അന്തർദേശീയം

‘ദൈവം വഴികാട്ടും; വെനസ്വേല വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കും’: യുഎസ് ജയിലില്‍ നിന്ന് സന്ദേശവുമായി നിക്കോളാസ് മഡുറോ

ന്യൂയോര്‍ക്ക് : കരുത്തോടെ മുന്നോട്ടുപോകുന്നുവെന്ന് സൂചന നൽകുന്ന സന്ദേശവുമായി നിക്കോളാസ് മഡുറോ. ന്യൂയോര്‍ക്കിലെ ജയിലില്‍ കഴിയുന്നതിനിടെയാണ് വെനസ്വേലയുടെ മുൻ പ്രസിഡന്‍റ് മഡുറോ സമൂഹമാധ്യമത്തിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. ജനുവരിയില്‍ യുഎസ് സൈനിക നടപടി വഴി കാരക്കാസില്‍ വെച്ചാണ് മഡുറോയെയും ഭാര്യ സിലിയ ഫ്‌ലോറസിനെയും പിടികൂടിയത്. മയക്കുമരുന്ന് കടത്ത്, തോക്ക് കൈവശം വച്ചത് തുടങ്ങിയ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ യുഎസ് ചുമത്തിയിരിക്കുന്നത്. നിലവില്‍ ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലുള്ള ജയിലിലാണ് ഇരുവരും കഴിയുന്നത്.

‘എന്റെ കൊച്ചുമക്കള്‍ക്കും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഞങ്ങളെ സ്‌നേഹിക്കുന്ന എല്ലാ നല്ല മനുഷ്യര്‍ക്കുമുള്ള ചെറിയൊരു സമ്മാനമായാണ് ഈ ചിത്രങ്ങള്‍ അയക്കുന്നത്, എന്നും ടെലിഗ്രാം സന്ദേശത്തില്‍ മഡുറോ കുറിച്ചു. ‘നിങ്ങളുടെ സ്‌നേഹം ഹൃദയം നിറയെ സ്വീകരിച്ച് ഞങ്ങള്‍ ഉറച്ചുനില്‍ക്കുകയാണെന്ന് നിങ്ങള്‍ അറിയണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ചിത്രങ്ങളിലും ചാരനിറത്തിലുള്ള ട്രാക്ക്സ്യൂട്ട് ധരിച്ച മഡുറോ കൈകള്‍ കൊണ്ട് വിജയചിഹ്നം കാണിക്കുന്നതായി കാണാം. പിടിയിലായതിന് ശേഷം അദ്ദേഹം ക്ഷീണിതനായതായി ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. ഞായറാഴ്ചയാണ് ചിത്രങ്ങള്‍ പുറത്തുവന്നതെങ്കിലും ക്യാമറ ഡാറ്റ പ്രകാരം ജൂണ്‍ 25നാണ് ഇവ പകര്‍ത്തിയത്. ഇതിന് ഒരു ദിവസം മുമ്പ് വെനസ്വേലയുടെ വടക്കന്‍ മേഖലയില്‍ ഉണ്ടായ രണ്ട് ശക്തമായ ഭൂചലനങ്ങളില്‍ 6,500ലധികം പേര്‍ കൊല്ലപ്പെടുകയും വ്യാപകമായ നാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു.

‘ഞങ്ങള്‍ ശക്തരായി, ശാന്തരായി, ആത്മവിശ്വാസത്തോടെ തുടരും. ദൈവം ഞങ്ങളോടൊപ്പമുണ്ട്. ദൈവം വഴികാട്ടും. വെനസ്വേല വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും,’ മഡുറോ സന്ദേശത്തില്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ പിന്‍ഗാമിയും ഇടക്കാല പ്രസിഡന്റുമായ ഡെല്‍സി റോഡ്രിഗസ് വെനസ്വേലയില്‍ യുഎസിന് എണ്ണപ്പാടങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കുന്ന ചരിത്രപരമായ എണ്ണ കരാര്‍ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് മഡുറോയുടെ സന്ദേശം പുറത്തുവന്നത്. വാഷിങ്ടണില്‍ നിന്നുള്ള കടുത്ത സമ്മര്‍ദത്തിനിടെയാണ് റോഡ്രിഗസ് ഭരണം നടത്തുന്നത്. വെനസ്വേലയെ ഊര്‍ജ ശക്തികേന്ദ്രമാക്കി മാറ്റണമെന്ന ലക്ഷ്യത്തോടെ യുഎസുമായി നയതന്ത്രത്തിന്റെ പാതയാണ് തിരഞ്ഞെടുത്തതെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജയിലില്‍ മഡുറോയ്ക്ക് പത്രങ്ങളോ ഇന്റര്‍നെറ്റോ ഉപയോഗിക്കാന്‍ അനുവാദമില്ല. എന്നാല്‍ കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും മാസത്തില്‍ ഏകദേശം 300 മിനിറ്റ് വരെ ടെലിഫോണില്‍ സംസാരിക്കാന്‍ അനുമതിയുണ്ട്. ഒരു ഫോണ്‍ കോളിന് പരമാവധി 15 മിനിറ്റാണ് അനുവദിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മഡുറോയുടെ മകന്‍ നിക്കോളാസ് മഡുറോ ഗുവേര, പിതാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ഭൂരിഭാഗം സമയം ബൈബിള്‍ പഠിക്കുന്നതിനായി ചെലവഴിക്കുകയാണെന്നും പറഞ്ഞു. മഡുറോയുടെയും ഭാര്യയുടെയും യുഎസിലെ വിചാരണ 2027 ജൂണ്‍ 1ന് ആരംഭിക്കുമെന്ന് ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതി ജൂലൈ അവസാനം അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button