അന്തർദേശീയം

പാകിസ്ഥാനിലെ ഖൈബർ പഖ്‌തുൻഖ്വയിൽ സമാധാന റാലിക്കിടെ സ്ഫോടനം; 7 മരണം

ഇസ്ലാമാബാദ് : പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലുണ്ടായ ചാവേർ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വാത് ജില്ലയിൽ സംഘടിപ്പിക്കപ്പെട്ട ‘സമാധാന റാലി’ക്കിടെയാണ് സ്‌ഫോടനം നടന്നത്.

പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് സ്‌ഫോടനം നടന്നത് എന്നാണ് വിവരം. സ്‌ഫോടനത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. ഇതൊരു ചാവേർ ആക്രമണം ആണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല എന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

പ്രാദേശിക ഗോത്ര കൗൺസിലായ ‘സ്വാത്ത് അമൻ ജിർഗ’യാണ് റാലി സംഘടിപ്പിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രദേശത്തെ ക്രമസമാധാനനില വഷളായിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജനങ്ങൾ മേഖലയിൽ സമാധാനം ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളും ഉയർത്തി റാലി നടത്തിയത്.

നിലവിൽ പോലീസും രക്ഷാസേനയും ചേർന്ന് പ്രദേശം വളയുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഏഴ് പേരുടെ ജീവനെടുത്ത ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവിൽ ആരും ഏറ്റെടുത്തിട്ടില്ല. മേഖലയിൽ സമാധാനം ആവശ്യപ്പെട്ടുകൊണ്ട് നടന്ന റാലിക്കിടയിൽ തന്നെ ഈ ദുരന്തം സംഭവിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button