അന്തർദേശീയം

സൗദിയിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ ഹൂതി ആക്രമണം

ഏതൻസ് : ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങളിൽ നിന്ന് അമേരിക്ക താൽക്കാലികമായി പിന്മാറിയെങ്കിലും പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ മേഖലകളിലേക്ക് പടരുന്നു. ചെങ്കടൽ തീരത്തുള്ള സൗദി അറേബ്യൻ എണ്ണകേന്ദ്രങ്ങൾക്ക് നേരെ യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ ശക്തമായ ആക്രമണം നടത്തി. ഇതിനിടെ, കാസ്പിയൻ കടലിൽ വെച്ച് തങ്ങളുടെ കപ്പലിന് നേരെ ഉക്രൈൻ ആക്രമണം നടത്തിയെന്ന ആരോപണവുമായി ഇറാനും രംഗത്തെത്തി.

സൗദിയിലെ പ്രമുഖ എണ്ണ കമ്പനിയായ അറാംകോയുടെ ജിസാൻ, യാൻബു എന്നീ നഗരങ്ങളിലെ കേന്ദ്രങ്ങൾക്ക് നേരെയാണ് ഹൂതികളുടെ ആക്രമണുണ്ടായത്. ജിസാനിലെ എണ്ണ ശുദ്ധീകരണ ശാലയിൽ നിന്ന് വൻതോതിൽ പുകയുയരുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. യാൻബുവിൽ എണ്ണകേന്ദ്രങ്ങളെ ലക്ഷ്യമിട്ടെത്തിയ രണ്ട് മിസൈലുകൾ സൗദി പ്രതിരോധ സേന തകർത്തു.

ഇതോടെ 2022 മുതൽ യെമനിൽ നിലനിന്നിരുന്ന വെടിനിർത്തൽ പൂർണമായും തകർന്നു. സൗദി പിന്തുണയുള്ള യെമൻ സർക്കാരും ഹൂതികളും തമ്മിൽ വീണ്ടും പോരാട്ടം ശക്തമായി. കാസ്പിയൻ കടലിലെ ഇറാനിയൻ വാണിജ്യ കപ്പലിന് നേരെ ഉക്രൈൻ നടത്തിയ ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ അറിയിച്ചു. സംഭവത്തിൽ ഉക്രൈൻ പ്രതിനിധിയെ വിളിപ്പിച്ചുവരുത്തി ഇറാൻ പ്രതിഷേധം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button