മാൾട്ടാ വാർത്തകൾ

തൊഴിലാളികളുടെ അവകാശ സംരക്ഷണം; വിദേശ തൊഴിലാളികൾ ട്രേഡ് യൂണിയനുകളിൽ ചേരണമെന്ന് ജി.ഡബ്ല്യു.യു.

മാൾട്ടയിൽ ജോലി ചെയ്യുന്ന എല്ലാ വിദേശ തൊഴിലാളികളും തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഏതെങ്കിലും ട്രേഡ് യൂണിയനിൽ അംഗമാകണമെന്ന് ജനറൽ വർക്കേഴ്സ് യൂണിയൻ (GWU) ആഹ്വാനം ചെയ്തു. ബജറ്റ് 2027-ൽ വിദേശ തൊഴിലാളികളെ ബാധിക്കുന്ന വിവാദ നടപടികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യൂണിയന്റെ നിർദേശം.

വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, അടുത്ത വർഷത്തേക്കുള്ള ബജറ്റിനോടുള്ള പ്രതികരണം GWU ദേശീയ കൗൺസിൽ വിശദീകരിച്ചു. മാൾട്ടയിൽ ജോലി ചെയ്യുന്ന മൂന്നാം രാജ്യക്കാരെ (TCNs) ലക്ഷ്യമിട്ടുള്ള നിരവധി നടപടികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിദേശ തൊഴിലാളികൾക്ക് സൗജന്യ പൊതുഗതാഗതവും ശിശുപരിചരണ സൗകര്യവും ഒഴിവാക്കുക, ഡ്രൈവിങ് ലൈസൻസ് ഫീസും താമസാനുമതി അപേക്ഷകളുമായി ബന്ധപ്പെട്ട ചെലവുകളും വർധിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന നടപടികൾ.

ഈ നടപടികൾ വിദേശ തൊഴിലാളികൾക്ക്, പ്രത്യേകിച്ച് കുറഞ്ഞ വരുമാനമുള്ളവർക്ക്, അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് ജി.ഡബ്ല്യു.യു. ദേശീയ കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചു.

ഇതുമായി ബന്ധപ്പെട്ട പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി റിക്രൂട്ട്മെന്റ് കമ്പനികളുമായും ഏജൻസികളുമായും യൂണിയൻ ഇതിനകം ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ചെലവുകളുടെ ഒരു ഭാഗമോ മുഴുവനായോ കമ്പനികൾ ഏറ്റെടുക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് കൗൺസിൽ അറിയിച്ചു.

അതേസമയം, തങ്ങളുടെ അവകാശങ്ങൾക്ക് മതിയായ പ്രതിനിധാനം ഉറപ്പാക്കുന്നതിനായി ഇഷ്ടമുള്ള ട്രേഡ് യൂണിയനിൽ അംഗത്വമെടുക്കാൻ വിദേശ തൊഴിലാളികളോട് കൗൺസിൽ നിർദേശിച്ചു.

സാമൂഹിക സംരക്ഷണം ശക്തിപ്പെടുത്തുക, ജനങ്ങളുടെ വാങ്ങൽശേഷി സംരക്ഷിക്കുക, തൊഴിലാളികൾക്കും പെൻഷൻകാർക്കും കുടുംബങ്ങൾക്കും പിന്തുണ നൽകുക തുടങ്ങിയ നടപടികൾ ഉൾപ്പെടുത്തിയ ബജറ്റിനെ മൊത്തത്തിൽ ‘പ്രതിരോധശേഷിയുള്ള ബജറ്റ്’ എന്നാണ് കൗൺസിൽ വിശേഷിപ്പിച്ചത്.

എന്നാൽ ദുർബലരായ തൊഴിലാളികളുടെ സംരക്ഷണം, വേതനവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടുത്തൽ, ജീവിതനിലവാരം ഉയർത്തൽ തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധയും കൃത്യമായ നടപടികളും ആവശ്യമാണെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.

€1,000 സൂപ്പർ ബോണസിനെ സ്വാഗതം ചെയ്ത് ജി.ഡബ്ല്യു.യു.

അർഹരായ തൊഴിലാളികൾക്ക് നൽകുന്ന €1,000 സൂപ്പർ ബോണസിനെ കൗൺസിൽ സ്വാഗതം ചെയ്തു.

