മാൾട്ടാ വാർത്തകൾ

സാന്റാ മരിയ വാരത്തിൽ ഓറഞ്ച് അലർട്ട്; താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും

സാന്റാ മരിയ വാരത്തിൽ ഉയർന്ന താപനിലയെത്തുടർന്ന് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. ഓഗസ്റ്റ് 11 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ അന്തരീക്ഷ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്ന ചൂട് (feels-like temperature) 39 ഡിഗ്രി സെൽഷ്യസിന് സമാനമായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വടക്കുകിഴക്കൻ കാറ്റ് ശക്തമായതിനാൽ ചൊവ്വാഴ്ച താപനില പ്രവചിച്ച 36 ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയിരുന്നില്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെ 34.2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.

അതേസമയം, ഓഗസ്റ്റ് 14 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ മുന്നറിയിപ്പ് ഓറഞ്ചിൽ നിന്ന് യെല്ലോ ആയി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളിൽ താപനില 34 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെയായി കുറയാൻ സാധ്യതയുണ്ട്. മധ്യ മെഡിറ്ററേനിയൻ മേഖലയ്ക്ക് മുകളിൽ ഉയർന്ന മർദ്ദമുള്ള കാലാവസ്ഥാ വ്യതിയാനം (high-pressure system) മാറ്റമില്ലാതെ തുടരുന്നതാണ് നിലവിലെ കടുത്ത ചൂടിന് കാരണമെന്ന് വെതർ ഓഫീസ് വ്യക്തമാക്കി.

ഇതിനിടെ, ഞായർ, തിങ്കൾ ദിവസങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും അനുഭവപ്പെടുക. ഈ സമയത്ത് സാധാരണയായി ഉണ്ടാകാറുള്ള ‘l-għerejjex ta’ Santa Marija’ (സാന്റാ മരിയ പെരുന്നാളിനോടനുബന്ധിച്ച് ഉണ്ടാകുന്ന ഓഗസ്റ്റ് മാസത്തിലെ മേഘാവൃതമായ അന്തരീക്ഷം / വേനൽമഴ) എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമാണിതെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് മെറ്റ് ഓഫീസ് (MET Office) വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button