13 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വിധി പറഞ്ഞ് ജൂറി

13 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്കെതിരെ ജൂറി വിധി പ്രഖ്യാപിച്ചു. പെൺകുട്ടിക്ക് 13 വയസ്സുള്ളപ്പോൾ,2018-ലും 2019-ലും നടന്നതായി ആരോപിക്കപ്പെടുന്ന രണ്ട് സംഭവങ്ങളാണ് കേസിന്റെ ആധാരം.
ക്രൂരമായ ബലാത്സംഗം, 16 വയസ്സിന് താഴെയുള്ള വ്യക്തിയെ വഴിതെറ്റിക്കൽ, 16 വയസ്സിന് താഴെയുള്ള വ്യക്തിയുമായി ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നീ മൂന്ന് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
വിചാരണ വേളയിൽ, ഇപ്പോൾ 21 വയസ്സുള്ള ഇരയായ യുവതി വീഡിയോകോൺഫറൻസ് വഴി മൊഴി നൽകി. ജിംനാസ്റ്റിക്‌സിലൂടെ പ്രതിയുടെ മകളുമായി സൗഹൃദത്തിലായെന്നും തുടർന്ന് ഇവരുടെ വീട്ടിൽ താമസിക്കാറുണ്ടായിരുന്നുവെന്നും യുവതി ജൂറിയോട് പറഞ്ഞു.
2018 ഒക്ടോബറിലാണ് ആദ്യ ആക്രമണം നടന്നത്. പ്രതി തന്നെ ബെഡ്‌റൂമിലേക്ക് വിളിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നൽകി. ആക്രമിക്കപ്പെടുകയാണെന്ന് മനസ്സിലായെങ്കിലും ഭയം മൂലം കണ്ണുകൾ അടച്ച് “തണുത്തുറഞ്ഞുപോയി” (froze) എന്നും, എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞു. എന്നാൽ ആ സമയത്ത് സംഭവം ആരോടും പറയാതിരുന്ന പെൺകുട്ടി ഈ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നത് തുടർന്നു.
രണ്ടാമത്തെ സംഭവം നടന്നത് 2019 ജൂൺ 28-ന് പ്രതിയുടെ ബോട്ടിൽ വെച്ചുള്ള വാരാന്ത്യ യാത്രയ്ക്കിടെയാണ്. പുതിയ കട്ടിൽ കാണിച്ചുതരാം എന്ന് പറഞ്ഞ് പ്രതി തന്നെ കേബിനിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതി കോടതിയെ അറിയിച്ചു. എന്നാൽ ഇത്തവണ കാൽ കൊണ്ട് പ്രതിയെ തള്ളിമാറ്റിയ പെൺകുട്ടി, തനിക്ക് 14 വയസ്സ് തികയാൻ പോകുകയാണെന്നും ഇത് വേണ്ടെന്നും വ്യക്തമാക്കി. തുടർന്ന് സാധനങ്ങളുമെടുത്ത് ബോട്ടിൽ നിന്ന് ചാടി മിനിറ്റുകളോളം നീന്തി പെൺകുട്ടി കരയ്ക്കെത്തുകയായിരുന്നു.
പിന്നീട് ഈ സംഭവം പെൺകുട്ടി തന്റെ അനിയത്തിയോടും തുടർന്ന് അമ്മയോടും വെളിപ്പെടുത്തി. അമ്മ ആദ്യം പെൺകുട്ടിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മാത്തർ ഡീ (Mater Dei) ആശുപത്രിയിലേക്കും കൊണ്ടുപോയി.
ക്രോസ് വിചാരണയിൽ, സംഭവത്തിന്റെ സമയത്തെക്കുറിച്ചും സാഹചര്യങ്ങളെക്കുറിച്ചും പെൺകുട്ടി മുമ്പ് നൽകിയ മൊഴികളിലെ വൈരുധ്യങ്ങൾ പ്രതിഭാഗം ചൂണ്ടിക്കാണിച്ചു. വർഷങ്ങൾ കഴിഞ്ഞതിനാലാണ് ചെറിയ മാറ്റങ്ങൾ വന്നതെന്നും, ആദ്യത്തെ ആക്രമണത്തിന്റെ ഓർമ്മകൾ മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചതാണെന്നും യുവതി വിശദീകരിച്ചു.
അഭിഭാഷകരായ മാരിയോ മിഫ്സുഡ്, നിക്കോളാസ് മിഫ്സുഡ് എന്നിവരാണ് പ്രതിക്ക് വേണ്ടി ഹാജരായത്. ജഡ്ജി കോൺസുലോ സ്കെറി ഹെറേറയാണ് വിചാരണയ്ക്ക് നേതൃത്വം നൽകിയത്.