€6.41 കോസ്റ്റ് ഓഫ് ലിവിങ് അഡ്ജസ്റ്റ്മെന്റ് (COLA), സിഓഎൽഎ ഉൾപ്പെടെ ദേശീയ മിനിമം വേതനത്തിൽ ആഴ്ചയിൽ €10.41 വർധന, അധിക സിഓഎൽഎ സംവിധാനം തുടരാനുള്ള തീരുമാനം എന്നിവയും സ്വാഗതം ചെയ്തു.

അതേസമയം, ഭവന ചെലവുകൾ, ഗതാഗതക്കുരുക്ക്, പൊതുസേവനങ്ങൾക്ക് മേലുള്ള സമ്മർദം, ജീവിതച്ചെലവിനനുസരിച്ചുള്ള വേതനം എന്നിവയുമായി ബന്ധപ്പെട്ട അടിസ്ഥാന പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കേണ്ടതുണ്ടെന്ന് കൗൺസിൽ വ്യക്തമാക്കി.

ബജറ്റിന് മുമ്പ് യൂണിയൻ മുന്നോട്ടുവച്ച ലിവിങ് ഇൻകം, ജോലിസമയത്തിന് ശേഷം ജോലിയിൽ നിന്നുള്ള വിച്ഛേദനത്തിനുള്ള അവകാശം (Right to Disconnect), വേതന നിയന്ത്രണ ഉത്തരവുകളുടെ (WROs) ആധുനികവൽക്കരണം, 32 മണിക്കൂർ പ്രവൃത്തി ആഴ്ച പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കൽ തുടങ്ങിയ നിർദേശങ്ങളുടെ പ്രാധാന്യവും കൗൺസിൽ ആവർത്തിച്ചു.

സിഓഎൽഎ വർഷത്തിൽ രണ്ട് ഘട്ടങ്ങളിലായി, ജൂണിലും ഡിസംബറിലും നൽകണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. ഇതിലൂടെ വർഷം മുഴുവൻ വിലവർധന നേരിടാൻ തൊഴിലാളികൾക്ക് കൂടുതൽ സഹായമാകുമെന്ന് വ്യക്തമാക്കി.

സബ്സിഡികൾ : കൂടുതൽ പ്രോത്സാഹനങ്ങൾ ആവശ്യം

ബജറ്റിന് മുന്നോടിയായി സർക്കാർ നൽകുന്ന ഊർജ സബ്സിഡികൾ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ചർച്ചകൾ നടന്നിരുന്നു. സബ്സിഡികളുടെ പ്രാധാന്യത്തെക്കുറിച്ചും അവ പൂർണമായി ഒഴിവാക്കണമോയെന്നതിനെക്കുറിച്ചും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.

കുടുംബങ്ങളുടെ ജീവിതച്ചെലവിലെ സമ്മർദം കുറയ്ക്കുന്നതിനും ബിസിനസുകൾക്ക് സ്ഥിരത ഉറപ്പാക്കുന്നതിനും സബ്സിഡികൾ പ്രധാന ഉപാധിയാണെന്ന് ജി.ഡബ്ല്യു.യു. കൗൺസിൽ പറഞ്ഞു.

എന്നാൽ ബദൽ ഊർജ സ്രോതസ്സുകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വിഭവങ്ങൾ ഉത്തരവാദിത്തത്തോടെയും കാര്യക്ഷമമായും ഉപയോഗിക്കുന്നതിനും കൂടുതൽ പ്രോത്സാഹനങ്ങൾ ആവശ്യമാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.

സുസ്ഥിര സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റം നീതിപൂർവമായിരിക്കണമെന്നും തൊഴിലാളികൾക്ക് ആവശ്യമായ പരിശീലനവും അവസരങ്ങളും നൽകി ഈ മാറ്റങ്ങളുടെ നേട്ടങ്ങൾ അവർക്കും ലഭ്യമാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

ആരോഗ്യരംഗം: അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും വേണം

കാരിൻ ഗ്രെച്ച്, സെന്റ് ലൂക്ക് ആശുപത്രികളുടെ പുനരുദ്ധാരണം, ഗോസോ ജനറൽ ആശുപത്രിയിലെ വികസന പ്രവർത്തനങ്ങൾ, മെഡിക്കൽ ഇമേജിങ് സേവനങ്ങളിലെ നിക്ഷേപം എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെ കൗൺസിൽ സ്വാഗതം ചെയ്തു.

വിദേശത്ത് ചികിത്സ തേടുന്ന മുതിർന്ന രോഗിയെ അനുഗമിക്കുന്ന വ്യക്തിയുടെ ചെലവ് സർക്കാർ വഹിക്കുമെന്ന പ്രഖ്യാപനവും സ്വാഗതം ചെയ്തു.

