കേരളം

കൊച്ചി വിമാനത്താവളത്തില്‍ വിവിധ തരം റൈഫിളുകളുമായി ദുബൈയില്‍ നിന്ന് എത്തിയ രണ്ട് യാത്രക്കാര്‍ പിടിയില്‍

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തില്‍ തോക്കുമായി യാത്രക്കാര്‍ പിടിയില്‍. ദുബൈയില്‍ നിന്ന് എത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 11 റൈഫിളുകള്‍ പിടിച്ചെടുത്തു. തോക്കുകള്‍ ഭാഗങ്ങളാക്കി വേര്‍പെടുത്തിയ നിലയിലായിരുന്നു. രമേശ് മച്ചാട്ട്, സിജോയ് ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

ദുബൈയില്‍ നിന്നുള്ള ഇന്‍ഡിഗോ 6E 1476 വിമാനത്തിലാണ് ഇരുവരും കൊച്ചിയില്‍ എത്തിയത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരുടെ ലഗേജുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് തോക്കുകള്‍ കണ്ടെത്തിയത്. പരിശോധനയില്‍ നിന്ന് രക്ഷപ്പെടുന്നതിനായി തോക്കുകളുടെ ഭാഗങ്ങള്‍ വേര്‍പെടുത്തിയായിരുന്നു ബാഗേജുകളില്‍ ഒളിപ്പിച്ചിരുന്നത്. റൈഫിളുകള്‍ക്കൊപ്പം ഇവയുടെ അനുബന്ധ ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്.

പിടിച്ചെടുത്ത എയര്‍ റൈഫിളുകള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വിവിധ മോഡലുകളിലുള്ള റൈഫിളുകളാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവയുടെ പ്രഹരശേഷി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതിനായി വിശദമായ സാങ്കേതിക പരിശോധന നടത്തുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. രമേഷ് മച്ചാട്ട് നേരത്തെയും സമാനമായ കേസില്‍ പിടിയിലായിട്ടുണ്ടെന്നാണ് വിവരം. പ്രതികളെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. വിദേശത്തുനിന്ന് ഇത്തരം തോക്കുകള്‍ കൊണ്ടുവരുന്നതിന് കര്‍ശനമായ നിയമങ്ങളുണ്ട്. കൂടാതെ വ്യക്തമായ രേഖകളും അനുമതിപത്രങ്ങളും ആവശ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button