യൂറോപ്യൻ യൂണിയൻ വാർത്തകൾ

ബൾഗേറിൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് എക്സിറ്റ് പോളുകളിൽ പ്രോഗ്രസീവ് ബൾഗേറിയയ്ക്ക് മുൻതൂക്കം

സോഫിയ : ബൾഗേറിൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ ആക്ടിങ് പ്രസിഡന്റ് ലിയാന യോട്ടോവയ്ക്ക് മുൻതൂക്കമെന്ന് എക്സിറ്റ് പോളുകൾ. യോട്ടോവയ്ക്ക് 52 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. നവംബര്‍ ഒന്നാനായിരുന്നു വോട്ടെടുപ്പ്. ജയം സ്ഥിരീകരിക്കപ്പെട്ടാൽ ബൾഗേറിയയുടെ ചരിത്രത്തിൽ ജനങ്ങൾ തെരഞ്ഞെടുക്കുന്ന ആദ്യത്തെ വനിതാ പ്രസിഡന്റാവും അവര്‍.

പ്രതിപക്ഷ പാർടികളുടെ പിന്തുണയോടെ മത്സരിച്ച മുൻ ഇടക്കാല പ്രധാനമന്ത്രി ആന്ദ്രേ ഗ്യുറോവ് 44 ശതമാനം വോട്ടോടെ തൊട്ട് പിറകിലാണ്. പ്രധാനമന്ത്രി റുമെൻ റാദേവിന്റെ റഷ്യൻ അനുകൂല നിലപാടുകളുള്ള ‘പ്രോഗ്രസീവ് ബൾഗേറിയ’ പാർട്ടി പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിയാണ് 62 കാരിയായ യോട്ടോവ. കഴിഞ്ഞ ഏപ്രിലിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആകെയുള്ള 240 സീറ്റുകളിൽ 131 സീറ്റുകളും നേടി റാദേവിന്റെ പാർട്ടി വൻ ഭൂരിപക്ഷം നേടിയിരുന്നു. ഇതിന് ശേഷമുള്ള പ്രധാന രാഷ്ട്രീയ പരീക്ഷണമെന്ന നിലയിലാണ് ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വീക്ഷിക്കപ്പെട്ടത്. 2021 ന് ശേഷം രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കാരണം എട്ട് തവണ തെരഞ്ഞെടുപ്പ് നേരിട്ട രാജ്യമാണ്. റാദേവ് പ്രധാനമന്ത്രിയായതോടെയാണ് യോട്ടോവ താത്കാലിക ചുമതലയേറ്റത്.

ഉപ പ്രസിഡന്റ് പദവിയിൽ നിന്നും സ്വന്തമായി ജനവിധി തേടാൻ എത്തിയ യോട്ടോവ റാദേവിന്റെ പോളിസികൾ പിന്തുടർന്ന് ബൾഗേറിയയെ യൂറോപ്യൻ പാതയിൽ നിലനിർത്തുമെന്നും ഒപ്പം റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തി ഉപരോധങ്ങൾ നീക്കാൻ മുൻകൈയെടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

2004-ൽ നാറ്റോയിലും 2007-ൽ യൂറോപ്യൻ യൂണിയനിലും അംഗമായ ബൾഗേറിയയിൽ പാശ്ചാത്യ അനുകൂല നിലപാടുകൾ ശക്മാണ്. അതേ സമയം സാംസ്കാരികമായും പരമ്പരാഗതമായും റഷ്യയുമായി അടുത്ത് വര്‍ത്തിക്കുന്നു. ഉക്രെയ്ൻ യുദ്ധത്തോടെ ഈ വിടവ് വലിയ വൈരുദ്ധ്യങ്ങൾ സൃഷ്ടിച്ചു. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ നയതന്ത്രപരമായ പരിഹാരമാണ് യോട്ടോവയും റാദേവും ആവശ്യപ്പെടുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button