മാൾട്ടാ വാർത്തകൾ

വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി മാൾട്ട പോലീസ്

ട്രാഫിക് പോലീസിന്റെ പേരിൽ വിദേശ നമ്പറുകളിൽ നിന്നും വരുന്ന വ്യാജ പിഴ സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി മാൾട്ട പോലീസ് ഫോഴ്‌സ്. കുറഞ്ഞ നിരക്കിൽ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അയക്കുന്ന ഇത്തരം സന്ദേശങ്ങളിലെ സംശയാസ്പദമായ ലിങ്കുകൾ തട്ടിപ്പിന്റെ ഭാഗമാണെന്ന് പോലീസ് തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.

നിയമലംഘനത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും നിയമനടപടികളെക്കുറിച്ചും വിശദീകരിക്കുന്നതാണ് ഈ സന്ദേശങ്ങൾ. സന്ദേശം ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ ഒപ്പമുള്ള ലിങ്ക് വഴി പണമടച്ചാൽ പിഴത്തുകയിൽ 30 ശതമാനം ഇളവ് ലഭിക്കുമെന്നും ഇതിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ നൽകരുതെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. തട്ടിപ്പുകാർക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താനും ബാങ്ക് അക്കൗണ്ടുകളിൽ നുഴഞ്ഞുകയറാനും മറ്റുള്ളവരിലേക്ക് ഈ തട്ടിപ്പ് വ്യാപിപ്പിക്കാനും ഇത് കാരണമായേക്കാം.

ഇത്തരമൊരു സന്ദേശം ലഭിക്കുന്നവർ ബന്ധപ്പെട്ട ഔദ്യോഗിക ഏജൻസികളുമായി മറ്റ് മാർഗ്ഗങ്ങളിലൂടെ നേരിട്ട് ബന്ധപ്പെട്ട് വിവരത്തിന്റെ നിജസ്ഥിതി ഉറപ്പുവരുത്തേണ്ടതാണ്. ലഭിച്ച സന്ദേശം ഉടൻ തന്നെ ഡിലീറ്റ് ചെയ്യാനും, പരിചയക്കാരിൽ നിന്നാണ് വരുന്നതെങ്കിൽ പോലും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും പോലീസ് നിർദ്ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button