യൂറോസ്റ്റാറ്റ് സർവേയിൽ ഇയുവിന് പുറത്തുള്ള പൗരന്മാർക്ക് കൂടുതൽ റെസിഡൻസ് പെർമിറ്റുകൾ നൽകി മാൾട്ട ഒന്നാമത്

ജനസംഖ്യയ്ക്ക് ആനുപാതികമായി യൂറോപ്യൻ യൂണിയന് പുറത്തുള്ള (non-EU) പൗരന്മാർക്ക് ഏറ്റവും കൂടുതൽ റെസിഡൻസ് പെർമിറ്റുകൾ നൽകിയ യൂറോപ്യൻ യൂണിയൻ രാജ്യമായി മാൾട്ട മാറി. സെപ്റ്റംബർ ആദ്യവാരം പുറത്തുവിട്ട യൂറോസ്റ്റാറ്റിന്റെ (Eurostat) കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 32,693 റെസിഡൻസ് പെർമിറ്റുകളാണ് മാൾട്ട മൂന്നാം ലോക രാജ്യങ്ങളിലെ പൗരന്മാർക്കായി (Third-country nationals) അനുവദിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് പെർമിറ്റുകളുടെ എണ്ണത്തിൽ 11 ശതമാനം വർധനവാണിത് രേഖപ്പെടുത്തിയത്.
ഓരോ 1,000 നിവാസികൾക്കും 57 പെർമിറ്റുകൾ എന്ന നിരക്കിലാണ് മാൾട്ട പുതിയ റെസിഡൻസ് പെർമിറ്റുകൾ നൽകിയത്. 1,000 പേർക്ക് 47 പെർമിറ്റുകൾ നൽകിയ സൈപ്രസ് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 2023-ൽ 1,000 പേർക്ക് 77 പെർമിറ്റുകൾ എന്ന റെക്കോർഡ് നിരക്കിലെത്തിയ മാൾട്ട, 2024-ൽ ഇത് 52 ആയി കുറച്ചിരുന്നു.
ലഭിച്ച ആകെ പെർമിറ്റുകളിൽ പകുതിയോളവും (16,289 എണ്ണം) തൊഴിൽ ആവശ്യങ്ങൾക്കാണ് നൽകിയിട്ടുള്ളത്. 8,095 പെർമിറ്റുകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും 2,856 പെർമിറ്റുകൾ കുടുംബാംഗങ്ങളുമായി ഒന്നിച്ചു ജീവിക്കുന്നതിനുമായാണ് (Family-related) അനുവദിച്ചത്. ബാക്കി 5,453 പെർമിറ്റുകൾ “മറ്റു ആവശ്യങ്ങൾ” എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
റെസിഡൻസ് പെർമിറ്റുകൾ ലഭിച്ചവരിൽ മുന്നിലുള്ള അഞ്ച് രാജ്യങ്ങളുടെ വിവരങ്ങളും കണക്കുകൾ വ്യക്തമാക്കുന്നു. ആകെ പെർമിറ്റുകളുടെ 21 ശതമാനവും (7,014 എണ്ണം) ഇന്ത്യൻ പൗരന്മാർക്കാണ് ലഭിച്ചത്. ഹോങ്കോങ് ഉൾപ്പെടെയുള്ള ചൈനീസ് പൗരന്മാർ 12 ശതമാനവും (3,926), നേപ്പാൾ പൗരന്മാർ തൊട്ടുപിന്നിലായി 11.7 ശതമാനവും (3,824) പെർമിറ്റുകൾ നേടി. ഇതിനുപുറമേ കൊളംബിയക്കാർക്ക് 6.8 ശതമാനവും (2,226), ഫിലിപ്പീൻസ് പൗരന്മാർക്ക് 6 ശതമാനവും (1,973) പെർമിറ്റുകൾ ലഭിച്ചു.
