അന്തർദേശീയം

ബോർഡ് ഓഫ് പീസിന്റെ ഇരട്ടത്താപ്പ് : ഫിലിപ്പ് ലസാരിനി

ജെറുസലേം : തകർന്നടിഞ്ഞ ഗസ്സയെ പുനർനിർമിക്കാൻ അമേരിക്ക മുൻകൈയെടുത്ത് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ വേദിയിൽ ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎയ്ക്ക് ഇടമില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുമ്പോഴും, അണിയറയിൽ ഏജൻസിയുടെ സഹായം തേടാൻ നിർബന്ധിതരായി ഉദ്യോഗസ്ഥർ. യുഎൻആർഡബ്ല്യുഎയെ പൂർണമായി ഒഴിവാക്കിക്കൊണ്ട് ഗസ്സയിലെ ജനജീവിതം മുന്നോട്ട് കൊണ്ടുപോകാനോ പദ്ധതികൾ നടപ്പാക്കാനോ കഴിയില്ലെന്ന് ബോർഡിലെ അംഗങ്ങൾക്കും ഫലസ്തീൻ ഭരണസമിതിക്കും വ്യക്തമായി അറിയാമെന്ന് യുഎൻആർഡബ്ല്യുഎ മുൻ മേധാവി ഫിലിപ്പ് ലസാരിനി വെളിപ്പെടുത്തി.

ഹമാസ് ബന്ധം ആരോപിച്ച് യുഎൻആർഡബ്ല്യുഎയെ ഗസ്സയിൽ നിന്ന് പൂർണമായി പുറത്താക്കണമെന്നാണ് ഇസ്രായേലിന്റെ നിലപാട്. എന്നാൽ ഈ ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) വ്യക്തമാക്കിയത്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ട് ഒരു വർഷത്തോളമാകാറായിട്ടും ഗസ്സയിൽ കാര്യമായ പുനർനിർമാണ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ല. ഹമാസ് ആയുധം താഴെവെക്കാതെ ബോർഡ് ഓഫ് പീസ് നിയോഗിച്ച ഫലസ്തീൻ ടെക്നോക്രാറ്റിക് കമ്മിറ്റിയെ ഗസ്സയിലേക്ക് കടത്തിവിടില്ലെന്ന നിലപാടിലാണ് ഇസ്രായേൽ. ഈ പ്രതിസന്ധികൾക്കിടയിലും 11,000-ത്തോളം ഫലസ്തീൻ ജീവനക്കാരുമായി ഗസ്സയുടെ താഴെത്തട്ടിൽ സജീവമായി നിലകൊള്ളുന്നത് യുഎൻആർഡബ്ല്യുഎ മാത്രമാണ്. ഗസ്സയിലെ പബ്ലിക് ഹെൽത്ത് സംവിധാനത്തിന്റെ പകുതിയോളം കൈകാര്യം ചെയ്യുന്നതും, പ്രതിദിനം 14,000 മെഡിക്കൽ കൺസൾട്ടേഷനുകൾ നടത്തുന്നതും, ലക്ഷക്കണക്കിന് കുട്ടികൾക്ക് വിദ്യാഭ്യാസവും ശുദ്ധജലവും എത്തിക്കുന്നതും ഈ ഏജൻസിയാണ്. കുട്ടികളുടെ വായിലേക്ക് പോളിയോ തുള്ളിമരുന്ന് എത്തിക്കണമെങ്കിൽ പോലും ഈ ഏജൻസിയുടെ സാന്നിധ്യം അനിവാര്യമാണെന്ന് ലസാരിനി ഓർമിപ്പിച്ചു.

പരസ്യമായി യുഎൻആർഡബ്ല്യുഎയുടെ പേര് പരാമർശിക്കാൻ മടിക്കുന്ന ഫലസ്തീൻ കമ്മിറ്റിയും ബോർഡ് ഓഫ് പീസും രഹസ്യമായി പലതവണ തങ്ങളുമായി ചർച്ചകൾ നടത്തിയെന്നും ലസാരിനി വെളിപ്പെടുത്തുന്നു. ഗസ്സയുടെ ഭാവിഭരണത്തിനായി നിയോഗിക്കപ്പെട്ട സമിതിയുടെ തലവനായ മുൻ ഫലസ്തീൻ ഉപമന്ത്രി അലി ഷാത്ത്, ‘നിങ്ങളുടെ സഹായമില്ലാതെ എങ്ങനെ ലക്ഷ്യം കാണാനാകും എന്ന് തനിക്കറിയില്ല’ എന്ന് തന്നോട് നേരിട്ട് പറഞ്ഞതായി ലസാരിനി പറഞ്ഞു. ബോർഡ് ഓഫ് പീസിന്റെ പങ്കാളിയായ ടോണി ബ്ലെയർ ഇൻസ്റ്റിറ്റ്യൂട്ടും സഹായം അഭ്യർത്ഥിച്ച് യുഎൻആർഡബ്ല്യുഎയെ സമീപിച്ചിരുന്നു. എന്നാൽ ഏജൻസിയുടെ കാലം കഴിഞ്ഞുവെന്നും പരിശോധനകൾക്ക് വിധേയരായി ജീവനക്കാരെ നിലനിർത്താമെന്നുമാണ് ബോർഡ് ഓഫ് പീസ് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി നൽകുന്ന വിശദീകരണം.

ഗസ്സയിലെ നിസ്സഹായരായ മനുഷ്യരെ സഹായിച്ചതിന്റെ പേരിൽ തനിക്കെതിരെ വലിയ വ്യക്തിഹത്യകളും ഭീഷണികളും ഉണ്ടായതായും ലസാരിനി വെളിപ്പെടുത്തി. ജനീവയിലും ന്യൂയോർക്കിലും തെരുവിലിറങ്ങുമ്പോൾ പോലും ഇസ്രായേൽ അനുകൂല സംഘങ്ങൾ തന്നെ വേട്ടയാടിയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അനുഭവങ്ങൾ ഉൾപ്പെടുത്തി ‘എ വിറ്റ്നസ് ടു ഗസ്സ: വാട്ട് കാനോട്ട് ബി ഇറേസ്ഡ്’ എന്ന പുസ്തകം ഉടൻ പുറത്തിറങ്ങുമെന്നും മാർച്ച് 31-ന് വിരമിച്ച ലസാരിനി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button