എയർ മാൾട്ടയിലെ ‘സീറോ അവർ’ കരാർ റദ്ദാക്കൽ; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നാഷണലിസ്റ്റ് പാർട്ടി

പാർട്ട് ടൈം ജീവനക്കാരെ ജോലി നൽകാതെ ഒഴിവാക്കിയ (Zero hours) എയർ മാൾട്ടയുടെ നടപടി അന്യായമായ പിരിച്ചുവിടലാണെന്ന കോർട്ട് ഓഫ് അപ്പീൽ വിധിക്ക പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷമായ നാഷണലിസ്റ്റ് പാർട്ടി (PN). തൊഴിലാളി ക്ഷേമത്തെക്കുറിച്ച് ലെബർ പാർട്ടി സംസാരിക്കുന്നതെല്ലാം വെറും വാചകമടിയാണെന്ന് ഈ സംഭവം തെളിയിക്കുന്നതായി പാർട്ടി ആരോപിച്ചു.
സർക്കാർ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു പൊതുമേഖലാ സ്ഥാപനം തൊഴിലാളികളോട് കാട്ടിയ ഈ അനീതിക്ക് രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ പരസ്യമായി വെളിപ്പെടുത്തണമെന്നും വിക്രം വ്യക്തമാക്കി. ജീവനക്കാർക്ക് അർഹമായ ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്നും മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പിഎൻ ആവശ്യപ്പെട്ടു.
പാർട്ട് ടൈം ജീവനക്കാരെ പിരിച്ചുവിട്ടതായി ഔദ്യോഗികമായി അറിയിക്കാതെ, അവർക്ക് ജോലി ഷിഫ്റ്റുകൾ നൽകാതെ അനിശ്ചിതാവസ്ഥയിലാക്കാൻ എയർ മാൾട്ടയ്ക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
സീറോ-അവർ കരാറുകൾ നിരോധിച്ചുവെന്നും തൊഴിൽ ഇടങ്ങളിലെ അന്തസ്സ് വിട്ടുവീഴ്ചയില്ലാത്തതാണെന്നും ഈ ഏപ്രിലിൽ സർക്കാർ അവകാശപ്പെട്ടിരുന്നതായി നാഷണലിസ്റ്റ് പാർട്ടി ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ അവകാശ സംരക്ഷകരായി നടിക്കുകയും, അതേസമയം തങ്ങൾ നിരോധിച്ചുവെന്ന് അവകാശപ്പെടുന്ന കരാറുകൾ ഉപയോഗിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ ജീവനക്കാരെ ചൂഷണം ചെയ്യുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.
2022-ലാണ് ഈ കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. സുതാര്യവും പ്രവചനീയവുമായ തൊഴിൽ വ്യവസ്ഥകൾ ഉറപ്പാക്കുന്ന യൂറോപ്യൻ യൂണിയൻ നിർദ്ദേശങ്ങൾ രാജ്യത്ത് നടപ്പിലാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ച അതേവർഷം നവംബറിൽ, എയർ മാൾട്ടയിലെ സ്ഥിരം ഷിഫ്റ്റുകൾ ചെയ്തിരുന്ന ജീവനക്കാർക്ക് പെട്ടെന്ന് ജോലിയൊന്നും നൽകാതാവുകയായിരുന്നു. ഇവരുടെ കമ്പനി സിസ്റ്റം ആക്‌സസ് റദ്ദാക്കുകയും എയർപോർട്ട് പാസുകൾ തിരികെ വാങ്ങുകയും ചെയ്തു.
എന്നാൽ, കരാർ പ്രകാരം സീറോ-അവർ ജോലി നൽകാൻ കമ്പനിക്ക് അധികാരമുണ്ടെന്നും അതിനാൽ ഇവരെ പിരിച്ചുവിട്ടിട്ടില്ലെന്നുമായിരുന്നു എയർ മാൾട്ടയുടെ വാദം. എന്നാൽ അപ്പീൽ കോടതി ഈ വാദം പൂർണ്ണമായും തള്ളിക്കളഞ്ഞു. തൊഴിലാളികൾക്ക് അർഹമായ നീതിയും ബഹുമാനവും വാക്കുപാലിക്കുന്ന ഒരു സർക്കാരിനെയുമാണ് ആവശ്യമെന്നും പ്രതിപക്ഷം പ്രസ്താവനയിൽ പറഞ്ഞു.