ചെറിയൊരു രാജ്യമായ മാൾട്ടയിൽ വർദ്ധിച്ചുവരുന്ന ജനസംഖ്യയെ ആശ്രയിച്ചുള്ള സാമ്പത്തിക മാതൃക വലിയ ആശങ്കകൾക്ക് വഴിവെക്കുന്നതിനിടെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. മാൾട്ടയുടെ തൊഴിൽ അധിഷ്ഠിത സാമ്പത്തിക വളർച്ചാ മാതൃക അതിന്റെ പരമാവധി പരിധിയിൽ എത്തി നിൽക്കുകയാണെന്ന് 2026 ഫെബ്രുവരിയിൽ അന്താരാഷ്ട്ര നാണയ നിധി (IMF) മുന്നറിയിപ്പ് നൽകിയിരുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി, ഉയർന്ന ജനസാന്ദ്രത, കടുത്ത തൊഴിൽ വിപണി പ്രതിസന്ധി എന്നിവ ചൂണ്ടിക്കാണിച്ച IMF, ഉൽപ്പാദനക്ഷമതയിലൂന്നിയ പുതിയ സാമ്പത്തിക നയത്തിലേക്ക് മാൾട്ട മാറേണ്ടതുണ്ടെന്ന് വ്യക്തമാക്കി.
യൂറോപ്യൻ യൂണിയനിലെ ശരാശരിയേക്കാൾ 15 മടങ്ങ് ഉയർന്ന ജനസാന്ദ്രതയുള്ള മാൾട്ടയ്ക്ക് വിദേശ തൊഴിലാളികളുടെ നിരന്തരമായ വരവിനെ ഇനി ആശ്രയിക്കാനാവില്ലെന്ന് റിപ്പോർട്ട് എടുത്തുപറയുന്നു. റോഡുകളിലെ വാഹനപ്പെരുപ്പവും വേനൽക്കാലത്ത് വീടുകളിലും സ്ഥാപനങ്ങളിലും അനുഭവപ്പെടുന്ന വൈദ്യുതി മുടക്കവും ഇതിന്റെ വ്യക്തമായ ലക്ഷണങ്ങളാണ്. വികസനത്തോടൊപ്പം ജനസംഖ്യ ഉയരുന്നത് രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെ തളർത്തുന്നുവെന്ന ആശങ്ക വിവിധ സന്നദ്ധ സംഘടനകളും (NGOs) സാമൂഹിക പങ്കാളികളും ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ വർഷം അവസാനത്തോടെ മാൾട്ടയിലെ ജനസംഖ്യ 588,254 ആയി ഉയർന്നിരുന്നു.
ആഗസ്റ്റിൽ പ്രസിദ്ധീകരിച്ച സെൻട്രൽ ബാങ്ക് കണക്കുകൾ പ്രകാരം, രാജ്യത്തെ ജിഡിപി (GDP) വളർച്ചയ്ക്ക് പ്രധാന കാരണം ആഭ്യന്തര ഉപഭോഗമാണ്. വർഷത്തിന്റെ ആദ്യ പാദത്തിൽ ഇത് 4.5% വർദ്ധിച്ചു. വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടും, തൊഴിലാളികളെ ലഭിക്കാൻ ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്ന യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലൊന്നായി മാൾട്ടയിലെ ബിസിനസുകൾ തുടരുന്നു. ഇയുവിന് പുറത്തുനിന്നുള്ള തൊഴിലാളികളെ നിയമിക്കാൻ ഏറ്റവും കൂടുതൽ താല്പര്യം കാണിക്കുന്നതും മാൾട്ടയിലെ ബിസിനസുകളാണ്.
സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും വർദ്ധിച്ചിട്ടും തൊഴിൽ വിപണിയിലെ സമ്മർദ്ദം തുടരുകയാണെന്ന് യൂറോബാരോമീറ്റർ (Eurobarometer) സർവേ വ്യക്തമാക്കുന്നു. വരും വർഷങ്ങളിലും മാൾട്ടയിലെ ജനസംഖ്യ വർദ്ധിക്കുമെന്നും എന്നാൽ മുൻപത്തെ അപേക്ഷിച്ച് വേഗത കുറവായിരിക്കുമെന്നും പ്രധാനമന്ത്രി റോബർട്ട് അബേല കഴിഞ്ഞ ജൂലൈയിൽ സമ്മതിച്ചിരുന്നു. സാമ്പത്തികം ശക്തമായി തുടരുകയാണെങ്കിൽ പ്രതിവർഷം 14,000 പേരുടെ ജനസംഖ്യാ വർദ്ധനവ് മാൾട്ടയ്ക്ക് താങ്ങാനാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.



