യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ ലാൻഡിങിന് തയ്യാറെടുക്കുന്നതിനിടെ പൈലറ്റ് അജ്ഞാത വസ്തു കണ്ടതായി റിപ്പോർട്ട്

ലണ്ടൻ : ഗാറ്റ്‌വിക് വിമാനത്താവളത്തിന് സമീപം അജ്ഞാതവസ്തുവിനെ കണ്ടതായി പൈലറ്റ്. വിമാനം ലാൻഡിങിന് തയ്യാറെടുക്കുന്നതിനിടെയാണ് എ319 വിമാനത്തിന്റെ പൈലറ്റ് നിഗൂഢമായ ഒരു വസ്തുവിനെ കണ്ടതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക സുരക്ഷാ റിപ്പോർട്ടുകൾ പ്രകാരം, വിമാനം റൺവേ ലക്ഷ്യമാക്കി താഴ്ന്നു പറക്കുന്നതിനിടയിലാണ് വിമാനത്തിന്റെ വലത് ചിറകിന് തൊട്ടടുത്ത് കൂടി ഡിസ്ക് ആകൃതിയിലുള്ള ഈ വസ്തു കടന്നുപോയത്. സസെക്‌സ് ഗ്രാമപ്രദേശത്തെ ഹാങ്‌ക്രോസിന് മുകളിലൂടെ, വിമാനത്താവളത്തിന് ഏകദേശം ഏഴ് മൈൽ അകലെ വെച്ചാണ് പൈലറ്റ് ഈ അസാധാരണ കാഴ്ച കണ്ടത്.

വിമാനം സഞ്ചരിക്കുന്ന അതേ ഉയരത്തിൽ, വെറും 100 മുതൽ 300 അടി വരെ മാത്രം ദൂരത്തിലൂടെയാണ് ഈ നിഗൂഢ വസ്തു വിമാനത്തിന് എതിർദിശയിൽ സഞ്ചരിച്ചുകൊണ്ടിരുന്നത്. ഈ വസ്തുവിന് ഡിസ്കിന്റെ ആകൃതിയായിരുന്നുവെന്നും അതിന്റെ അറ്റങ്ങളിൽ ഇരുണ്ട നിറത്തിലുള്ള അടയാളങ്ങൾ ഉണ്ടായിരുന്നുവെന്നും പൈലറ്റ് പറയുന്നു. എയർ ട്രാഫിക് കൺട്രോളർമാർ ഉടൻ തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു.

വളരെ അടുത്ത ദൂരത്തിലൂടെയാണ് ഈ വസ്തു കടന്നുപോയതെങ്കിലും, വിമാനം അപകടകരമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെട്ടു. നേരത്തെ തന്നെ നിശ്ചയിച്ച പ്രകാരം വിമാനം ഇടത്തോട്ട് തിരിഞ്ഞു സഞ്ചരിച്ചുകൊണ്ടിരുന്നതിനാൽ പൈലറ്റിന് അപകടം ഒഴിവാക്കാൻ പെട്ടെന്നുള്ള മറ്റ് സുരക്ഷാ നീക്കങ്ങൾ നടത്തേണ്ടി വന്നില്ല എന്ന് യുകെ എയർപ്രോക്സ് ബോർഡ് റിപ്പോർട്ട് ചെയ്യുന്നു.

വ്യോമയാന രംഗത്തെ അപകടകരമായ സാഹചര്യങ്ങൾ നിരീക്ഷിക്കുന്ന സ്വതന്ത്ര സമിതിയായ യുകെ എയർപ്രോക്സ് ബോർഡ് ഈ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി. പൈലറ്റ് നൽകിയ വസ്തുവിന്റെ വിവരണവും അത് സഞ്ചരിച്ച ഉയരവും പരിശോധിച്ചെങ്കിലും വസ്തു എന്തെന്ന് തിരിച്ചറിയാൻ ബോർഡിന് സാധിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button