മറ്റിയർ ഡെയ് ആശുപത്രിയിൽ അത്യാഹിത വിഭാഗം വിപുലീകരിക്കുന്നതിനും പുതിയ മാനസികാരോഗ്യ വിഭാഗം സ്ഥാപിക്കുന്നതിനുമുള്ള പദ്ധതികളെയും കൗൺസിൽ അഭിനന്ദിച്ചു. ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

എന്നാൽ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം മനുഷ്യവിഭവശേഷിയിലും നിക്ഷേപം നടത്തേണ്ടതുണ്ടെന്ന് കൗൺസിൽ വ്യക്തമാക്കി. ജീവനക്കാരെ നിയമിക്കൽ, ജോലിയിൽ നിലനിർത്തൽ, തുടർച്ചയായ പരിശീലനം, ജോലിഭാരം കുറയ്ക്കൽ, തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവ ഉൾക്കൊള്ളുന്ന തന്ത്രം ആവശ്യമാണ്.

‘ഈ സൗകര്യങ്ങൾക്ക് ജീവൻ നൽകുന്നതും രോഗികൾക്ക് ഗുണനിലവാരമുള്ള ആരോഗ്യപരിചരണം ഉറപ്പാക്കുന്നതും തൊഴിലാളികളാണ്,’ കൗൺസിൽ പറഞ്ഞു.

ഉൽപാദനക്ഷമത: പരിശീലനം, നൈപുണ്യ വികസനം, എഐ

ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിൽ പരിശീലനം, നൈപുണ്യ വികസനം, നിലവിലുള്ള കഴിവുകൾ മെച്ചപ്പെടുത്തൽ എന്നിവയിൽ നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യം കൗൺസിൽ ചൂണ്ടിക്കാട്ടി.

ഡിജിറ്റലൈസേഷനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) രംഗത്തെ വളർച്ചയും കണക്കിലെടുക്കുമ്പോൾ ഇത്തരം പരിശീലനങ്ങൾക്ക് കൂടുതൽ പ്രാധാന്യമുണ്ടെന്നും വ്യക്തമാക്കി.

ഉൽപാദനക്ഷമത വർധിക്കുന്നതിനൊപ്പം വേതനവും തൊഴിൽ സാഹചര്യങ്ങളും മെച്ചപ്പെടണം. സാമ്പത്തികവും ഡിജിറ്റൽവുമായ പരിവർത്തനങ്ങളിൽ തൊഴിലാളികൾക്ക് കേന്ദ്രസ്ഥാനമുണ്ടാകണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

യുവാക്കൾക്ക് മെച്ചപ്പെട്ട വേതനവും താങ്ങാനാവുന്ന ഭവനസൗകര്യവും വേണം

വിദ്യാർത്ഥികളുടെ സ്റ്റൈപൻഡ് വർധിപ്പിക്കൽ, ജിം സൗകര്യങ്ങളിൽ സൗജന്യ പ്രവേശനം നീട്ടൽ, മാൾട്ടയിൽ പഠിക്കുന്ന ഗോസോ സ്വദേശികളായ വിദ്യാർഥികൾക്ക് പ്രതിമാസം €280 സാമ്പത്തിക സഹായം നൽകൽ തുടങ്ങിയ യുവജന-വിദ്യാർത്ഥി ക്ഷേമ നടപടികളെ കൗൺസിൽ സ്വാഗതം ചെയ്തു.

എന്നാൽ യുവജനങ്ങൾക്കുള്ള അവസരങ്ങൾ വിദ്യാർത്ഥികളിൽ മാത്രം ഒതുങ്ങരുതെന്നും ഇതിനകം തൊഴിൽരംഗത്ത് പ്രവേശിച്ചവർക്കും മെച്ചപ്പെട്ട വേതനം, തൊഴിൽ സാഹചര്യങ്ങൾ, പരിശീലനം, കരിയർ പുരോഗതി, താങ്ങാനാവുന്ന ഭവനസൗകര്യം എന്നിവ ഉറപ്പാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

വയോധികർക്കുള്ള നടപടികളെ സ്വാഗതം ചെയ്തു

വയോധികർക്കും പെൻഷൻകാർക്കും ബജറ്റിൽ നൽകിയ ശ്രദ്ധയെ GWU ദേശീയ കൗൺസിൽ സ്വാഗതം ചെയ്തു. പെൻഷനുകളിൽ ആഴ്ചയിൽ €10 വർധന ഉൾപ്പെടുത്തിയ നടപടിയും അഭിനന്ദിച്ചു.

