അന്തർദേശീയം

യുഎസിൽ രണ്ട് മലയാളി യുവതികളെ സുഹൃത്തായ മലയാളി യുവതി കൊലപ്പെടുത്തി

വാഷിങ്ടണ്‍ ഡിസി : അമേരിക്കയിലെ സാനോസെ നഗരത്തിൽ മലയാളി യുവതികൾ കൊല്ലപ്പെട്ടു. മലയാളിയായ മറ്റൊരു യുവതിയാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് പ്രാഥമിക വിവരം. തൃശ്ശൂർ മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ്- സുഷമ ദമ്പതികളുടെ മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്ത് അനിലയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അഞ്ജനയെ ഫ്ലാറ്റിന്റെ താഴേക്ക് വിളിച്ചുവരുത്തിയ അനില കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ കാർ നിർത്താതെ പോകുക ആയിരുന്നു. സംഭവമറിഞ്ഞ അഞ്ജനയുടെ ഭർത്താവ് വിജീഷ് ഉടൻതന്നെ ഇവരുടെ പൊതുസുഹൃത്തായ ആനിന്റെ ഭർത്താവ് ജേക്കബിനെ വിളിച്ച് വിവരം അറിയിച്ചു.

ജേക്കബ് ഉടൻ തന്നെ ഫ്‌ലാറ്റിൽ എത്തി. റൂം തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയിൽ ആനിനെ കണ്ടെത്തിയത്. മൂന്നുപേരും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആനിന് അനിലയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് കുടുബത്തിന് ലഭിച്ച വിവരമെന്ന് കുടുംബ സുഹൃത്തായ ജെറി സാം ജോസഫ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അഞ്ജനയുടെ കുടുംബത്തിന് ഇതുവരെയും കൊലയ്ക്ക് പിന്നിലെ കാരണമെന്താണെന്ന വിവരം ലഭിച്ചിട്ടില്ല. അമേരിക്കന്‍ സമയം വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. അഞ്ജനയുടെ കുടുംബം ശനിയാഴ്ചയാണ് വിവരം അറിഞ്ഞത്.

കോട്ടയം ചിങ്ങവനം സ്വദേശി പള്ളത്ര ജേക്കബിന്റെ ഭാര്യയാണ് ആന്‍. ജേക്കബും യുഎസില്‍ തന്നെയാണ്. എന്‍ജിനീയറായ ആന്‍ കഴിഞ്ഞ പത്തുവര്‍ഷമായി യുഎസിലാണ് താമസിക്കുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. വിലങ്ങൂര്‍ സ്വദേശി വിജീഷാണ് അഞ്ജനയുടെ ഭര്‍ത്താവ്. അദ്ദേഹവും യുഎസിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി യുഎസില്‍ താമസിക്കുന്ന അഞ്ജന കാലിഫോര്‍ണിയയില്‍ സ്‌കൂള്‍ അധ്യാപികയായിരുന്നു. ഇവര്‍ക്ക് ആറു വയസുള്ള മകളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button