കേരളം

ഇന്ത്യൻ ഡ്രൈവിങ് ലൈസന്‍സ് കാലാവധി എത്ര?; ഓരോ പ്രായത്തിന്റെയും റൂള്‍ അറിയാം

തിരുവനന്തപുരം : 2019ല്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് ഭേദഗതി ചെയ്യുന്നതു വരെ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി പരമാവധി 20 വര്‍ഷമോ അല്ലെങ്കില്‍ അമ്പത് വയസാകുന്നതു വരെയോ ആയിരുന്നു. 50 വയസിനു ശേഷം 5 വര്‍ഷം വീതം കാലാവധി നല്‍കിയിരുന്നു. എന്നാല്‍ 2019ലെ ഭേദഗതിയോടെ അതിനു ശേഷമെടുത്ത/ പുതുക്കിയ ലൈസന്‍സുകളുടെ കാലാവധിയില്‍ മാറ്റം വന്നിട്ടുണ്ട്.

മീഡിയം/ഹെവി വാഹന ലൈസന്‍സ് (Trans) കാലാവധി 2019ന് മുന്‍പ് മൂന്ന് വര്‍ഷമായിരുന്നു. 2019ന് ശേഷം എടുത്തതോ പുതുക്കിയതോ ആണെങ്കില്‍ 5 വര്‍ഷമായി കാലാവധി ഉയര്‍ത്തിയിട്ടുണ്ട്. മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 14 പ്രകാരം ലൈസന്‍സ് നല്‍കുമ്പോഴോ പുതുക്കുമ്പോഴോ ഉള്ള പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള ലൈസന്‍സിന്റെ പുതുക്കിയ കാലാവധി ചുവടെ:

ലൈസന്‍സ് എടുക്കുമ്പോള്‍ 30 വയസിന് താഴെയാണ് പ്രായമെങ്കില്‍ പുതിയ ഭേദഗതി അനുസരിച്ച് ലൈസന്‍സിന്റെ കാലാവധി 40 വയസ് തികയുന്നത് വരെയാണ്.

30 വയസ് മുതല്‍ 50 വയസിന് താഴെയാണ് പ്രായമെങ്കില്‍ ലൈസന്‍സ് നല്‍കുമ്പോഴും പുതുക്കുമ്പോഴും ലൈസന്‍സിന് പത്തുവര്‍ഷം കാലാവധിയാണ് ലഭിക്കുക

50 വയസ് മുതല്‍ 55 വയസിന് താഴെയാണ് പ്രായമെങ്കില്‍ ലൈസന്‍സ് നല്‍കുമ്പോഴും പുതുക്കുമ്പോഴും ലൈസന്‍സിന് കാലാവധി 60 വയസ് തികയുന്നത് വരെയാണ്

55 വയസും അതിന് മുകളിലുമാണ് പ്രായമെങ്കില്‍ ലൈസന്‍സ് നല്‍കുമ്പോഴും പുതുക്കുമ്പോഴും ലൈസന്‍സിന്റെ കാലാവധി അഞ്ചുവര്‍ഷമാണ്.

ലൈസന്‍സ് കാലാവധി അവസാനിച്ചാലും കാലാവധി അവസാനിച്ച തീയതി മുതല്‍ 30 ദിവസം വരെ ലൈസന്‍സ് പ്രാബല്യത്തില്‍ തുടരും. 2026 ഓഗസ്റ്റ് 15 മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

ഉദാഹരണമായി 28-ാം വയസില്‍ ലൈസന്‍സ് എടുത്ത ആളിന് 40 വയസ് വരെ ലൈസന്‍സ് ഉപയോഗിക്കാം. ഇതിന് ശേഷം പുതുക്കണം. 35-ാം വയസിലാണ് ലൈസന്‍സ് എടുക്കുന്നതെങ്കില്‍ 45-ാം വയസ് വരെ ലൈസന്‍സ് ഉപയോഗിക്കാം. തുടര്‍ന്ന് പുതുക്കണം. പുതുക്കുമ്പോള്‍ വീണ്ടും ഒരു പത്തുവര്‍ഷം വരെ ലൈസന്‍സ് ഉപയോഗിക്കാന്‍ അനുവദിക്കും.

52-ാം വയസിലാണ് പുതുക്കുന്നതെങ്കില്‍ 60 വയസ് വരെ ലൈസന്‍സ് ഉപയോഗിക്കാം. തുടര്‍ന്ന് വീണ്ടും പുതുക്കുമ്പോള്‍ അഞ്ചു വര്‍ഷം വരെ മാത്രമേ ലൈസന്‍സ് ഉപയോഗിക്കാന്‍ കഴിയൂ. ഇതിന് ശേഷം ലൈസന്‍സ് പുതുക്കേണ്ടതായി വരും. 58-ാം വയസില്‍ പുതുക്കിയാല്‍ അഞ്ചുവര്‍ഷം ലൈസന്‍സ് ഉപയോഗിക്കാം. അതായത് 63 വയസ് വരെ ഉപയോഗിക്കാം. തുടര്‍ന്നും ലൈസന്‍സ് വേണമെങ്കില്‍ വീണ്ടും പുതുക്കണം. ഇത്തരത്തില്‍ പുതുക്കിയാല്‍ അഞ്ചുവര്‍ഷം കൂടി ലൈസന്‍സ് ഉപയോഗിക്കാമെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button