‘ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ എനിക്ക് മിസ്റ്റര്‍ വിറ്റോ ആകേണ്ടി വരും’ : ട്രംപ്

വാഷിങ്ടൺ ഡിസി : അമേരിക്കയില്‍ ഇന്ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ താന്‍ ‘മിസ്റ്റര്‍ വീറ്റോ’ ആകേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഡെമോക്രാറ്റുകള്‍ മുന്നോട്ട് വെയ്ക്കുന്ന എല്ലാ നയങ്ങള്‍ക്കെതിരെയും വിറ്റോ ചെയ്യുമെന്നാണ് ട്രംപിന്റെ ഭീഷണി. ഫോക്സ് ന്യൂസിന് നല്കിയ പോഡ്കാസ്റ്റിലാണ് ട്രംപിന്റെ പ്രതികരണം. തെഞ്ഞെടുപ്പ് പ്രചാരണത്തിനായി കന്‍സാസിലും അയോവയിലും ട്രംപ് നടത്താനിരിക്കുന്ന റാലികള്‍ക്ക് മുന്നോടിയായാണ് പ്രതികരണം.
ഇന്ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പ് ഡോണള്‍ഡ് ട്രംപിന് ഏറെ നിര്‍ണായകമാണ്. ഇറാനെതിരായ യുദ്ധം അടക്കമുള്ള നിരവധി കാരണങ്ങള്‍ ട്രംപിന് തിരിച്ചടിയാകും. ഒരു പ്രസിഡന്റിന്റെ നാല് വര്‍ഷത്തെ ഭരണകാലാവധിയുടെ കൃത്യം പകുതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇടക്കാല തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും, സെനറ്റിലെ 100 സീറ്റുകളില്‍ ഏകദേശം മൂന്നിലൊന്നായ 33 അല്ലെങ്കില്‍ 34 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. നിലവിലെ പ്രസിഡന്റിന്റെ ഭരണത്തെയും പ്രവര്‍ത്തനത്തെയും വിലയിരുത്തുന്ന ജനവിധി കൂടിയാകും ഇടക്കാല തെരഞ്ഞെടുപ്പ്.
നൂറ് സീറ്റുകളുള്ള യുഎസ് സെനറ്റില്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നിലവില്‍ 53 സീറ്റുകളാണ് ഉള്ളത്. ഡെമോക്രാറ്റുകള്‍ക്കും സഖ്യകക്ഷികള്‍ക്കും കൂടി 47 സീറ്റുകളുമുണ്ട്. ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് നാല് സീറ്റുകള്‍ കൂടി വേണം കേവല ഭൂരിപക്ഷമായ 51ലെത്താന്‍.ടെക്സസ്, മെയിന്‍, ഒഹായോ, അലാസ്ക തുടങ്ങിയ സംസ്ഥാനങ്ങളിലെ കടുത്ത മത്സരങ്ങള്‍ ഇതില്‍ നിര്‍ണായകമാകും. ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷം വളരെ ദുര്‍ബലമാണ്. തെരഞ്ഞെടുപ്പ് സര്‍വ്വേകള്‍
ഡെമോക്രാറ്റുകള്‍ക്ക് സഭയുടെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.



