മാൾട്ടാ വാർത്തകൾ

70 വർഷമായി പ്രവർത്തിച്ചു വന്നിരുന്ന വാലറ്റയിലെ പാർട്ടി ഓഫീസ് ഒഴിയാൻ ലേബർ പാർട്ടിക്ക് വാടക നിയന്ത്രണ ബോർഡിന്റെ ഉത്തരവ്

വാലറ്റയിൽ മാസം വെറും 50 യൂറോയിൽ താഴെ മാത്രം വാടക നൽകി കഴിഞ്ഞ 70 വർഷമായി പ്രവർത്തിച്ചു വന്നിരുന്ന വാലറ്റയിലെ (Valletta) പാർട്ടി ഓഫീസ് കെട്ടിടം ഒഴിയാൻ ലേബർ പാർട്ടിക്ക് വാടക നിയന്ത്രണ ബോർഡിന്റെ (Rent Regulation Board) ഉത്തരവ്. ഈ വാടക കരാർ കെട്ടിട ഉടമകളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഭരണഘടനാ കോടതി കണ്ടെത്തുകയും, ഉടമകൾക്ക് 2,54,000 യൂറോയിലധികം നഷ്ടപരിഹാരം നൽകാൻ ഭരണകൂടത്തോട് ഉത്തരവിടുകയും ചെയ്തതിന് ഏഴ് മാസത്തിന് ശേഷമാണ് പുതിയ വിധി എത്തിയിരിക്കുന്നത്.

ഏഴ് പതിറ്റാണ്ട് മുമ്പ് ലേബർ പാർട്ടിക്ക് കെട്ടിടം വാടകയ്ക്ക് നൽകിയ വ്യക്തിയുടെ മക്കളും പേരമക്കളുമാണ് ഇപ്പോൾ ഇതിന്റെ പ്രധാന ഉടമസ്ഥർ. എന്നാൽ, ഈ കെട്ടിടത്തിന്റെ 4% ഓഹരി വിഹിതം ലേബർ പാർട്ടിയുടെ കൈവശവുമുണ്ട്. നിലവിലെ പ്രസിഡന്റായ മിറിയം സ്പിറ്റേരി ഡിബോണോ (Myriam Spiteri Debono) പദവി ഏൽക്കുന്നതിന് മുമ്പ് 2004-ൽ നോട്ടറൈസ് ചെയ്ത കരാറിലൂടെയാണ് പാർട്ടി ഈ വിഹിതം സ്വന്തമാക്കിയത്.

ലേബർ പാർട്ടിയൊഴികെയുള്ള മറ്റ് കെട്ടിട ഉടമകൾ 2023-ൽ ലേബർ പാർട്ടിക്കും അവരുടെ വാലറ്റ കമ്മിറ്റി, സ്റ്റേറ്റ് അഡ്വക്കേറ്റ് എന്നിവർക്കെതിരെ ഭരണഘടനാ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഉടമകളുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടതായി കോടതി കണ്ടെത്തിയത്. ഇതേത്തുടർന്ന് ഉടമകൾക്ക് 2,54,307 യൂറോ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. എന്നാൽ ഈ തുക ലേബർ പാർട്ടിക്ക് പകരമായി ഭരണകൂടമാണ് നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി.

കേസ് നടപടികൾക്കിടെ, കോടതി നിയോഗിച്ച മൂല്യനിർണ്ണയ സമിതി 2022-ൽ ഈ കെട്ടിടത്തിന്റെ ന്യായമായ പ്രതിവർഷ വാടക 40,000 യൂറോയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ലേബർ പാർട്ടി വർഷത്തിൽ ആകെ നൽകിയിരുന്നത് 600 യൂറോ മാത്രമായിരുന്നു (യഥാർത്ഥ വാടകയുടെ 66-ൽ ഒരു ഭാഗം മാത്രം). എന്നാൽ, അന്ന് ഉടമകൾക്ക് അനുകൂലമായി വിധി വരികയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും, കെട്ടിടം ഒഴിയാൻ ലേബർ പാർട്ടിക്ക് ഭരണഘടനാ കോടതി നിർദ്ദേശം നൽകിയിരുന്നില്ല.

തുടർന്ന് ഉടമകൾ വാടക നിയന്ത്രണ ബോർഡിനെ (Rent Regulation Board) സമീപിക്കുകയും അഞ്ച് പ്രധാന ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തു. നിലവിലെ വാടക നിയമങ്ങളുടെ സംരക്ഷണം പിടിച്ച് ലേബർ പാർട്ടി കെട്ടിടത്തിൽ തുടരുന്നത് തടയുക, തുച്ഛമായ വാടകയ്ക്ക് കെട്ടിടം നൽകാൻ ഉടമകളെ നിർബന്ധിക്കരുതെന്ന് പ്രഖ്യാപിക്കുക, അനധികൃതമായി കെട്ടിടത്തിൽ തുടരുന്നത് തങ്ങൾക്ക് കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു എന്ന് വ്യക്തമാക്കുക, ചുരുങ്ങിയ സമയത്തിനകം ലേബർ പാർട്ടിയെ ഒഴിപ്പിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.

എന്നാൽ ഇതിലെ ചില ആവശ്യങ്ങൾ ബോർഡ് തള്ളി. വാടക നിയമങ്ങളുടെ ഭരണഘടനാപരമായ സാധുത പരിശോധിക്കുന്നത് ഭരണഘടനാ കോടതിയുടെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബോർഡ് ഇത് നിരസിച്ചത്.

അതേസമയം, കെട്ടിടത്തിന്റെ 4% വിഹിതം ലേബർ പാർട്ടിയുടെ കൈവശമുള്ളതിനാൽ ബാക്കി ഉടമകൾക്ക് പാർട്ടിയെ ഒഴിപ്പിക്കാൻ അവകാശമുണ്ടോ എന്ന കാര്യവും ബോർഡ് പരിശോധിച്ചു. മുൻകാല കേസുകളിലെ വിധികൾ ചൂണ്ടിക്കാട്ടി, പാർട്ടിയുടെ ചെറിയ ഓഹരി പങ്കാളിത്തം മറ്റ് ഉടമകൾക്ക് കെട്ടിടത്തിന്റെ അവകാശം തിരികെ ലഭിക്കുന്നതിന് തടസ്സമല്ലെന്ന് ബോർഡ് നിരീക്ഷിച്ചു.

ഇതിനെത്തുടർന്ന്, റിപ്പബ്ലിക് സ്ട്രീറ്റിലുള്ള ക്ലബ്ബ് കെട്ടിടം 30 ദിവസത്തിനകം ഒഴിഞ്ഞുകൊടുക്കാൻ ലേബർ പാർട്ടിക്ക് ബോർഡ് ഉത്തരവ് നൽകി. വിധിയിൽ അപ്പീൽ നൽകാൻ അവസരമുണ്ട്. മജിസ്‌ട്രേറ്റ് ക്ലോഡിയോ സമീറ്റ് (Claudio Zammit) ആണ് വാടക നിയന്ത്രണ ബോർഡിന്റെ ഈ വിധി പ്രഖ്യാപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button