അന്തർദേശീയം

ഇസ്താംബൂളിൽ മിഡിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ 15കാരിയുടെ ആക്രമണം, ഒരു പെൺകുട്ടി കൊല്ലപ്പെട്ടു, 7 പേർക്ക് പരിക്ക്

ഇസ്താംബൂൾ : തുർക്കിയിലെ ഇസ്താംബൂളിൽ മിഡിൽ സ്കൂൾ വിദ്യാർഥികൾക്ക് നേരെ 15കാരി നടത്തിയ ആക്രമണത്തിൽ ഒരു പെൺകുട്ടി കൊല്ലപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ 7 പെൺകുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ 8.40 ഓടെ വടക്കുപടിഞ്ഞാറൻ ഇസ്താംബൂളിലെ ബാഷാക്ഷെഹിർ ജില്ലയിലുള്ള സ്കൂളിലാണ് സംഭവം നടന്നത്.

മറ്റൊരു സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ 15കാരിയാണ് ആക്രമണം നടത്തിയത്. സ്കൂൾ യൂണിഫോം ധരിച്ച് സ്കൂൾ വളപ്പിൽ അതിക്രമിച്ചു കയറിയ ഇയാൾ കുട്ടികളെ ലക്ഷ്യമാക്കി ആക്രമണം അഴിച്ചുവിടുകയായിരുന്നു. 10 നും 14 നും ഇടയിൽ പ്രായമുള്ള എട്ട് പെൺകുട്ടികൾക്കാണ് കുത്തേറ്റത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർഥിനി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ആക്രമണം നടത്തിയ കൗമാരക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയ പെൺകുട്ടി ഇതേ പ്രദേശത്താണ് താമസിക്കുന്നത്. സ്വന്തം സ്കൂളിലെ യൂണിഫോം ധരിച്ചെത്തിയ ഇയാൾ വിദ്യാർഥികളെ യാതൊരു കാരണവുമില്ലാതെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും രണ്ടുപേരുടെ ആരോഗ്യനില ആശങ്കാജനകമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു. “തീവ്രപരിചരണത്തിലായിരുന്ന കുട്ടികളിൽ ഒരാൾ ഡോക്ടർമാരുടെ മുഴുവൻ ശ്രമങ്ങളെയും മറികടന്ന് മരണത്തിന് കീഴടങ്ങി. പരിക്കേറ്റ മറ്റ് ഏഴ് പേരുടെയും ചികിത്സ തുടരുകയാണ്,” എന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

രാജ്യത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് കൗമാരക്കാർ നടത്തുന്ന അക്രമസംഭവങ്ങൾ വർദ്ധിക്കുന്നത് വലിയ സുരക്ഷാ ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ മാസം പടിഞ്ഞാറൻ തുർക്കിയിലെ സ്കൂളിന് പുറത്ത് ഒരു കൗമാരക്കാരൻ നടത്തിയ വെടിവെപ്പിൽ 11 വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button