മാൾട്ടാ വാർത്തകൾ

കരിങ്കടലിൽ മാൾട്ട പതാകയേന്തിയ കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; നാല് ജീവനക്കാര്‍ക്ക് പരിക്ക്

കരിങ്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന മാൾട്ടയുടെ പതാകയേന്തിയ കപ്പലിന് നേരെ ഡ്രോൺ ആക്രമണം. ചൊവ്വാഴ്ച പുലർച്ചെ 1:30 ഓടെയാണ് എം/വി ചെൽസി-3 (M/V Chelsea-3) എന്ന കപ്പലിന് നേരെ മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടന്നതായിയാണ് റിപ്പോര്‍ട്ട്. 7 ഉക്രേനിയൻ പൗരന്മാരും 8 അസർബൈജാനി പൗരന്മാരും അടക്കം ആകെ 15 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. മാൾട്ടയുടെ വിദേശകാര്യ മന്ത്രി ക്രിസ് ഫിയേണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. കപ്പലിലെ മുഴുവൻ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. പരിക്കേറ്റ നാല് ജീവനക്കാര്‍ക്ക് വൈദ്യസഹായം ലഭ്യമാക്കിയിട്ടുണ്ട്.

തന്റെ എക്സ് (X) അക്കൗണ്ടിലൂടെയാണ് ഫിയേണ്‍ ആക്രമണ വാര്‍ത്ത പങ്കുവെച്ചത്. സംഭവത്തെ ശക്തമായി അപലപിച്ച അദ്ദേഹം, സമുദ്ര സുരക്ഷയും തർക്കങ്ങളും നിയന്ത്രിക്കുന്ന യു.എൻ.സി.എൽ.ഒ.എസ് (UNCLOS) തത്വങ്ങൾ അനുസരിച്ച് സുരക്ഷിതമായ സമുദ്രയാത്രാ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിച്ചു.

അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ബൾഗേറിയൻ തീരത്തിന് സമീപം രണ്ട് കപ്പലുകൾക്ക് നേരെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. മാൾട്ടയുടെ പതാകയേന്തിയ ചെൽസി-3 കപ്പലിലെ ജീവനക്കാരെ വിജയകരമായി രക്ഷപ്പെടുത്തിയെങ്കിലും, രണ്ടാമത്തെ കപ്പൽ ആക്രമണത്തെ തുടർന്ന് മുങ്ങിപ്പോയി.

മുങ്ങിയ കപ്പലിലെ ഒരു ജീവനക്കാരനെ രക്ഷപ്പെടുത്തിയതായി ബൾഗേറിയൻ പ്രധാന മന്ത്രി റുമെൻ റാദേവ് അറിയിച്ചു. കപ്പലിലുണ്ടായിരുന്ന മറ്റ് ജീവനക്കാരുടെ അവസ്ഥയെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല.

ആക്രമണത്തെ “തികച്ചും സ്വീകാര്യമല്ലാത്തത്” എന്ന് വിശേഷിപ്പിച്ച റാദേവ്, കുറ്റക്കാരെ കണ്ടെത്താൻ ആവശ്യമായ തെളിവുകൾ ബൾഗേറിയൻ അധികാരികളുടെ പക്കലില്ലെന്ന് വ്യക്തമാക്കി നാറ്റോയുടെയും (NATO) യൂറോപ്യൻ യൂണിയന്റെയും (EU) സഹായം അഭ്യർത്ഥിച്ചു. സംഭവവുമായി ബന്ധപ്പെട്ട് റഷ്യൻ അംബാസഡർ എലീനൊറ മിട്രൊഫാനോവയെ സോഫിയയിലേക്ക് വിളിച്ചുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button