അന്തർദേശീയം
ഫുക്കെറ്റിലെ വാണിജ്യ കെട്ടിടത്തിൽ തീപിടിത്തം; 11 പേർ കൊല്ലപ്പെട്ടു

ബാങ്കോക്ക് : തായ്ലൻഡിലെ തെക്കൻ വിനോദസഞ്ചാര ദ്വീപായ ഫുക്കെറ്റിലെ ഒരു വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 11 പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ചെ 3.17 ഓടെയാണ് തീപിടിത്തം. തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് ഏകദേശം രണ്ട് മണിക്കൂർ വേണ്ടിവന്നതായും തായ് അധികൃതർ അറിയിച്ചു. വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനം പ്രവർത്തിക്കുന്ന കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് സമീപത്തെ നിരവധി കെട്ടിടങ്ങളിലേക്ക് പടരുകയായിരുന്നു.
പരിക്കേറ്റവരിൽ 15 പേർ തായ് പൗരന്മാരും ഒരാൾ മ്യാൻമർ പൗരനുമാണ്. കൊല്ലപ്പെട്ടവരിലോ പരിക്കേറ്റവരിലോ വിനോദസഞ്ചാരികൾ ആരും ഉൾപ്പെട്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഫുക്കെറ്റിന്റെ പടിഞ്ഞാറൻ തീരത്തുള്ള പ്രശസ്തമായ പടോങ് കടൽത്തീരത്തിന് സമീപമുള്ള നഗരപ്രദേശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്.



