ടെക്നോളജിയൂറോപ്യൻ യൂണിയൻ വാർത്തകൾ

ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫോണിലെ ഗാലറി ആക്‌സസ് ചെയ്തു; മെറ്റയ്ക്ക് 880 മില്യൺ ഡോളർ പിഴ ചുമത്തി ഇറ്റലി

റോം : ഉപയോക്താക്കളുടെ വ്യക്തമായ അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും ആക്‌സസ് ചെയ്തതിന് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് 805 ദശലക്ഷം യൂറോ (ഏകദേശം 880 മില്യൺ ഡോളർ) പിഴ ചുമത്തി ഇറ്റലി. രാജ്യത്തെ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് നടപടി സ്വീകരിച്ചത്.

ആൻഡ്രോയിഡ് ഫോണുകളിലെ ഫേസ്ബുക്ക് ആപ്പ് വഴി ഇറ്റാലിയൻ ഉപയോക്താക്കളുടെ ഫോട്ടോകളും വീഡിയോകളും മറ്റ് വിവരങ്ങളും മതിയായ അനുമതിയില്ലാതെ ശേഖരിച്ചതായാണ് കണ്ടെത്തൽ. 2023 മുതൽ ലഭ്യമായ ഫേസ്ബുക്കിന്റെ ‘ഗാലറി സജഷൻസ്’ ഫീച്ചറുമായി ബന്ധപ്പെട്ടാണ് നടപടി.

ഫോണിലെ ഗാലറിയിലുള്ള ചിത്രങ്ങൾ ഫേസ്ബുക്ക് പോസ്റ്റുകളായി പങ്കുവെക്കാൻ നിർദേശിക്കുന്നതാണ് ഈ ഫീച്ചർ. എന്നാൽ ഗാലറിയിലെ ചിത്രങ്ങൾ ആക്‌സസ് ചെയ്യുന്നതിനുള്ള അനുമതി പ്രത്യേകം തേടിയിരുന്നില്ലെന്നും ഇക്കാര്യം ഉപയോക്താക്കളെ വ്യക്തമായി അറിയിച്ചിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഫീച്ചറിനായി ഇനി പ്രത്യേക അനുമതി തേടണമെന്നും ചിത്രങ്ങൾ ആക്‌സസ് ചെയ്യുന്നതിന്റെ ഉദ്ദേശ്യം ഉപയോക്താക്കളെ അറിയിക്കണമെന്നും മെറ്റയോട് നിർദേശിച്ചിട്ടുണ്ട്. ഏകദേശം രണ്ട് കോടി ഇറ്റാലിയൻ ആൻഡ്രോയിഡ് ഉപയോക്താക്കളെ നടപടി ബാധിച്ചതും നിയമലംഘനം തുടരുന്നതും പിഴ നിശ്ചയിക്കുന്നതിൽ പരിഗണിച്ചു.

അതേസമയം, പിഴ ചുമത്തിയ നടപടിയോട് ശക്തമായി വിയോജിക്കുന്നതായി മെറ്റ അറിയിച്ചു. തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്നും കമ്പനി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button