മാൾട്ടാ വാർത്തകൾ

സ്വീഖിയിൽ രാത്രികാല സുരക്ഷ ശക്തമാക്കി; മാൾട്ടീസ് സൈന്യം പോലീസിനൊപ്പം സഹകരിച്ച് പ്രവർത്തനം ആരംഭിച്ചു

താമസമേഖലയായ സ്വീഖിയിൽ (Swieqi) രാത്രികാല സുരക്ഷ ഉറപ്പാക്കുന്നതിനായി മാൾട്ടീസ് സായുധ സേനയെ (Armed Forces of Malta) വിന്യസിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കുന്നതിനായി സൈന്യം പോലീസുമായി സഹകരിച്ച് പ്രവർത്തിക്കും.

പ്രാദേശിക കൗൺസിലിന്റെയും പ്രദേശവാസികളുടെയും നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് ഈ നടപടിയെന്ന് ഡെപ്യൂട്ടി മേയർ ഗലീയാ പേസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ജനങ്ങൾക്ക് സ്വന്തം വീടുകളിൽ സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും ഉറങ്ങാനുള്ള അവകാശമുണ്ടെന്നും, അസന്മാർഗ്ഗികവും സാമൂഹികവിരുദ്ധവുമായ പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ നടപടി നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സമാനമായ സുരക്ഷാ സംവിധാനങ്ങൾ അയൽപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കണമെന്ന് ഗലീയാ പേസ് ആവശ്യപ്പെട്ടു. ക്രമസമാധാന പ്രശ്നങ്ങൾ ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും, മറ്റു മേഖലകളിലും ഈ മാതൃക നടപ്പിലാക്കിയാൽ മാത്രമേ താമസമേഖലകളിൽ നിന്ന് ഇത്തരം പ്രശ്നങ്ങൾ പൂർണ്ണമായും തുടച്ചുനീക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വീഖിയിൽ മികച്ച സേവനം ഉറപ്പാക്കുന്ന സൈന്യത്തിനും പോലീസിനും നന്ദി അറിയിച്ച അദ്ദേഹം, പ്രദേശവാസികളുടെ സുരക്ഷയ്ക്കായുള്ള കൗൺസിലിന്റെ പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button