അന്തർദേശീയം

സൈനിക സഹായം; ടെക് കമ്പനികളുടെ യുഎസ്സിലെ പ്രധാന ഓഫീസുകൾ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ

ടെഹ്റാൻ : അമേരിക്കൻ ടെക് കമ്പനികളായ ആമസോൺ, മൈക്രോസോഫ്റ്റ്, സ്പേസ് എക്സ് എന്നിവയുടെ യുഎസ്സിലെ പ്രധാന ഓഫീസുകൾക്ക് നേരെ ആക്രമണം നടത്തുന്ന തരത്തിലുള്ള എഐ നിർമിത വീഡിയോയുമായി ഇറാൻ. കമ്പനികളുടെ കെട്ടിടങ്ങൾ തകരുന്നതും തീപിടിക്കുന്നതും സ്ഫോടനങ്ങൾ നടക്കുന്നതുമാണ് വിഡിയോയിലുള്ളത്.

അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കങ്ങളെ സഹായിക്കുന്ന കമ്പനികൾക്കുള്ള മുന്നറിയിപ്പാണിതെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ പുറത്തുവിട്ടത്. ഇറാന്റെ മെഹർ വാർത്താ ഏജൻസിയുടെ ടെലഗ്രാം ചാനലിലൂടെയാണ് വീഡിയോ പുറത്തുവന്നത്. ഇംഗ്ലീഷിലുള്ള വിവരണത്തോടെയാണ് വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. അമേരിക്കൻ കമ്പനികളെ ലക്ഷ്യമിടുന്ന ഒരു സായുധ സംഘത്തിന്റെ ആക്രമണമായാണ് ദൃശ്യങ്ങൾ അവതരിപ്പിക്കുന്നത്.

‘ഞങ്ങളുടെ കുട്ടികളെ കൊന്നവരെ വെറുതെ വിടില്ല’ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. അമേരിക്കൻ ജനതയെയല്ല, കമ്പനികളെയാണ് ഇറാൻ ലക്ഷ്യമിടുന്നതെന്നും വീഡിയോയിൽ പറയുന്നു. ഇതൊരു മുന്നറിയിപ്പാണെന്നും ഇറാൻ വീഡിയോയിൽ വ്യക്തമാക്കി. ഇറാനെതിരായ യുദ്ധത്തിൽ പങ്കാളികളായ കമ്പനികൾ നഷ്ടപരിഹാരം നൽകുകയും തെറ്റുകൾ സമ്മതിക്കുകയും വേണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം സമാനമായ നാശം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. ‘പശ്ചാത്താപമോ നാശമോ? തിരഞ്ഞെടുപ്പ് അമേരിക്കയുടേതാണ്’ എന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. എഐ ഉപയോഗിച്ച് നിർമിച്ച ദൃശ്യങ്ങളാണെങ്കിലും യുദ്ധസാഹചര്യത്തിൽ സ്വകാര്യ കമ്പനികളെ ലക്ഷ്യമിട്ടുള്ള ഇത്തരം പ്രചാരണങ്ങൾ വലിയ ആശങ്കയാണ് ഉയർത്തുന്നത്.

ഇറാനിലെ മിനാബിൽ സ്‌കൂളിനുനേരെ ഫെബ്രുവരിയിലുണ്ടായ ബോംബാക്രമണത്തിൽ കുട്ടികളടക്കം 175 പേർ കൊല്ലപ്പെട്ട സംഭവത്തെ കുറിച്ച് വീഡിയോയിൽ പരാമർശിക്കുന്നു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളാണ്. സംഭവത്തിൽ യുഎസിനാണ് ഉത്തരവാദിത്വമെന്ന് പ്രാഥമിക സൈനിക അന്വേഷണത്തിൽ ഇറാൻ കണ്ടെത്തിയിരുന്നു. അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക വിഭാഗങ്ങളുമായി രഹസ്യ സഹകരണം നടത്തുന്ന കമ്പനികൾക്ക് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും ഇറാൻ ആരോപിച്ചു. ഇറാനിയൻ ജനതയ്ക്കും മിനാബിലെ നിരപരാധികളായ കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങളിൽ പങ്കാളികളായ കമ്പനികൾക്കുള്ള കടുത്ത മുന്നറിയിപ്പാണിതെന്നും മെഹർ ഏജൻസി പറയുന്നു. ആമസോൺ മുതൽ മൈക്രോസോഫ്റ്റ് വരെയുള്ള കമ്പനികൾക്കെതിരെ നടപടി വേണമെന്നാണ് ഇറാന്റെ നിലപാട്.

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പുതിയ ഭീഷണി. പുതുവർഷത്തിനു പിന്നാലെ ഇറാനെതിരെ വീണ്ടും സൈനിക നടപടി ഉണ്ടായേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈയാഴ്ച സൂചന നൽകിയിരുന്നു. ചർച്ചകളിൽ ഇറാൻ സമയം നീട്ടിക്കൊണ്ടുപോകുകയാണെന്നും അദ്ദേഹം ആരോപിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഖഷം ദ്വീപിലുള്ള മിസൈൽ വിക്ഷേപണ കേന്ദ്രത്തിനു നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇറാന്റെ ഐആർജിസി നടത്തിയ നീക്കങ്ങൾക്ക് മറുപടിയായാണ് ആക്രമണമെന്നാണ് യുഎസ്സിന്റെ വിശദീകരണം. പിന്നാലെ മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തി. അമേരിക്കയുടെ സഖ്യകക്ഷികളായ ഗൾഫ് രാജ്യങ്ങൾ ഇവ ആകാശത്തുവെച്ച് തന്നെ തടഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button