നെഞ്ചിൽ അണുബാധ; ശരദ് പവാര്‍ ആശുപത്രിയില്‍

മുംബൈ : നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാര്‍ ആശുപത്രിയില്‍. 85 കാരനായ പവാറിനെ രണ്ടു ദിവസം മുമ്പാണ് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യ പരിശോധനയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പവാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. നെഞ്ചിലെ അണുബാധയും നിര്‍ജ്ജലീകരണവും കാരണം മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി കൂടിയായ പവാറിനെ നേരത്തെ രണ്ടുതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കാന്‍സറിനെ അതിജീവിച്ച നേതാവാണ് ശരദ് പവാര്‍.
ഈ മാസം ആദ്യവാരം രാജ്യസഭയിലേക്ക് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശരദ് പവാർ വീൽചെയറിൽ ഇരുന്നാണ് സത്യപ്രതിജ്ഞ ചെയ്തത്. അജിത് പവാറിന്റെ മരണത്തെത്തുടർന്നുള്ള ഉപതെരഞ്ഞെടുപ്പ് ബാരാമതിയിൽ നാളെ നടക്കാനിരിക്കെ ശരദ് പവാറിന് വോട്ട് ചെയ്യാൻ കഴിഞ്ഞേക്കില്ല. 1967 മുതൽ പവാർ ബാരാമതിയിലെ വോട്ട് മുടക്കിയിട്ടില്ല.



