മാൾട്ടാ വാർത്തകൾ

ജൂലൈയിലെ ഉഷ്ണതരംഗം: സൂര്യാഘാതവും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും മൂലം 20 മരണം; സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി

ജൂലൈയിലുണ്ടായ കടുത്ത ഉഷ്ണതരംഗത്തിനിടെ സൂര്യാഘാതവും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും (Hyperthermia) കാരണം 20 പേർ മരണപ്പെട്ടതായി ആരോഗ്യ മന്ത്രി ഇയാൻ ബോർഗ് പാർലമെന്റിൽ സ്ഥിരീകരിച്ചു. എം.പി ഡാരൻ കാരബോട്ട ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഉഷ്ണതരംഗത്തെ തുടർന്ന് എത്രപേർ ആശുപത്രിയിൽ ചികിത്സ തേടിയെന്നും ഇതിൽ എത്ര മരണങ്ങൾ സംഭവിച്ചുവെന്നും വ്യക്തമാക്കാനാണ് എം.പി ചോദ്യമുന്നയിച്ചത്.

ശരീരത്തിലെ താപനില പരിധിയിലധികം ഉയരുകയും സ്വയം തണുപ്പിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്ന അവസ്ഥയാണ് ഹൈപ്പർതെർമിയ അഥവാ സൂര്യാഘാതം. ഉയർന്ന താപനിലയിൽ തുടർച്ചയായി നിൽക്കുന്നത് മൂലമോ, കഠിനമായ ശാരീരിക അധ്വാനം കൊണ്ടോ ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ കാരണമോ ഇത് സംഭവിക്കാം.

ഉഷ്ണതരംഗ കാലയളവിൽ ഹൈപ്പർതെർമിയ ലക്ഷണങ്ങളോടെ 179 പേരെ മാറ്റർ ഡെയ് ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി മന്ത്രി പറഞ്ഞു. ഇതിൽ 79 പേരെ തുടർന്നുള്ള വിദഗ്ധ ചികിത്സയ്ക്കായി വാർഡുകളിലേക്ക് മാറ്റി. ഇവരിൽ 20 പേരാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

എന്നാൽ, മരണമടഞ്ഞ 20 പേർക്കും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ (underlying medical conditions) മുൻപേ ഉണ്ടായിരുന്നുവെന്നും ഇത് മരണത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങളിൽ ഒന്നാകാമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ജൂലൈയിൽ താപനില 41 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുമുൻപത്തെ ആഴ്ചയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button