കനത്ത മഴയിൽ നദി കരകവിഞ്ഞു; ഇന്തോനേഷ്യയിൽ അനധികൃത ഖനിയിലിറങ്ങിയ 29 തൊഴിലാളികളെ കാണാനില്ല

ജക്കാര്‍ത്ത : സ്വര്‍ണം തേടി അനധികൃത ഖനിയിൽ കയറിയ 29 തൊഴിലാളികളെ കാണാതായി. ഇന്തോനേഷ്യയിലെ പടിഞ്ഞാൻ ജാവ പ്രവിശ്യയിലെ മലയോര മേഖലയിലാണ് അപകടം. തിങ്കളാഴ്ച രാവിലെയുണ്ടായ കനത്ത മഴയിൽ സമീപത്തുള്ള സിസെറു നദി കരകവിഞ്ഞു. ഇതോടെ നദീമുഖം അടഞ്ഞു പോവുകയും ഭൂഗര്‍ഭ ജലം ഖനിയിലേക്കുള്ള വഴിയിൽ നിറയുകയുമായിരുന്നു.
തലസ്ഥാനമായ ജക്കാര്‍ത്തയ്ക്ക് തെക്ക് ഭാഗത്താണ് ഇത്. ഏകദേശം നൂറ് അടി താഴ്ചയിലുള്ള ഖനിയാണ്. ഇന്തോനേഷ്യയിൽ ഇത്തരത്തിലുള്ള ഖനികള്‍ ധാരാളമാണ്. ആയിരകണക്കിന് തൊഴിലാളികള്‍ ഇത്തരത്തിലുള്ള ഉപേക്ഷിക്കപ്പെട്ടതും അല്ലാത്തുമായ ഖനികളിൽ സാഹസികമായി പ്രവേശിച്ച് ഉപജീവനം തേടുന്നു.
മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, തുരങ്കങ്ങൾ ഇടിഞ്ഞുവീഴൽ എന്നിവയ്ക്ക് പുറമെ, സ്വർണ്ണം വേർതിരിക്കുന്നതിനായി യാതൊരു സുരക്ഷാ കവചങ്ങളുമില്ലാതെ മെർക്കുറി, സയനൈഡ് തുടങ്ങിയ മാരക വിഷവസ്തുക്കൾ കൈകാര്യം ചെയ്യുന്നതും തൊഴിലാളികളെ ദുരന്തങ്ങളിൽ അകപ്പെടുത്തുന്നു.
രക്ഷാ പ്രവര്‍ത്തനം നടത്താൻ കഴിയാത്ത സാഹചര്യമാണ്. വെള്ളം വറ്റിക്കുമ്പോള്‍ ഭൂഗർഭ ജലം ഇരച്ചെത്തുന്നതാണ് തടസം. “ഖനിക്കുള്ളിലെ വെള്ളം ഇതുവരെ താഴ്ന്നിട്ടില്ല. വെള്ളം പൂർണ്ണമായും വറ്റിക്കാൻ ഇനിയും ഏറെ സമയമെടുക്കും,” ജക്കാർത്ത സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി മേധാവി ദേശിയാന കാർത്തിക ബഹാരി അറിയിച്ചു.



