അന്തർദേശീയം

ട്രംപിന് തിരിച്ചടി; പോസ്റ്റൽ ബാലറ്റ് നിയന്ത്രണത്തിന് സുപ്രീംകോടതിയുടെ താൽക്കാലിക വിലക്ക്

വാഷിങ്ടൺ ഡിസി : യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച പോസ്റ്റൽ ബാലറ്റ് നിയന്ത്രണങ്ങൾക്ക് സുപ്രീംകോടതിയുടെ താൽക്കാലിക വിലക്ക്. 2026ലെ ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി പോസ്റ്റൽ ബാലറ്റുകൾ സംബന്ധിച്ച് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കമാണ് സുപ്രീംകോടതി തിങ്കളാഴ്ച തടഞ്ഞത്. ഇതോടെ നിലവിൽ സംസ്ഥാനങ്ങൾ പിന്തുടരുന്ന നടപടിക്രമങ്ങൾ പ്രകാരം തന്നെ പോസ്റ്റൽ ബാലറ്റുകൾ അയക്കുന്നത് തുടരാം.

ഇടക്കാല തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് ആരംഭിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നിയന്ത്രണങ്ങൾ നടപ്പാക്കാൻ അനുമതി നൽകണമെന്നായിരുന്നു ട്രംപ് ഭരണകൂടം കോടതിയോട് ആവശ്യപ്പെട്ടത്. രാജ്യത്തെ ഏകദേശം മൂന്നിലൊന്ന് വോട്ടർമാരും പോസ്റ്റൽ വഴിയാണ് വോട്ട് ചെയ്യുന്നത് എന്നതിനാൽ കേസിന് വലിയ പ്രാധാന്യമുണ്ട്.

പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് ഏതാനും ആഴ്ചകൾ മാത്രം ബാക്കിയുള്ളതിനാൽ സമ്പൂർണ സംവിധാനമാറ്റം പ്രായോഗികമല്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നേരത്തെ വ്യക്തമാക്കിയിരുന്നു. അലബാമ, നോർത്ത് കരോലിന, വിസ്കോൺസിൻ എന്നിവിടങ്ങളിൽ കഴിഞ്ഞ ആഴ്ച മുതൽ വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റുകൾ അയക്കാൻ ആരംഭിക്കുകയും ചെയ്തിരുന്നു.

ട്രംപ് ഭരണകൂടത്തിന്റെ നിർദേശപ്രകാരം എല്ലാ സംസ്ഥാനങ്ങളിലും വോട്ടർ പട്ടിക ഓൺലൈൻ പോർട്ടലിൽ സമർപ്പിക്കണമെന്നായിരുന്നു വ്യവസ്ഥ. നിർദേശങ്ങൾ പാലിക്കാത്ത സംസ്ഥാനങ്ങളിലേക്ക് ബാലറ്റുകൾ എത്തിക്കുന്നത് യു.എസ് പോസ്റ്റൽ സർവീസിന് തടയാനും അധികാരം നൽകുകി.

എന്നാൽ, ഇതുവഴി ദശലക്ഷക്കണക്കിന് പോസ്റ്റൽ ബാലറ്റുകളുടെ വിതരണം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വന്നിരുന്നു. ഓൺലൈൻ പോർട്ടൽ പൂർണമായി സജ്ജമായിട്ടില്ലെന്നും ബാർകോഡിലെ ചെറിയ പിഴവ് പോലും ബാലറ്റുകളുടെ മുഴുവൻ ബാച്ചിനെയും ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതേ തുടർന്ന് വിവിധ സംഘടനകളുൾപ്പെടെ നിരവധി പേർ കോടതിയെ സമീപിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പോസ്റ്റൽ വോട്ടിങ് നിയന്ത്രിക്കാൻ പ്രസിഡന്റിന് ഭരണഘടനാപരമായ അധികാരമില്ലെന്നായിരുന്നു അവരുടെ വാദം. തുടർന്ന് വിവിധ കീഴ്ക്കോടതികൾ ഉത്തരവിന് പ്രാഥമിക വിലക്കേർപ്പെടുത്തി.

എന്നാൽ ഇതിനെതിരെ ട്രംപ് ഭരണകൂടം സുപ്രീംകോടതിയെ സമീപിച്ചു. പോസ്റ്റൽ സർവീസിന്മേലുള്ള ഫെഡറൽ സർക്കാരിന്റെ നിയന്ത്രണാധികാരം പോസ്റ്റൽ ബാലറ്റുകൾ സംബന്ധിച്ച നിയമങ്ങൾ നിശ്ചയിക്കാന്‍ അധികാരം നൽകുന്നുവെന്നായിരുന്നു ഭരണകൂടത്തിന്റെ വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button