട് തിരികെ വന്നപ്പോൾ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. എന്നാൽ സ്വയം കുറ്റം സമ്മതിക്കാൻ തയ്യാറാകാതിരുന്ന പ്രതിയെ പൊലീസ് അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്. അതിനാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു.

പ്രതിക്ക് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമില്ലെന്നും പൊലീസുമായി സഹകരിച്ചെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകൻ സിൽവൻ പുലിസ് ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും മജിസ്‌ട്രേറ്റ് ആസ്ട്രിഡ് മെയ് ഗ്രിമ ജാമ്യം തള്ളുകയായിരുന്നു. പരിക്കേറ്റവർ നിലവിൽ മാറ്റർ ഡീ (Mater Dei) ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button