പുതു ചരിത്രം; ഇസ്രായേൽ പാർലമെന്റിൽ നെസറ്റ് ഡെപ്യൂട്ടി സ്പീക്കറായി അറബ് നേതാവ് അഹ്മദ് തിബി

തെൽ അവീവ് : ഇസ്രായേൽ പാർലമെന്റായ ‘നെസറ്റിൽ’ (Knesset) നിർണായക രാഷ്ട്രീയ വഴിത്തിരിവായി അറബ് എം.പിയും ജോയിന്റ് ലിസ്റ്റ് അലയൻസ് ചെയർമാനുമായ അഹ്മദ് തിബി ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. വലതുപക്ഷ യിസ്രായേൽ ബെയ്തേനു (Yisrael Beiteinu) പാർട്ടി നേതാവ് അവിഗ്ഡോർ ലിബർമാൻ പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ സമിതി ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജോയിന്റ് ലിസ്റ്റിന്റെ ഭാഗമായ താഅ്ൽ (Ta’al) പാർട്ടിയുടെ നേതാവാണ് അഹ്മദ് തിബി.
ഒക്ടോബർ 27ന് നടന്ന തെരഞ്ഞെടുപ്പിൽ 11 സീറ്റുകൾ നേടിയ ജോയിന്റ് ലിസ്റ്റിന്റെ അർഹമായ നേട്ടമാണിതെന്ന് അഹ്മദ് തിബി പറഞ്ഞു. ബിന്യാമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും ദേശീയ സുരക്ഷാ മന്ത്രി ഇറ്റമാർ ബെൻ ഗ്വിറും തന്റെ തെരഞ്ഞെടുപ്പ് തടയാൻ പരമാവധി ശ്രമിച്ചെങ്കിലും അവരുടെ പ്രകോപനപരമായ നീക്കങ്ങൾ പരാജയപ്പെടുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ജോയിന്റ് ലിസ്റ്റിന് എല്ലാ കമ്മിറ്റികളിലും പ്രാതിനിധ്യം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലിലെ ഫലസ്തീൻ പൗരന്മാരെ പ്രതിനിധീകരിക്കുന്ന ജോയിന്റ് ലിസ്റ്റും യുനൈറ്റഡ് അറബ് ലിസ്റ്റും കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. മൊത്തം 19 സീറ്റുകളാണ് ഈ കക്ഷികൾ പാർലമെന്റിൽ നേടിയത്. ഫലസ്തീൻ സമൂഹത്തോടുള്ള വിവേചനങ്ങളും മറ്റ് പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി ഈ പ്രാതിനിധ്യം ഉപയോഗിക്കാനുള്ള തീവ്രശ്രമത്തിലാണ് അറബ് നേതൃത്വം.
1999 മുതൽ ഇസ്രായേൽ നെസറ്റിൽ അംഗമായ അഹ്മദ് തിബി, ഇസ്രായേൽ രാഷ്ട്രീയത്തിലെ പ്രമുഖ ഫലസ്തീൻ മുഖങ്ങളിൽ ഒരാളാണ്. 2006നും 2022നും ഇടയിലും അദ്ദേഹം നെസറ്റ് ഡെപ്യൂട്ടി സ്പീക്കർ പദവി അലങ്കരിച്ചിട്ടുണ്ട്.
നെതന്യാഹുവിനും സഹായികൾക്കുമെതിരെ ക്രിമിനൽ അന്വേഷണം നടത്തണമെന്ന് അഹ്മദ് തിബി ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ മാഫിയ ശൈലിയിലുള്ള ഇടപെടലുകൾ നടന്നു എന്ന മാധ്യമ റിപ്പോർട്ടുകളെ തുടർന്നാണിത്. ചാനൽ 12 പുറത്തുവിട്ട വിവരപ്രകാരം, തെരഞ്ഞെടുപ്പിന് മുമ്പ് നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫ് പൊലീസുമായി ബന്ധപ്പെടുകയും റാം പാർട്ടി പ്രവർത്തകർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് റെയ്ഡുകൾ നടത്തിക്കുകയും ചെയ്തിരുന്നു. “നിയമത്തിന് അതീതമായി ആരുമില്ല, നെതന്യാഹുപോലുമില്ല” എന്ന് തിബി വ്യക്തമാക്കി.



