യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഗ്രീസിൽ കാട്ടുതീ അണക്കുന്നതിനിടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ആതൻസ് : ഗ്രീസിൽ കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കിടെ രണ്ട് ഫയർഫൈറ്റിങ് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. ഒരു ഹെലികോപ്റ്റർ മറ്റൊന്നിന്റെ അടിഭാഗത്ത് ഇടിക്കുകയും തുടർന്ന് സ്ഫോടനത്തോടെ നിലത്തേക്ക് പതിക്കുകയുമായിരുന്നു. ആതൻസിന് പടിഞ്ഞാറുള്ള പ്സാത മേഖലയിലാണ് അപകടം. ഡെൻമാർക്ക്, ഗ്രീസ് സ്വദേശികളായ രണ്ട് പൈലറ്റുമാരാണ് കൊല്ലപ്പെട്ടത്.

ഓസ്ട്രേലിയൻ കമ്പനിയായ മാക്ഡെർമോട്ട് ഏവിയേഷനിൽ നിന്ന് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററുകളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ഏഴ് വർഷമായി ഈ കമ്പനിയുടെ ഹെലികോപ്റ്ററുകൾ ഗ്രീസിൽ സേവനമനുഷ്ഠിച്ചുവരികയാണ്. അന്വേഷണം പൂർത്തിയാകുന്നതുവരെ ബെൽ വിഭാഗത്തിൽപ്പെട്ട എല്ലാ ഹെലികോപ്റ്ററുകളുടെയും പ്രവർത്തനം താത്കാലികമായി നിർത്തിവെക്കാൻ ഗ്രീസ് ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

അപകടത്തിൽപ്പെട്ട രണ്ടാമത്തെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെടുത്തു.അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ഇരുപൈലറ്റുമാരുടെയും മരണം സ്ഥിരീകരിച്ചതായി ഫയർ ഡിപ്പാർട്ട്മെന്റ് വക്താവ് അറിയിച്ചു.

ആതൻസിൽ തീപ്പടരുന്നത് തടയാൻ നൂറുകണക്കിന് അഗ്നിശമനസേനാംഗങ്ങളാണ് രാവും പകലും പരിശ്രമിക്കുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കുന്ന ശക്തമായ കാറ്റ് രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നുണ്ടെന്ന് പ്രധാനമന്ത്രി കിറിയാക്കോസ് മിറ്റ്സോട്ടാക്കിസ് വ്യക്തമാക്കി.

ഇതോടെ ഗ്രീസിലുണ്ടായ കാട്ടുതീ ദുരന്തങ്ങളിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button