കടലിൽ നീന്തുന്നതിനിടെ അഞ്ച് പേർ അപകടത്തിൽപ്പെട്ടു; മുന്നറിയിപ്പുമായി സിവിൽ പ്രൊട്ടക്ഷൻ

കടലിൽ നീന്തുന്നതിനിടെ അഞ്ചുപേർ അപകടത്തിൽപെട്ടു. ബുധനാഴ്ചയുണ്ടായ അപകടത്തിൽപ്പെട്ടവർ എല്ലാവരും രക്ഷപ്പെട്ടെങ്കിലും, കടൽ എത്രപെട്ടെന്നാണ് അപകടകാരിയാകുന്നതെന്നതിന്റെ വ്യക്തമായ മുന്നറിയിപ്പാണ് ഈ സംഭവങ്ങളെന്ന് മാൾട്ട സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
മാറ്റെർ ഡെയ് ആശുപത്രിയിലെ എമർജൻസി വിഭാഗവും സിവിൽ പ്രൊട്ടക്ഷൻ ടീമും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചില സന്ദർഭങ്ങളിൽ പ്രദേശവാസികളും സഹായവുമായെത്തി.
കാലാവസ്ഥാ വ്യതിയാനം മൂലം കടൽ പ്രക്ഷുബ്ധമാകാനും ശക്തമായ അടിഒഴുക്കുകൾ രൂപപ്പെടാനും സാധ്യതയുണ്ടെന്ന് സിവിൽ പ്രൊട്ടക്ഷൻ മുന്നറിയിപ്പ് നൽകി. പ്രാദേശിക കടൽത്തീരങ്ങളെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും വ്യക്തമായ ധാരണയില്ലാത്ത വിനോദസഞ്ചാരികൾ നീന്താനിറങ്ങുന്നതിന് മുൻപ് കാലാവസ്ഥാ പ്രവചനങ്ങൾ കൃത്യമായി പരിശോധിക്കണം. കടൽ പ്രക്ഷുബ്ധമാകുന്ന സാഹചര്യങ്ങളിൽ വെള്ളത്തിലിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
തീരത്തുള്ള ലൈഫ് ഗാർഡുമാരുടെയും ഭരണകൂടത്തിന്റെയും നിർദേശങ്ങൾ പാലിക്കാനും മുന്നറിയിപ്പ് ഫ്ലാഗുകൾ ശ്രദ്ധിക്കാനും കടൽത്തീരങ്ങളിൽ കുട്ടികളെ സദാസമയവും നിരീക്ഷിക്കാനും നിർദേശമുണ്ട്. കടലിൽ ആരെങ്കിലും അപകടത്തിൽപെട്ടതായി കണ്ടാൽ ഉടൻ തന്നെ 112 എന്ന നമ്പറിൽ ബന്ധപ്പെടുക. സ്വന്തം ജീവനെയോ മറ്റുള്ളവരുടെ ജീവനെയോ അപകടത്തിലാക്കുന്ന രീതിയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് മുതിരരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.



