റോബോട്ട് നായകളെ നഗരവീഥികളിലൂടെ നടത്തി പരിശീലിപ്പിക്കാൻ ആളുകളെ തേടി യുഎസ് സ്റ്റാർട്ടപ്പ്

സാൻഫ്രാൻസിസ്കോ : റോബോട്ട് നായകളെ നഗരവീഥികളിലൂടെ നടത്താൻ ആളുകളെ തേടി യുഎസ് സ്റ്റാർട്ടപ്പ്. മണിക്കൂറിന് 20 ഡോളർ (ഏകദേശം 1,900 രൂപ) ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ട് നായകളെ യഥാർഥ നഗരസാഹചര്യങ്ങളിൽ സ്വയം സഞ്ചരിക്കാൻ പരിശീലിപ്പിക്കുകയാണ് ഈ പരീക്ഷണത്തിന്റെ ലക്ഷ്യം.
സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡൈമെൻഷണൽ (Dimensional) എന്ന കമ്പനിയാണ് ഈ വിചിത്രമായ ജോലിക്ക് ആളുകളെ നിയമിക്കുന്നത്. ‘ബേ ഏരിയ ജോബ്സ്’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ച തൊഴിൽ പരസ്യം പിന്നീട് നീക്കം ചെയ്തിരുന്നു. നാല് മുതൽ ആറു മണിക്കൂർ വരെയായിരുന്നു ഒരു ഷിഫ്റ്റിന്റെ ദൈർഘ്യം. ദ ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
നഗരത്തിലെ പുറത്തുള്ള നിശ്ചിത റൂട്ടുകളിലൂടെ നാല് കാലുകളുള്ള റോബോട്ടുകളെ നടത്തിക്കൊണ്ടുപോകുകയാണ് ജോലി. റോബോട്ടിക്സ് മേഖലയിൽ മുൻപരിചയം ആവശ്യമില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. റോബോട്ടും സുരക്ഷാ നിർദേശങ്ങളും സഞ്ചരിക്കേണ്ട റൂട്ടുകളും കമ്പനി നൽകും. മണിക്കൂറുകളോളം പുറത്തുനടക്കാൻ തയ്യാറായിരിക്കണം, സ്വതന്ത്രമായി ജോലി ചെയ്യാനും സ്മാർട്ട്ഫോൺ ഉപയോഗിക്കാനും കഴിയണം എന്നിവയായിരുന്നു മറ്റ് നിബന്ധനകൾ. ഏകദേശം 15 കിലോഗ്രാം ഭാരമുള്ള റോബോട്ടിനെ സുരക്ഷിതമായി കൈകാര്യം ചെയ്യാനും കഴിയണം.
മനുഷ്യർ റോബോട്ട് നായകളെ നിയന്ത്രിച്ച് നടത്തുമ്പോൾ അവയിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളും സെൻസറുകളും ചുറ്റുപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. റോഡുകൾ, നടപ്പാതകൾ, നഗരത്തിലെ തടസങ്ങൾ തുടങ്ങിയ യഥാർഥ സാഹചര്യങ്ങൾ തിരിച്ചറിയാനും അവയ്ക്കനുസരിച്ച് നീങ്ങാനും എഐ സംവിധാനങ്ങളെ പരിശീലിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
റോബോട്ടുകളെ നിയന്ത്രിക്കാൻ എഐ ഏജന്റുകളെ പ്രാപ്തരാക്കുന്ന ഓപ്പൺ സോഴ്സ് ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കുകയാണ് ഡൈമെൻഷലിന്റെ ലക്ഷ്യം. ഭാരമുള്ള പെട്ടികൾ നീക്കുന്നതും നിർമാണമേഖലയിലെ ജോലികളും ഉൾപ്പെടെയുള്ള മനുഷ്യാധ്വാനം ആവശ്യമായ ജോലികൾ ഭാവിയിൽ റോബോട്ടുകൾക്ക് ചെയ്യാൻ കഴിയണമെന്നാണ് കമ്പനിയുടെ പദ്ധതി.
ചൈന, ജർമനി, യുഎസ് എന്നിവിടങ്ങളിലെ നിർമാതാക്കളിൽനിന്നായി 100 റോബോട്ട് നായകളെയും 50 ഹ്യൂമനോയിഡ് റോബോട്ടുകളെയും കമ്പനി വാങ്ങിയിട്ടുണ്ട്. സാൻഫ്രാൻസിസ്കോയിലെ തെരുവുകളിൽ കാണപ്പെടുന്ന ഏകദേശം 2,000 ഡോളർ വിലയുള്ള റോബോട്ട് നായകൾ ചൈനീസ് കമ്പനിയായ യൂണിട്രീയിൽ (Unitree) നിന്നാണ് വാങ്ങിയത്. റിമോട്ട് കൺട്രോൾ വഴിയോ മൊബൈൽ ആപ്പ് വഴിയോ ഇവയെ നിയന്ത്രിക്കാം.
റോബോട്ടുകളെ നഗരപരിസരങ്ങളിൽ സ്വയം സഞ്ചരിക്കാൻ കൂടുതൽ പ്രാപ്തമാക്കുന്നതിനാണ് മനുഷ്യരെ നിയോഗിക്കുന്നതെന്ന് ഡൈമെൻഷൽ സ്ഥാപകൻ സ്റ്റാഷ് പൊമിച്റ്റർ വിശദീകരിച്ചു. ഹാർഡ്വെയർ നിയന്ത്രിക്കുന്നതിൽ എഐ ഏജന്റുകൾ ഇപ്പോഴും പിന്നിലാണെന്നും അതിനാലാണ് മനുഷ്യരുടെ സഹായം ആവശ്യമായി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. റോബോട്ട് നടത്താനുള്ള പരീക്ഷണത്തിൽനിന്ന് ലഭിച്ച പ്രധാന കണ്ടെത്തൽ, ഹാർഡ്വെയർ നിയന്ത്രിക്കുന്നതിൽ എഐ ഏജന്റുകൾക്ക് ഇപ്പോഴും വലിയ പരിമിതികളുണ്ടെന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.



