അന്തർദേശീയം

ജപ്പാനിൽ റെക്കോർഡ് ചൂട്; ഉഷ്ണതരംഗത്തിൽ മൂന്ന് സിംഹങ്ങൾ ചത്തു

ടോക്കിയോ : ജപ്പാന്റെ പടിഞ്ഞാറൻ മേഖലകളിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും റെക്കോർഡ് താപനില രേഖപ്പെടുത്തി. ക്യൂഷു മേഖലയിലടക്കം അതിശക്തമായ ചൂട് തുടരുമെന്നാണ് കാലാവസ്ഥാ ഏജൻസിയുടെ മുന്നറിയിപ്പ്. ഉഷ്ണാഘാതം ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കുകൾ പ്രകാരം തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലകളിൽ തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. ഫുകുവോക പ്രിഫെക്ചറിലെ കുറുമെ നഗരത്തിൽ 40.4 ഡിഗ്രി സെൽഷ്യസും കുമമോട്ടോ നഗരത്തിൽ 40.3 ഡിഗ്രിയും സാഗ നഗരത്തിൽ 40.2 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

ക്യൂഷു, ഷിക്കോകു മേഖലകളിലെ ഏഴ് സ്ഥലങ്ങളിൽ 40 ഡിഗ്രിയോ അതിലധികമോ ചൂട് രേഖപ്പെടുത്തി. പടിഞ്ഞാറൻ ജപ്പാനിലെ 58 പ്രദേശങ്ങളിൽ മുൻകാല റെക്കോർഡുകൾ മറികടക്കുകയോ അതിനോട് തുല്യമായ താപനിലയോ രേഖപ്പെടുത്തി.

ജപ്പാനിലെ വേനൽക്കാലം കൂടുതൽ ചൂടേറിയതും അപകടകരവുമായിക്കൊണ്ടിരിക്കുകയാണ്. ചില നഗരങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തുന്ന അതിതീവ്ര ചൂട് ദിനങ്ങൾ വർധിക്കുകയാണ്

ഈ വേനൽക്കാലത്ത് ജപ്പാനിൽ 43,000ത്തിലധികം പേരെ ഉഷ്ണാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

ചൂട് ഒഴിവാക്കാൻ സർക്കാർ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ആവശ്യത്തിന് വെള്ളവും ഉപ്പും കഴിക്കുക, വിശ്രമിക്കുക, രാത്രിയിലും തണുത്ത ഇടങ്ങളിൽ കഴിയുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.

ജപ്പാനിൽ കനത്ത വേനൽ ചൂട് തുടരുന്നതിനിടെ ടോക്യോയിലെ തമ സുവോളജിക്കൽ പാർക്കിൽ മൂന്ന് പെൺ സിംഹങ്ങൾ ചൂട് സംബന്ധമായ അസുഖത്തെ തുടർന്ന് ചത്തു. ടോക്യോയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള തമ മൃഗശാലയിലാണ് ഒരാഴ്ചയ്ക്കുള്ളിൽ മൂന്ന് സിംഹങ്ങളും ചത്തത്.

മൂന്ന് മുതൽ 15 വയസ്സ് വരെ പ്രായമുള്ള സിംഹങ്ങളിൽ നിർജലീകരണവും ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തന തകരാറും കണ്ടെത്തിയതായി മൃഗശാല അധികൃതർ അറിയിച്ചു.

തമ മൃഗശാലയിൽ ഏകദേശം 260 ഇനം ജീവികളുണ്ട്. 1964 മുതൽ സിംഹങ്ങളെ ഇവിടെ പ്രദർശിപ്പിച്ചുവരുന്നു. അതിശക്തമായ ചൂട് കാരണം കഴിഞ്ഞ മാസം മുതൽ സിംഹ പ്രദർശനവും സഫാരി ബസ് സർവീസും താൽക്കാലികമായി നിർത്തിവച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button