അന്തർദേശീയം

‘യുഎസ്എസ് എബ്രഹാം ലിങ്കണിൽ’ എട്ട് സൈനികർ ജീവനൊടുക്കാൻ ശ്രമിച്ചതായി സ്ഥിരീകരണം

വാഷിങ്ടൺ ഡിസി : പശ്‌ചിമേഷ്യയിൽ ഇറാനെതിരായ ആക്രമണങ്ങൾക്കായി വിന്യസിച്ച അമേരിക്കയുടെ ആണവ യുദ്ധക്കപ്പലായ ‘യുഎസ്എസ് എബ്രഹാം ലിങ്കണിൽ’ എട്ട് സൈനികർ ജീവനൊടുക്കാൻ ശ്രമിച്ചതായി സ്ഥിരീകരണം. രണ്ട് നാവികർ കപ്പലിൽനിന്ന് കടലിലേക്ക് ചാടിയാണ് ആത്മഹത്യയ്ക്ക് തുനിഞ്ഞത്‌. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനുവേണ്ടി സെനറ്റർ കിർസ്റ്റൺ ഗില്ലിബ്രാൻഡിന് അയച്ച ഔദ്യോഗിക കത്തിൽ യുഎസ് ആക്ടിങ് നേവി സെക്രട്ടറി ഹങ് കാവോയാണ്‌ ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തിയത്.

ലോകത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലെന്ന്‌ അവകാശപ്പെടുന്ന ലിങ്കണിൽ അയ്യായിരത്തോളം സൈനികരാണുള്ളത്. 2025 നവംബറിൽ കലിഫോർണിയയിൽനിന്ന് ദക്ഷിണ ചൈനാക്കടലിലേക്ക് പതിവ് നിരീക്ഷണത്തിനായി പുറപ്പെട്ട കപ്പൽ, ഫെബ്രുവരി അവസാനം ഇറാനെതിരെ യുഎസ്-–ഇസ്രായേൽ സഖ്യം യുദ്ധം പ്രഖ്യാപിച്ചതോടെ പൂർണമായും യുദ്ധമുഖത്തായി. തുടർച്ചയായി 286 ദിവസം കരകാണാതെ കടലിൽ അകപ്പെട്ട സൈനികർ കടുത്ത മാനസിക സമ്മർദത്തിലായി. ദീർഘകാലത്തെ യുദ്ധസമ്മർദവും ഒറ്റപ്പെടലുമാണ് സൈനികരെ ആത്മഹത്യയുടെ വക്കിലെത്തിച്ചത്.

കടുത്ത യുദ്ധസാഹചര്യത്തിൽ സൈനികർക്ക് നൽകിയിരുന്ന ഭക്ഷണത്തിന്റെ അളവിലും വിഭവങ്ങളിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നതായും കത്തിൽ നാവികമേധാവി സമ്മതിക്കുന്നു. പ്രധാന വിഭവങ്ങളുടെ എണ്ണം പകുതിയാക്കി ചുരുക്കി. കപ്പലിലെ സൈനികരുടെ മാനസികാവസ്ഥ മോശമാണെന്ന വാർത്തകൾ പുറത്തുവന്നതിനെത്തുടർന്ന് കഴിഞ്ഞമാസം ‘യുഎസ്എസ് ജോർജ് വാഷിങ്ടൺ’ എത്തിച്ചാണ് ലിങ്കണെ യുദ്ധമുഖത്തുനിന്ന് മാറ്റിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button