ദേശീയം
മധുരയിലെ തനിഷ്ക് ജ്വല്ലറി ഷോറൂമിൽ വൻ കവർച്ച

മധുര : മധുരയിലെ തനിഷ്ക് ജ്വല്ലറി ഷോറൂമിൽ വൻ കവർച്ച. മധുര ബൈപാസ് റോഡിലെ ഷോറൂമിൽ നിന്ന് ഏകദേശം 500 പവനോളം (4 കിലോ) സ്വർണാഭരണങ്ങളാണ് കവർന്നത്. ബുധനാഴ്ച രാത്രി മുഖംമൂടി ധരിച്ചെത്തിയ ഒരാൾ ഷോറൂമിന്റെ പിൻവാതിലിലൂടെ അകത്തുകടന്നാണ് സ്വർണം കവർന്നതെന്നാണ് പ്രാഥമിക വിവരം.
പത്ത് ദിവസം മുമ്പ് മാത്രമാണ് ഈ ഷോറൂം പ്രവർത്തനം ആരംഭിച്ചത്. ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കുകയായിരുന്നു. ഇതിനു മുന്നോടിയായുള്ള നിർമ്മാണ ജോലികൾ പൂർത്തിയായി വരികയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്എസ്.കോളനി പൊലീസ് ഡോഗ് സ്ക്വാഡിന്റെയും വിരലടയാള വിദഗ്ധരുടെയും സഹായത്തോടെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഷോറൂമിലുണ്ടായിരുന്ന ആകെ സ്വർണത്തിന്റെ ഏകദേശം 30 ശതമാനത്തോളം കവർച്ച ചെയ്യപ്പെട്ടതായി മധുര സിറ്റി പൊലീസ് കമ്മീഷണർ രാജേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