1962-ന് മുമ്പ് ജനിച്ചവരുടെ പരമാവധി പെൻഷൻ ലഭിക്കാവുന്ന വരുമാനപരിധി ഉയർത്തിയത്, വിധവാ പെൻഷനുകളിലെ മെച്ചപ്പെടുത്തലുകൾ, വീട്ടിൽ വയോധികരെ പരിചരിക്കുന്നവർക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകൽ തുടങ്ങിയ നടപടികളെയും കൗൺസിൽ പ്രശംസിച്ചു.

അതേസമയം, വയോധികർക്ക് മാന്യവും സ്വതന്ത്രവുമായ ജീവിതം നയിക്കാനും മികച്ച ജീവിതനിലവാരം ഉറപ്പാക്കാനും സജീവ വാർധക്യം, ആരോഗ്യ സേവനങ്ങൾ, സമൂഹാധിഷ്ഠിത പരിചരണ സംവിധാനങ്ങൾ എന്നിവയിൽ കൂടുതൽ നിക്ഷേപം വേണമെന്നും ആവശ്യപ്പെട്ടു.

ഗോസോ : മ്ഗാർ തുറമുഖ വികസനം ദേശീയ മുൻഗണന

മാൾട്ടയ്ക്കും ഗോസോയ്ക്കുമിടയിലെ അടിസ്ഥാന സൗകര്യങ്ങളും ബന്ധവും മെച്ചപ്പെടുത്തുന്നതിനായി പ്രഖ്യാപിച്ച €141 മില്യൺ നിക്ഷേപത്തെ കൗൺസിൽ സ്വാഗതം ചെയ്തു.

എന്നാൽ ഗോസോയിൽ മികച്ച വേതനവും തൊഴിൽ സാഹചര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ കൂടുതൽ സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ടു.

മ്ഗാർ തുറമുഖത്തിന്റെ വികസനവും അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തലും ‘ദേശീയ മുൻഗണന’യാണെന്ന് കൗൺസിൽ വിശേഷിപ്പിച്ചു. എന്നാൽ തുറമുഖ വികസനത്തിനായി ബജറ്റിൽ കൃത്യമായ പദ്ധതിയോ പ്രത്യേക ഫണ്ട് വകയിരുത്തലോ പ്രഖ്യാപിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.

പദ്ധതി ആസൂത്രണ ഘട്ടത്തിൽ നിന്ന് നടപ്പാക്കലിലേക്ക് നീങ്ങണമെന്നും, ധനസഹായവും പൂർത്തീകരണ സമയപരിധിയും സംബന്ധിച്ച് വ്യക്തമായ ഉറപ്പ് നൽകണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

അച്ചടക്ക സേനയിലെ മുൻ അംഗങ്ങൾക്കുള്ള നടപടികൾ യൂണിയൻ ഇടപെടലിന്റെ ഫലം

അച്ചടക്ക സേനയിലെ മുൻ അംഗങ്ങൾക്ക് പ്രയോജനപ്പെടുന്ന ബജറ്റ് നടപടികളെയും കൗൺസിൽ സ്വാഗതം ചെയ്തു.

തൊഴിലില്ലാത്തവരും അർഹതയുള്ളവരുമായ മുൻ അംഗങ്ങൾക്ക് വാർഷിക ബോണസിൽ €520 വർധന ലഭിക്കും. തൊഴിൽ തുടരുന്ന മുൻ അംഗങ്ങൾക്ക് 2027-ൽ €186.68 ബോണസ് ലഭിക്കും. തുടർന്നുള്ള വർഷങ്ങളിൽ ഈ തുക കൂടി ലഭിക്കുന്ന രീതിയിലായിരിക്കും പദ്ധതി.
ജി.ഡബ്ല്യു.യുയുടെ അച്ചടക്ക സേന, സുരക്ഷാ ഉദ്യോഗസ്ഥർ, നിയമ നിർവഹണ വിഭാഗം എന്നിവ ബന്ധപ്പെട്ട അധികാരികളുമായി നടത്തിയ ചർച്ചകളുടെ ഫലമായാണ് ഈ നടപടികൾ ഉണ്ടായതെന്ന് കൗൺസിൽ പറഞ്ഞു.

ഇത് ‘സാമൂഹിക സംവാദത്തിന്റെയും ട്രേഡ് യൂണിയൻ പ്രതിനിധീകരണത്തിന്റെയും അനുകൂല ഫലം’ ആണെന്നും കൗൺസിൽ വിശേഷിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button