അന്തർദേശീയം

യു.എൻ ആസ്ഥാനത്ത് നെതന്യാഹുവിനെതിരെ വൻ പ്രതിഷേധം

ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ (UN General Assembly) അഭിസംബോധന ചെയ്യാനെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്തിന് മുന്നിൽ വൻ പ്രതിഷേധം. ഹോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ നിരവധി പേരെ ന്യൂയോർക്ക് പൊലീസ് അറസ്റ്റ് ചെയ്തു.

ഓസ്കർ പുരസ്കാര ജേതാവായ നടി സൂസൻ സറാൻഡൻ, എംമി അവാർഡ് ജേതാവ് ഹന്ന ഐൻബൈൻഡർ, ഡെമോക്രാറ്റിക് കോൺഗ്രഷണൽ സ്ഥാനാർഥി ദാരിയലിസ അവില ഷെവലിയർ, ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം ചി ഒസ്സെ തുടങ്ങിയ പ്രമുഖരാണ് അറസ്റ്റിലായത്. ഫലസ്തീൻ ജനതക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ‘ജൂയിഷ് വോയിസ് ഫോർ പീസ്’ (Jewish Voice for Peace) എന്ന ജൂത ആക്ടിവിസ്റ്റ് സംഘടനയുടെ നേതൃത്വത്തിലാണ് ഉപരോധ സമരം സംഘടിപ്പിച്ചത്.

‘ബോംബുകൾക്കല്ല, മനുഷ്യർക്ക് പണം നൽകുക” (Fund people not bombs), “യുദ്ധം വേണ്ട” (No war), “സ്വതന്ത്ര ഫലസ്തീൻ” (Free Palestine) എന്നീ മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്ത ഒരേപോലെയുള്ള വെള്ള ടി-ഷർട്ടുകൾ ധരിച്ച ഇരുനൂറോളം പ്രതിഷേധക്കാരാണ് യു.എൻ ആസ്ഥാനത്തിന് പുറത്ത് തടിച്ചുകൂടിയത്.

പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് പ്രദേശം വിട്ടുപോകാൻ പൊലീസ് നിർദ്ദേശം നൽകിയെങ്കിലും ഇവർ തെരുവിൽ കുത്തിയിരുന്ന് നെതന്യാഹുവിനെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. തുടർന്ന് പൊലീസുകാർ ഓരോരുത്തരെയായി പ്ലാസ്റ്റിക് സിപ്പ് ടൈകൾ ഉപയോഗിച്ച് കൈകൾ ബന്ധിച്ച് പൊലീസ് ബസുകളിലേക്ക് മാറ്റി.

‘ഞങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഗസ്സയിൽ ഒരു ജനസമൂഹത്തെ മുഴുവൻ ഇല്ലാതാക്കുന്നതിനെതിരെ ശബ്ദമുയർത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. യു.എന്നിന്റെ വേദി ഉപയോഗിച്ച് ഇത്തരം ക്രൂരതകളെ ന്യായീകരിക്കാൻ നെതന്യാഹുവിന് യാതൊരു അവകാശവുമില്ല,’ പ്രതിഷേധത്തിൽ പങ്കെടുത്ത യൂനിവേഴ്സിറ്റി പ്രൊഫസറായ മണിജെ മൊറാഡിയൻ വ്യക്തമാക്കി.

അതേസമയം, പ്രതിഷേധങ്ങൾക്കിടയിലും യു.എൻ പൊതുസഭയിൽ സംസാരിച്ച ബിന്യമിൻ നെതന്യാഹു ഇസ്രായേലിന്റെ സൈനിക നടപടികളെ ന്യായീകരിച്ചു. എന്നാൽ നെതന്യാഹു പ്രസംഗ പീഠത്തിലേക്ക് എത്തിയതോടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യു.എൻ ഹാൾ വിട്ടിറങ്ങി (വാക്കൗട്ട് നടത്തി). ആഗോളതലത്തിൽ ഇസ്രായേൽ നേരിടുന്ന നയതന്ത്ര ഒറ്റപ്പെടലിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു സഭയിലെ ഈ പ്രതിഷേധം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button