യൂറോപ്യൻ യൂണിയൻ വാർത്തകൾ

സ്‌പെയിനിലെ കാനറി ദ്വീപുകൾക്ക് സമീപം കുടിയേറ്റക്കാരുമായി എത്തിയ ബോട്ടിൽ 14 പേർ മരിച്ച നിലയിൽ

മാഡ്രിഡ് : സ്‌പെയിനിലെ കാനറി ദ്വീപുകൾക്ക് സമീപം കുടിയേറ്റക്കാരുമായി എത്തിയ ബോട്ടിൽ 14 പേർ മരിച്ച നിലയിൽ. എൽ ഹിയേറോ ദ്വീപിന് 39 നോട്ടിക്കൽ മൈൽ (72 കിലോമീറ്റർ) അകലെയാണ് ബോട്ട് കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള ആറുപേരെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 14 മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചതായാണ് പ്രമുഖ സ്പാനിഷ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്.

ബോട്ടിൽ എട്ടിനും പത്തിനും ഇടയിൽ മൃതദേഹങ്ങളുണ്ടെന്നായിരുന്നു മാരിടൈം റെസ്ക്യൂ സർവീസിന്റെ പ്രാഥമിക നിഗമനം. കണ്ടെത്തിയ ബോട്ട് കരയ്ക്കടുപ്പിക്കാൻ ‘ലാ എസ്റ്റാക്ക’ തുറമുഖത്തേക്ക് വലിച്ചുകൊണ്ടുപോവുകയാണ് നിലവിൽ അധികൃതർ ചെയ്യുന്നത്. ഇതിനിടെ, എൽ ഹിയേറോയിലെ ‘ലാ റെസ്റ്റിംഗ’ തുറമുഖത്ത് മറ്റൊരു ബോട്ടിലെത്തിയ 84 കുടിയേറ്റക്കാരെ സുരക്ഷിതമായി കരയ്ക്കിറക്കി. ദ്വീപിലെത്തുന്ന ഭൂരിഭാഗം കുടിയേറ്റക്കാരെയും പാർപ്പിക്കുന്ന സ്വീകരണ കേന്ദ്രവും ഫീൽഡ് ആശുപത്രിയും പ്രവർത്തിക്കുന്നത് ഈ തുറമുഖത്താണ്.

ഒക്ടോബർ മുതൽ കാനറി ദ്വീപുകളിലേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്ക് ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. നവംബർ 25ന് ഒറ്റദിവസം മാത്രം 2100 പേർ എത്തിയയതാണ് വലിയ റെക്കോഡ്. ഇതിൽ ഭൂരിഭാഗവും എത്തിയത് വെറും 11,400 മാത്രം ജനസംഖ്യയുള്ള എൽ ഹിയേറോ ദ്വീപിലേക്കാണ്. ശരത്കാലത്ത് കടൽ താരതമ്യേന ശാന്തമാകുന്നതിനാൽ, പ്രതികൂല കാലാവസ്ഥയെയും ശക്തമായ അടിയൊഴുക്കുകളെയും അവഗണിച്ച് ആയിരക്കണക്കിന് ആളുകളാണ് എല്ലാ വർഷവും തിങ്ങിനിറഞ്ഞ ബോട്ടുകളിൽ അറ്റ്ലാന്റിക് സമുദ്രം മുറിച്ചുകടന്ന് സ്പാനിഷ് തീരത്തെത്താൻ ശ്രമിക്കുന്നത്.

പുതിയ ദുരന്തത്തിൽ കടുത്ത വേദനയും നിസ്സഹായതയും രേഖപ്പെടുത്തിയ കാനറി ദ്വീപ് മേഖല നേതാവ് ഫെർണാണ്ടോ ക്ലാവിജോ, വിഷയത്തിൽ സ്പാനിഷ് സർക്കാറും യൂറോപ്യൻ കമീഷനും അടിയന്തരമായി ഇടപെടണമെന്ന് എക്സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. “ഈ മാനുഷിക പ്രതിസന്ധി ആരംഭിക്കുന്നത് എൽ ഹിയേറോയിലല്ല, മറിച്ച് സെനഗലിന്റെയും ഗാംബിയയുടെയും തീരങ്ങളിലാണ്. അവിടെയാണ് നാം നടപടിയെടുക്കേണ്ടത്” – അദ്ദേഹം കുറിച്ചു.

ഞായറാഴ്ച സ്‌പെയിനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ലോകത്തിലെ ഏറ്റവും അപകടകരമായ കുടിയേറ്റ പാതകളിലൊന്നിലെ ഈ ദുരന്തം വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കുടിയേറ്റം ഗുണകരമാണെന്ന നിലപാടാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്വീകരിക്കുന്നത്. എന്നാൽ, അഭിപ്രായ സർവേകളിൽ മുന്നിട്ടുനിൽക്കുന്ന വലതുപക്ഷ പാർട്ടികൾ കുടിയേറ്റത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button