തെരുവിൽ വിസർജിക്കുന്നയാളുടെ ചിത്രം പതിച്ച സ്റ്റിക്കർ; ഓസ്ട്രേലിയയിൽ ഇന്ത്യക്കാർക്കെതിരെ വിദ്വേഷ പ്രചാരണം

സിഡ്നി : ഓസ്ട്രേലിയയിൽ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് വംശീയ വിദ്വേഷം പരത്തുന്ന സ്റ്റിക്കറുകൾ വ്യാപകമാകുന്നു. ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ ഇന്ത്യൻ ഭക്ഷ്യോത്പന്നങ്ങളുടെ പായ്ക്കറ്റുകളിലാണ് സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുള്ളത്. ന്യൂ സൗത്ത് വെയ്ൽസിലെ ഹണ്ടർ മേഖലയിലുള്ള സെസ്നോക്കിലാണ് സ്റ്റിക്കറുകൾ വ്യാപകമായി പ്രചരിച്ചിട്ടുള്ളത്.
ഇന്ത്യൻ യുവാവ് തെരുവിൽ തുറസായ സ്ഥലത്തിരുന്ന് വിസർജിക്കുന്നതിന്റെ ചിത്രമാണ് സ്റ്റിക്കറിൽ ഉള്ളത്. ‘ഇതാണോ നിങ്ങളുടെ സംസ്കാരം? ഞങ്ങൾക്കിത് ഇഷ്ടമല്ല’ എന്നും സ്റ്റിക്കറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഓസ്ട്രേലിയയുടെ ജനസംഖ്യയിൽ 32 ശതമാനം പേരും വിദേശികളാണെന്നും അതിൽ ഇന്ത്യയാണ് മുന്നിലെന്നും അവരെ ഇപ്പോൾ തന്നെ തിരിച്ചയയ്ക്കണമെന്നും സ്റ്റിക്കറിൽ എഴുതിയിട്ടുണ്ട്. സംഭവത്തെ ഫെഡറൽ എംപി ഡേവിഡ് റെപച്ചോളി അപലപിച്ചു. വിദ്വേഷം പ്രചരിപ്പിക്കുന്ന ഇത്തരം ശ്രമങ്ങൾ ഉണ്ടാവരുതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ഇന്ത്യക്കാർക്കെതിരെ സമൂഹമാധ്യമങ്ങളിലും വിദ്വേഷ പ്രചാരണം തുടരുന്നുണ്ട്. സൂപ്പർമാർക്കറ്റുകളിൽ ഇന്ത്യൻ ഭക്ഷ്യോത്പന്നങ്ങളുടെ കവറുകളിൽ പതിച്ചിട്ടുള്ള സ്റ്റിക്കറുകളുടെ ദൃശ്യങ്ങൾ കുടിയേറ്റ വിരുദ്ധ നേതാവ് ബെക് ഫ്രീഡം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഒരു ക്യുആർ കോഡും സ്റ്റിക്കറിലുണ്ട്. ഇത് സ്കാൻ ചെയ്താൽ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കണമെന്ന് വാദിക്കുന്നവരുടെ ഫൈറ്റ് ഫോർ ഓസ്ട്രേലിയ എന്ന ക്യാംപെയ്നിന്റെ പേജിൽ എത്തുമെന്നും ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.



